Sorry, you need to enable JavaScript to visit this website.

ബംഗാളിൽനിന്നുള്ള അപകട കാഹളം

പശ്ചിമ ബംഗാളിൽ  ഒമ്പത് ലോക്‌സഭാ മണ്ഡലങ്ങളിലെ അവസാനഘട്ട പ്രചാരണം 19 മണിക്കൂർ മുമ്പ് തെരഞ്ഞെടുപ്പു കമ്മീഷൻ റദ്ദാക്കിയത് ജനാധിപത്യവും ഭരണഘടനയും ഇപ്പോൾ നേരിടുന്ന അപകടത്തിന്റെ മറ്റൊരു കാഹളമാണ്.  അതേസമയം പ്രധാനമന്ത്രി മോഡിക്ക് ബംഗാളിൽ പ്രചാരണം നടത്താനുള്ള സമയം അനുവദിച്ചുകൊണ്ടാണ് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും തുല്യ അവസരം ഉറപ്പു വരുത്തേണ്ട തെരഞ്ഞെടുപ്പു കമ്മീഷൻ തന്റെ ഉത്തരവ് നടപ്പാക്കിയത്.  തെരഞ്ഞെടുപ്പു കമ്മീഷന്റെ നിഷ്പക്ഷതയും വിശ്വാസ്യതയും ഈ നടപടി ഒരിക്കൽ കൂടി തകർത്തു.
ഭരണഘടനയിലെ 324 ാം വകുപ്പ് ഉദ്ധരിച്ചാണ് തെരഞ്ഞെടുപ്പു കമ്മീഷൻ ചരിത്രത്തിലാദ്യമായി പ്രചാരണത്തിന്റെ സമയപരിധി വെട്ടിക്കുറച്ചത്. 324 ാം വകുപ്പ് അതിനുള്ള അധികാരം തെരഞ്ഞെടുപ്പു കമ്മീഷന് നൽകുന്നില്ല. ഭയവും വെറുപ്പും പരത്തിയും ക്രമസമാധാനം തകർത്തുമാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന്  കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മീഷന് കടുത്ത ഭാഷയിൽ പരാതി അയച്ചതിനു പിറകെയാണ് നടപടിയുണ്ടായത്.  പതിനാറ് ലോക്‌സഭാ തെരഞ്ഞെടുപ്പുകൾ നടന്ന ചരിത്രത്തിൽ കേന്ദ്ര ആഭ്യന്തര വകുപ്പ്  ഒരു സംസ്ഥാനത്തെ തെരഞ്ഞെടുപ്പിൽ ഇങ്ങനെ ഒരിക്കൽ പോലും പരാതി നൽകിയിട്ടില്ല. രാഷ്ട്രീയ പാർട്ടികളാണ് തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നൽകാറ്.
അഞ്ച് ഘട്ടങ്ങളിലായി 33 ലോക്‌സഭാ മണ്ഡലങ്ങളിൽ ഏറ്റവും വീറും വാശിയോടെ ബംഗാളിൽ തെരഞ്ഞെടുപ്പു നടന്നിട്ടും ആറ് ബൂത്തുകളിൽ മാത്രമാണ് റീപോളിംഗ് നടത്തേണ്ടിവന്നത്.  ബി.ജെ.പി പ്രസിഡന്റ് അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന റോഡ് ഷോയിലാണ് തൃണമൂൽ - ബി.ജെ.പി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതും നവോത്ഥാന നായകനും സാമൂഹിക പരിഷ്‌കർത്താവുമായ ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തതും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് നടത്തുന്ന അക്രമങ്ങൾക്കെതിരെ തെരഞ്ഞെടുപ്പു കമ്മീഷൻ നിസ്സംഗത പുലർത്തുകയാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തിയതിന് പിറകെയാണ് കമ്മീഷൻ കൈവിട്ടുള്ള നടപടി സ്വീകരിച്ചത്. 
തുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജിക്കൊപ്പം ദേശീയ പ്രതിപക്ഷ കക്ഷികളാകെ ജനാധിപത്യത്തിന്റെ മുന്നണിപ്പടയിലൊന്നായ തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്തു. ഇടതു പാർട്ടികൾ തെരഞ്ഞെടുപ്പു കമ്മീഷനെ കുറ്റപ്പെടുത്തിയെങ്കിലും  മമതയേയും മോഡിയേയും സമദൂരത്തിൽ നിർത്തി വിമർശിച്ചു.  ചൊവ്വാഴ്ച രാത്രി കൊൽക്കത്തയിൽ സംഘർഷം നടന്നതിനു പിറകെ കർഫ്യൂ പ്രഖ്യാപിക്കുകയും പ്രധാനമന്ത്രിയുടേതടക്കം പ്രചാരണം ബുധനാഴ്ച കാലത്തു മുതൽ റദ്ദാക്കുകയും ചെയ്തിരുന്നെങ്കിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്കണ്ഠ മനസ്സിലാക്കാമായിരുന്നു. 
ഭരണഘടനാ സ്ഥാപനങ്ങളോരോന്നും കയ്യടക്കുകയും ഭരണഘടനാ വകുപ്പുകളുടെ പേരിൽ ഏകാധിപത്യ നടപടികളെടുക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി മോഡിയോട്  തെരഞ്ഞെടുപ്പു കമ്മീഷൻ വിധേയത്വം കാണിക്കുന്നതായി തെരഞ്ഞെടുപ്പിന്റെ ആറ് ഘട്ടങ്ങളിലും വ്യാപകമായി പരാതി ഉയർന്നിരുന്നു.  മോഡിയും അമിത് ഷായും പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രതിപക്ഷത്തിനു നേരെ നടത്തുന്ന  വെറുപ്പും വിദ്വേഷവും ഉയർത്തുന്ന വ്യാജപ്രചാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം നൽകിയ പരാതികളെല്ലാം ചവറ്റുകുട്ടയിൽ തള്ളുകയാണ് തെരഞ്ഞെടുപ്പു കമ്മീഷൻ ചെയ്തത്. ബി.ജെ.പിക്കാർ നൽകിയ പരാതിയിൽ പ്രതിപക്ഷ നേതാക്കൾക്കെതിരെ യഥേഷ്ടം നടപടി സ്വീകരിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പു കമ്മീഷന്റെ ഘടനയും നിയമനവും പുനഃപരിശോധിക്കണമെന്ന ശക്തമായ ആവശ്യം ഉയരുന്നതിനിടയ്ക്കാണ് ബംഗാളിലെ തെരഞ്ഞെടുപ്പു ഗോദയിൽ പ്രതിപക്ഷത്തെ തടഞ്ഞുനിർത്തി മോഡിക്ക് ഏകപക്ഷീയമായും മൃഗീയമായും കടന്നാക്രമണം നടത്താൻ കളിയുടെ നിയമം ഉറപ്പിക്കേണ്ട തെരഞ്ഞെടുപ്പു കമ്മീഷൻ നിയമം കാറ്റിൽ പറത്തി സഹായിച്ചത്.  
തെരഞ്ഞെടുപ്പു പ്രചാരണം വെട്ടിക്കുറയ്ക്കുക മാത്രമല്ല കമ്മീഷൻ ചെയ്തത്. സംസ്ഥാന ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി അത്രി ഭട്ടാചാര്യയേയും കുറ്റാന്വേഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ രാജീവ് കുമാറിനെയും ചുമതലയിൽനിന്ന് ഒഴിവാക്കുക കൂടി ചെയ്തു. രണ്ടുപേരും  മുഖ്യമന്ത്രി മമതയുടെ വിശ്വസ്തരാണെന്ന പരാതി ബി.ജെ.പി തുടരുന്നതിനിടയിൽ.  കൊൽക്കത്ത പോലീസ് കമ്മീഷണറായിരുന്ന രാജീവ് കുമാറിനെ സി.ബി.ഐയെക്കൊണ്ട് അറസ്റ്റ് ചെയ്യാൻ നടത്തിയ ശ്രമം മമത പരാജയപ്പെടുത്തുകയും സുപ്രീം കോടതി അറസ്റ്റ് തടയുകയും ചെയ്തതായിരുന്നു.  രാജീവ് കുമാറിനോട് കേന്ദ്ര ആഭ്യന്തര വകുപ്പിൽ ചെന്ന് റിപ്പോർട്ട് ചെയ്യാനും തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ചു.    സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള അധികാരം തെരഞ്ഞെടുപ്പു കമ്മീഷന് ഇല്ലെന്നാണ് ലോക്‌സഭയുടെ മുൻ സെക്രട്ടറി ജനറലും നിയമ വിദഗ്ധനുമായ പി.ഡി.ടി ആചാര്യയെപ്പോലുള്ളവർ ചൂണ്ടിക്കാട്ടുന്നത്.   
