Sorry, you need to enable JavaScript to visit this website.

കാലാവസ്ഥയും കലാപ ശാലയും

ഇത്രയും ഭംഗിയായി ഒരു യു.ഡി.എഫ് യോഗം ഇതിനു മുമ്പ് നടന്നതായി കേട്ടിട്ടില്ല. എന്തൊരു അച്ചടക്കം, എന്തൊരു ശുഭവിശ്വാസം! ആ ശുഭവിശ്വാസമെന്ന സംഗതി ഇല്ലാഞ്ഞിട്ടാണ് രാഹുൽജി വയനാട്ടിലേക്ക് വോട്ട് വേട്ടയ്ക്ക് ഇറങ്ങിയതെന് അറിയാത്തവരില്ല. പക്ഷേ, അതോടെ രാഹുൽ തരംഗം കേരളത്തിൽ ഉച്ചസ്ഥായിയിലെത്തി. തന്നിമിത്തം പകൽ പതിനൊന്നു മുതൽ ഉച്ച കഴിഞ്ഞു മൂന്നു മണി വരെ മനുഷ്യർ വീടിനു പുറത്ത് ഇറങ്ങി നടക്കാതെയായി. അത്യുഗ്രനാണ്. പൊള്ളും, പനിച്ചു കിടക്കും. തീരെ നിവൃത്തിയില്ലാതെ വന്നാൽ തട്ടിപ്പോകും. പടിഞ്ഞാറ് അറബിക്കടലിൽനിന്നും സുനാമി പോലെ എത്തിയ തരംഗം ന്യൂനപക്ഷ വോട്ടുകളെയെല്ലാം അടിച്ചൊതുക്കി ഒറ്റ പെട്ടിയിലാക്കി ഇന്ദിരാ ഭവന്റെ മുന്നിൽ തിരുമുൽക്കാഴ്ചയായി സമർപ്പിച്ചു.
കിഴക്കൻ ഓരത്തും കഥ അങ്ങനെ തന്നെയെന്ന് പി.ജെ. ജോസഫ് അവർകൾ പ്രത്യേകം അറിയിച്ചു. ചുരുക്കത്തിൽ 'ആനന്ദലബ്ധിക്കിനിയെന്തു വേണം എന്നു കവി പാടിയതു പോലെയായി. ഗായകനായതിനാൽ ജോസഫ് അതൊന്നു പാടിയാലോ എന്നു പോലും ശങ്കിച്ചു. ഘടക കക്ഷികളുടെ കടുത്ത സമ്മർദത്തിനു വഴങ്ങിയാണ് അദ്ദേഹം പിന്തിരിഞ്ഞത്. അജണ്ടയിലെ ഏറ്റവും സന്തോഷകരമായ ഇനവും 'സംസ്ഥാനത്തെ ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷം' തന്നെയായിരുന്നു. ഉച്ച സദ്യയ്ക്ക് മുമ്പ് ഇത്രയും ഉത്സാഹം പകർന്ന മറ്റൊരു ഇനമില്ല. ചായയും അണ്ടിപ്പരിപ്പുമെല്ലാം വളരെ പിന്നിലായിപ്പോയി. ജനാധിപത്യ പ്രക്രിയയായ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ കൂലിയും  നോട്ടക്കൂലിയും കൊടുത്ത് ഇടതു ചുമട്ടുതൊഴിലാളികളെ ഏർപ്പാടു ചെയ്തിരുന്നതാണ്. 
