Sorry, you need to enable JavaScript to visit this website.

ഐ.പി.എൽ: നേട്ടവും നഷ്ടവും

ഏതൊക്കെ കളിക്കാർക്കായി ചെലവിട്ട പണം ഫ്രാഞ്ചൈസികൾക്ക് മുതലായി, ആരൊക്കെ നിരാശപ്പെടുത്തി...

പണം മുതലായത്
ജോണി ബെയർസ്‌റ്റൊ (സൺറൈസേഴ്‌സ് ഹൈദരാബാദ്, 2.2 കോടി രൂപ)
മത്സരം:10, റൺസ് 445, ശരാശരി 55.62, സ്‌ട്രൈക്ക് റൈറ്റ് 157.24, ക്യാച്ച് 9, സ്റ്റമ്പിംഗ് 2)

സൺറൈസേഴ്‌സ് ഹൈദരാബാദിന് എന്തുകൊണ്ടും ചെലവിട്ട തുക മുതലായി. അരങ്ങേറ്റ ഐ.പി.എൽ സീസണിൽ ബെയര്‍‌സ്റ്റോയേക്കാൾ കൂടുതൽ ആരും സ്‌കോർ ചെയ്തിട്ടില്ല. ഈ സീസണിൽ തന്നെ മുന്നൂറിലേറെ റൺസെടുത്തവരിൽ ബെയർസ്‌റ്റോയേക്കാൾ സ്‌ട്രൈക്ക് റൈറ്റുള്ള മൂന്നു പേരേയുള്ളൂ -ഹാർദിക് പാണ്ഡ്യയും ആന്ദ്രെ റസ്സലും റിഷഭ് പന്തും. ഡേവിഡ് വാണറുമൊത്തുള്ള ഓപണിംഗ് കൂട്ടുകെട്ടിൽ ബെയർസ്റ്റൊ നേടിയത് 791 റൺസായിരുന്നു. അതിൽ നാല് സെഞ്ചുറി കൂട്ടുൂകെട്ടുകളും മൂന്ന് അർധ സെഞ്ചുറി കൂട്ടുകെട്ടുകളുമുണ്ട്. 

ഇശാന്ത് ശർമ (ദൽഹി കാപിറ്റൽസ്, 1.1 കോടി രൂപ)
മത്സരം: 13, വിക്കറ്റ് 13, ശരാശരി 26.84, എക്കണോമി 7.58
2018 ലെ ലേലത്തിൽ ഇശാന്തിനെ വാങ്ങാൻ ആളുണ്ടായിരുന്നില്ല. ഇത്തവണ സ്വന്തം നാടായ ദൽഹിക്കു വേണ്ടി ടെസ്റ്റിലെ ഫോം ട്വന്റി20 യിലും ആവർത്തിച്ചു. പ്രധാനമായും പവർ പ്ലേയിൽ പന്തെറിഞ്ഞ ഇശാന്ത് ആ ഘട്ടത്തിൽ 6.85 എക്കണോമി നിരക്കിൽ എട്ട് വിക്കറ്റെടുത്തു. തന്റെ പുതിയ ആയുധമായ നക്ക്ൾ ബോൾ കൊണ്ട് ഇശാന്ത് ബാറ്റ്‌സ്മാന്മാരെ വെള്ളം കുടിപ്പിച്ചു. ഇശാന്ത് പവർപ്ലേയിൽ കരുത്തു കാട്ടിയതിനാലാണ് കഗീസൊ റബാദയെ അവസാന ഓവറുകളിൽ ഉപയോഗിക്കാൻ ദൽഹിക്കു സാധിച്ചത്. 

കീമൊ പോൾ (ദൽഹി കാപിറ്റൽസ്, 50 ലക്ഷം രൂപ)
മത്സരം: 8, വിക്കറ്റ് 9, ശരാശരി 26.33, എക്കണോമി 8.72
റബാദ, ഇശാന്ത്, അമിത് മിശ്ര, അക്‌സർ പട്ടേൽ എന്നിവർ നയിച്ച ദൽഹി ബൗളിംഗിൽ അഞ്ചാം ബൗളറെന്ന നിലയിൽ മികവുറ്റ പ്രകടനമാണ് കീമൊ പോൾ കാഴ്ച വെച്ചത്. സൺറൈസേഴ്‌സിനെതിരെയായിരുന്നു കീമോയുടെ മികച്ച ബൗളിംഗ്. 17 റൺസിന് മൂന്നു വിക്കറ്റ്. എലിമിനേറ്ററിൽ മൂന്നു വിക്കറ്റെടുത്തതിനു പിന്നാലെ വിജയ ബൗണ്ടറിയും സ്‌കോർ ചെയ്തു. 