രാഹുൽ തരംഗത്തിൽ അതു കരിഞ്ഞു ചാരമായിപ്പോയി. ഇരുപതു സീറ്റിൽ ഇരുപതും ജയിക്കാനുള്ള സാധ്യത സൂര്യബിംബം പോലെ തെളിഞ്ഞുവെന്ന ചെന്നിത്തലയുടെ റിപ്പോർട്ടിന് ആരും അപ്പീൽ പോയില്ല. ശബരിമല കയറ്റവും ഇറക്കവും ഒഴിവാക്കി നിന്നതിനാൽ കോൺഗ്രസിനു നഷ്ടപ്പെടാൻ ഒന്നുമില്ലാതായി. പക്ഷേ, ഇടതു മുന്നണിയുടെ കാലുകളിൽ നീര് വന്നു വീർത്തു. ആറ്റിങ്ങലിൽ പോലും അട്ടിമറി വിജയം പ്രതീക്ഷിക്കുന്നതിൽനിന്നും കോൺഗ്രസിന്റെ ചുമട്ടുതൊഴിലാളികൾ തലസ്ഥാന ജില്ലയിൽ അവശേഷിക്കുന്നുണ്ടെന്നു തെളിഞ്ഞു. ഒരു അപശകുനമുണ്ടായത് ടി.എൻ. പ്രതാപൻ തൃശൂർ മണ്ഡലത്തെ സംശയിച്ചതാണ്. കഴുത്തിനു ചുറ്റം നാവുമായി നടക്കുന്ന സിനിമാക്കാരൻ സുരേഷ് ഗോപി മത്സരിച്ചതിനാൽ താൻ 'നെഗറ്റീവ് വാർത്ത' പോലും പ്രതീക്ഷിക്കുന്നുവെന്ന് യുവനേതാവ് റിപ്പോർട്ട് ചെയ്ത് എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കി. 'താൻ തോറ്റുപോകു'മെന്ന് നേരേ ചൊവ്വേ പറയമായിരുന്നുവെന്ന് പലരും പിറുപിറുക്കുന്നുണ്ടായിരുന്നു. മുന്നിലുണ്ടായിരുന്ന 'ക്ലീൻ സ്ലേറ്റുകളിൽ' ഓരോ കക്ഷി നേതാവും മാർക്കിട്ടു നോക്കി. പിന്നെ ഗുണിച്ചും ഹരിച്ചും ഏറെ നേരം വിനോദിച്ചു. എന്തൊരു അത്ഭുതം! എല്ലാ സ്ലേറ്റുകളിലും ഇരുപതിൽ ഇരുപതു തന്നെ തെളിഞ്ഞു. ഇക്കണക്കിന് കേരളത്തിൽ രണ്ടോ മൂന്നോ സീറ്റുകൾ കൂടി ഉണ്ടായിരുന്നുവെങ്കിൽ അതും ജയിക്കുമായിരുന്നു! കേന്ദ്രത്തിലും മൊത്തം മാർക്കിട്ടു നോക്കാമായിരുന്നു. മോഡി നാണം കെട്ടു മണ്ടിയേനേ ഗുജറാത്തിലേക്ക്.