റിയാൻ പരാഗ് (രാജസ്ഥാൻ റോയൽസ്, 20 ലക്ഷം രൂപ)
മത്സരം: 7, റൺസ് 160, ശരാശരി 32, സ്‌ട്രൈക്ക് റൈറ്റ് 127, വിക്കറ്റ് 2, ശരാശരി 60.50, എക്കോണമി 8.64
ഈ സീസണിന്റെ കണ്ടെത്തലാണ് പതിനേഴുകാരനായ റയാൻ. മുംബൈ ഇന്ത്യൻസിനെതിരായ ചെയ്‌സിൽ ശാന്തനായി 29 പന്തിൽ 43 റൺസടിച്ചത് വൻ ശ്രദ്ധ പിടിച്ചുപറ്റി. കൊൽക്കത്തക്കെതിരെ 47 റൺസും ദൽഹിക്കെതിരെ 50 റൺസും സ്‌കോർ ചെയ്തു. ഐ.പി.എല്ലിലെ പ്രായം കുറഞ്ഞ അർധ സെഞ്ചൂറിയനായി. ലെഗ്‌ബ്രെയ്ക്കും ഗൂഗ്ലിയും മുതൽ കാരം ബോളും കട്ടറുകളും വരെ ബൗൾ ചെയ്യാനാവുമെന്നും റയാൻ തെളിയിച്ചു. 

എം. അശ്വിൻ (പഞ്ചാബ് കിംഗ്‌സ് ഇലവൻ, 20 ലക്ഷം രൂപ)
മത്സരം: 10, വിക്കറ്റ് 5, ശരാശരി 51, എക്കണോമി 7.50

10 കളികളിൽ അഞ്ച് വിക്കറ്റ് വലിയ നേട്ടമല്ല. എന്നാൽ മുജീബുറഹ്്മാനും വരുൺ ചക്രവർത്തിയും നിരാശപ്പെടുത്തിയതോടെ പഞ്ചാബ് നായകൻ ആർ. അശ്വിന് ആശ്രയമായത് എം. അശ്വിനാണ്. ബാറ്റ്‌സ്മാന്മാരെ മിക്കപ്പോഴും അശ്വിൻ വരിഞ്ഞുകെട്ടി. മുംബൈക്കെതിരെ 25 റൺസിന് രണ്ടു വിക്കറ്റെടുത്ത് വിജയശിൽപിയായി. 

പണം പാഴായത്

ജയ്‌ദേവ് ഉനാദ്കത് (രാജസ്ഥാൻ റോയൽസ്, 8.4 കോടി രൂപ)
മത്സരം: 11, വിക്കറ്റ് 10, ശരാശരി 39.80, എക്കണോമി 10.66
ഐ.പി.എൽ 2019 ൽ ഏറ്റവും വില കിട്ടിയ കളിക്കാരനായ ഉനാദ്കത് 2018 ലെ മോശം പ്രകടനത്തിന്റെ കറ മായ്ച്ചുകളയുമെന്ന വാഗ്ദാനത്തോടെയാണ് തുടങ്ങിയത്. തുടർച്ചയായ രണ്ടാം സീസണിലും ഉനാദ്കത് നിരാശപ്പെടുത്തി. ഡെത്ത് ഓവറുകളിൽ എതിരാളികളെ വെള്ളം കുടിപ്പിക്കുന്ന ഇടങ്കൈയൻ എന്ന നിലയിലാണ് രാജസ്ഥാൻ ഉനാദ്കത്തിനെ കണ്ടത്. എന്നാൽ 11 കളികളിൽ മൂന്നു തവണ മാത്രമാണ് ഒമ്പതിൽ താഴെ നിരക്കിൽ റൺസ് വഴങ്ങിയത്. ഒന്നിലേറെ വിക്കറ്റെടുത്തത് ഒരിക്കൽ മാത്രമാണ്. 

വരുൺ ചക്രവർത്തി (പഞ്ചാബ് കിംഗ്‌സ് ഇലവൻ, 8.4 കോടി രൂപ
മത്സരം: 1, വിക്കറ്റ് 1, ശരാശരി 35, എക്കണോമി 11.66
തമിഴ്‌നാട് പ്രീമിയർ ലീഗിലെ വൈവിധ്യവും ആകർഷകവുമായ കളിയാണ് വരുണിന് വൻ കരാർ നേടിക്കൊടുത്തത്. എന്നാൽ ചുമൽ വേദന കാരണം തുടക്കത്തിൽ കളിക്കാനായില്ല. അവസാനം അരങ്ങേറിയത് സുനിൽ നരേന്റെ മുന്നിലാണ്. കൊൽക്കത്ത താരം വരുണിനെ നിലത്തുനിർത്തിയില്ല. ആദ്യ ഓവറിൽ 25 റൺസ് വഴങ്ങി. ഐ.പി.എല്ലിലെ ഏറ്റവും മോശം അരങ്ങേറ്റം. വൈകാതെ പരിക്കേറ്റ് ടൂർണമെന്റിൽ നിന്ന് പിന്മാറി. 

കോളിൻ ഇൻഗ്രാം (ദൽഹി കാപിറ്റൽസ്, 6.4 കോടി രൂപ)
മത്സരം: 12, റൺസ് 184, ശരാശരി 184, സ്‌ട്രൈക്ക് റൈറ്റ് 119.48
വിവിധ ട്വന്റി20 ലീഗുകളിൽ മൂന്നാമനായി ഇറങ്ങിയാണ് ഇൻഗ്രാം പേരെടുത്തത്. എന്നാൽ ദൽഹിക്ക് നല്ല ബാറ്റിംഗ് നിരയുള്ളതിനാൽ അഞ്ചാമനായാണ് കളിച്ചത്. വാലറ്റത്ത് ഒന്നും ചെയ്യാൻ ഇൻഗ്രാമിന് സാധിച്ചില്ല. രണ്ടു തവണ മുൻനിരയിൽ കളിച്ചപ്പോൾ 32 പന്തിൽ 47 റൺസും 21 പന്തിൽ 22 റൺസും സ്‌കോർ ചെയ്തു.

ശിവം ദൂബെ (ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്, 5 കോടി രൂപ)
മത്സരം: 4, റൺസ് 40, ശരാശരി 13.33, സ്‌ട്രൈക്ക് റൈറ്റ് 121.21, വിക്കറ്റ് 0
സിക്‌സർ വീരനായ ദൂബെയെ നല്ല ഫിനിഷറായാണ് ബാംഗ്ലൂർ പരിഗണിച്ചത്. നീളമുള്ള ഇടങ്കൈയൻ ബാറ്റ്‌സ്മാനും വലങ്കൈയൻ ബൗളറുമായ ദൂബെ ടീമിന് സന്തുലനം നൽകേണ്ടതായിരുന്നു. പക്ഷേ ആദ്യ മൂന്നു കളികളിൽ പരാജയപ്പെട്ടതോടെ പുറത്തായി. തിരിച്ചുവന്നപ്പോഴും അവസരം മുതലാക്കാനായില്ല. വെറും 1.4 ഓവറാണ് ടൂർണമെന്റിൽ ബൗൾ ചെയ്തത്. 

പ്രഭ്‌സിംറാൻ സിംഗ് (പഞ്ചാബ് കിംഗ്‌സ് ഇലവൻ, 4.8 കോടി രൂപ)
മത്സരം: 1, റൺസ് 16, ശരാശരി 16, സ്‌ട്രൈക്ക് റൈറ്റ് 94.11
വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ്കീപ്പറുമെന്നതായിരുന്നു പ്രഭ്‌സിംറാന്റെ പ്രതിഛായ. ഏഷ്യൻ കപ്പ് അണ്ടർ-19 മത്സരത്തിൽ 37 പന്തിൽ 65 റൺസടിച്ചിരുന്നു. സെയ്ദ് മുഷ്താഖലി ട്രോഫിയിൽ 20 പന്തിൽ 54 റൺസടിച്ചു. എന്നാൽ കെ.എൽ രാഹുൽ പഞ്ചാബിന്റെ വിക്കറ്റ് കാത്തു. പ്രഭ്‌സിംറാന്റെ വെടിക്കെട്ട് ബാറ്റിംഗിൽ ടീം മാനേജ്‌മെന്റ് വിശ്വസിച്ചുമില്ല. ഫലം ഒരു മത്സരം മാത്രമാണ് കളിച്ചത്. വരുണിനും പ്രഭ്‌സിംറാനുമായി പഞ്ചാബ് ചെലവിട്ടത് 13.2 കോടി രൂപയായിരുന്നു. ഇരുവരും കളിച്ചത് ഓരോ മത്സരം മാത്രം.

Latest News