*** *** ***

കേരള പുനർമാണമാണ് സർക്കാരിന്റെ പുതിയ പദ്ധതി ചേരി ചേരാ ലോകസമാധാന കോൺഫറൻസ് ആദ്യമായി നടന്ന അതേ ജനീവയിൽ വെച്ചു തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ  പ്രഖ്യാപിച്ചു. എന്തൊരു ദൂരക്കാഴ്ചയാണ് സഖാവിന് എന്നു പലരും ചോദിച്ചേക്കാം. ശരിയാണ്. അദ്ദേഹത്തിന് ഹ്രസ്വ ദൃഷ്ടിയോ പ്രശ്‌നമാകുന്നുളളൂ. കേരളത്തിൽ ദുരിതാശ്വാസം കിട്ടാൻ ബാക്കിയുളളവരെ കാണാൻ അദ്ദേഹം പലവുരു ശ്രമിച്ചു. പക്ഷേ കാഴ്ച ശരിയാകുന്നില്ല എന്നു കരുതി ചോദ്യങ്ങൾ ചോദിക്കുന്നത് സൂക്ഷിച്ചു വേണം. സംശയിക്കുന്ന വരെ 'സംഘി'യാക്കുന്ന വിദ്യ കൈവശമുള്ളയാളാണ്. ആടിനെ പട്ടി വരെയാക്കും. കൊല്ലത്തെ പാവം പ്രേമചന്ദ്രൻ എം.പി ആ ഊരാക്കുരുക്കിൽനിന്നും പൂർണമായി രക്ഷപ്പെട്ടോ എന്നറിയണമെങ്കിൽ ഈ മാസം 23കഴിയണം. മുഖ്യൻ വെറുതെ വാക്കുകൾ എടുത്ത് അമ്മാനമാടാറില്ല. ആ പണി കോടിയേരി സഖാവിനുളളതാണ്. മുഖ്യൻ മുമ്പ് ഉപയോഗിച്ച 'കുലംകുത്തി'ക്കോ 'പരനാറി'ക്കോ പകരം വെയ്ക്കാൻ ഒരു വാക്കു പോലും ഇന്നുവരെ ദുനിയാവിൽ ആരും കണ്ടുപിടിച്ചിട്ടില്ല. ഇപ്പോഴിതാ സംസ്ഥാനത്തെ തന്നെ പുനർനിർമിച്ചു തുടങ്ങി.
ആദ്യ പടിയായിരുന്നു സംസ്ഥാനം നിറയെ നീളത്തിൽ നിർമിച്ച വനിതാ മതിൽ. ഇനിമേൽ ഒരു അണക്കെട്ടും ഇവിടെ പൊട്ടുകയില്ല. പി.ജെ. ജോസഫ് മനപ്പായസമുണ്ണണ്ട! അഥവാ പൊട്ടിയാൽ വനിതാ മതിൽ താങ്ങി നിർത്തും. 'ഗെട്ടം ഗെട്ട'മായുള്ള അടുത്ത നടപടിയായി മുഖ്യന്റെ സ്വന്തം ഔദ്യോഗിക പരിപാടിയായ 'നാം മുന്നോട്ട്' കൈരളി ചാനലിനെ ഏൽപിച്ചു. ലോകത്ത് 'കൈരളി' കാണാത്ത മലയാളി ഇല്ല. പാഴായ് പോകുന്നതു പശുവിൻ വയറ്റിൽ പൊയ്‌ക്കോട്ടെ' എന്ന സിദ്ധാന്തമനുസരിച്ച് അതു തെറ്റല്ല; സ്വജനപക്ഷപാതവുമല്ല. അല്ലെങ്കിൽ തന്നെ എത്ര കാലമാണ് പഴയ കെ.പി. കേശവമേനോന്റെ പംക്തിയുടെ തലക്കെട്ടായിരുന്ന 'നാം മുന്നോട്ട്' ഒരു വിപ്ലവ നായകൻ ചുമന്നുകൊണ്ടു നടക്കുക! ലജ്ജാവഹം! ഇനി അതും മാറ്റണം. ടെണ്ടർ വിളിച്ചാലോ?
ഫയലുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഇ- ഓഫീസ് സോഫ്റ്റ്‌വെയർ പൂർണമായും ഉപേക്ഷിക്കുന്നുവത്രേ! അതും പുനർനിർമാണമാണ്. 
എല്ലാം സ്വകാര്യ കമ്പനികൾ കൊണ്ടുപോകട്ടെ. അതോടെ 'സൈബർ' മേഖലയിലെ കള്ളന്മാർക്കു പണിയില്ലാതാകും. എവിടെ ആരെ 'ഹാക്ക് ചെയ്യും? വൈറസുകൾ പറപറക്കും! ഒരു നവയുഗ സൃഷ്ടി നമ്മെ കാത്തിരിക്കുന്നു. അവർ ചെന്ന് ഇനി വല്ല ചൊറിയും പനിയും കൊണ്ടുവരട്ടെ. 
നമുക്കു കാണാം! പരിപൂർണമായും മുതലാളിത്ത ലൈനല്ലേ സഖാവേ? എന്നു ചോദിക്കരുത്. മുതലാളിത്തമില്ലെങ്കിൽ തൊഴിലാളി എങ്ങനെ നമ്മുടെ കൊടി പിടിക്കും? അതാണ് പറഞ്ഞത്, പിണറായിയുടെ ദീർഘ ദൃഷ്ടി അപാരം, അഘോരം, അനന്തമജ്ഞാതമവർണനീയം!
 

Latest News