കോൺഗ്രസിൽനിന്ന് രാജിവെച്ച് എച്ച്.എൻ ബഹുഗുണ സ്വതന്ത്രനായി ഗഡ് വാൾ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ ഭയപ്പെടുത്തുംവിധം ഇന്ദിരാഗാന്ധി ഗവണ്മെന്റ് മണ്ഡലത്തിൽ കേന്ദ്ര പോലീസ് സേനയെ നിയോഗിച്ചു. അന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എസ്.എൽ ശാക്ധർ കേന്ദ്ര നടപടി ചട്ടലംഘനമാണെന്നു കണ്ടെത്തി  തെരഞ്ഞെടുപ്പു തന്നെ മാറ്റിവെച്ചു. കേന്ദ്ര സേനയെ പിൻവലിച്ച ശേഷമാണ് അവിടെ തെരഞ്ഞെടുപ്പു നടന്നതും ബഹുഗുണ ജയിച്ചതും. ടി.എൻ ശേഷൻ മുഖ്യ തെരഞ്ഞെടുപ്പ്  കമ്മീഷണറായപ്പോൾ പാർട്ടികളുടെയും നേതാക്കളുടെയും മുഖം നോക്കാതെ അധികാരം പ്രയോഗിച്ചതും ചരിത്രത്തിലുണ്ട്. അതിന്റെ തുടർച്ചയിൽ മോഡിയുടെ ഭരണത്തിൽ ഇപ്പോൾ തെരഞ്ഞെടുപ്പു കമ്മീഷൻ പ്രധാനമന്ത്രിക്കും ഭരണകക്ഷിക്കും വിനീത വിധേയരായിരിക്കുന്നു. 17 ാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ അതേറെ ബാധിച്ചിട്ടുണ്ട്.
രാജസ്ഥാനിലെ ബി.ജെ.പി  മുഖ്യമന്ത്രിയായിരുന്ന വസുന്ധരരാജെ സിന്ധ്യയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന സുനിൽ അറോറയാണ് ഒ.പി റാവത്ത് പിരിഞ്ഞ ഒഴിവിൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായത്.  കമ്മീഷനിലെ മറ്റൊരംഗമായ സുശീൽ ചന്ദ്രയാകട്ടെ, ധനമന്ത്രി ജെയ്റ്റ്‌ലിയുടെ മന്ത്രാലയത്തിനു കീഴിൽ നിന്നാണ് ഈയിടെ തെരഞ്ഞെടുപ്പു കമ്മീഷണറായെത്തിയത്. മൂന്നാമത്തെ അംഗത്തിന്റെ എതിർപ്പ് തള്ളിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ പരാതികൾ തെരഞ്ഞെടുപ്പു കമ്മീഷൻ ഈയിടെ തള്ളിയത്. 
അമിത് ഷായുടെ റോഡ് ഷോയുടെ ഭാഗമായി കൊൽക്കത്തയിൽ  കലാപമുണ്ടാക്കാനും  ഷായും മോഡിയും അതിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പു നടത്താനും  ആസൂത്രിത നീക്കം നടന്നിരുന്നു എന്നതിന്റെ തെളിവുകൾ മുഖ്യമന്ത്രി മമതാ ബാനർജിയും കൊൽക്കത്തയിലെ പത്രങ്ങളും പുറത്തു കൊണ്ടുവന്നിട്ടുണ്ട്. സമീപ സംസ്ഥാനങ്ങളിൽനിന്ന് ഇതിനായി പ്രത്യേകം ആളുകളെ കൊൽക്കത്തയിലെ ഹോട്ടലുകളിൽ താമസിപ്പിച്ച് റാലിയിൽ പങ്കാളികളാക്കി. എട്ടടി നീളമുള്ള വടികളുമായി അമിത് ഷായുടെ റാലിയിൽ എത്താനും  കലാപം നടത്താനും ബി.ജെ.പി നേതാവ് ആഹ്വാനം ചെയ്യുന്ന വീഡിയോ ചിത്രവും പുറത്തു വന്നു.  അമിത് ഷായ്‌ക്കെതിരെ കരിങ്കൊടി കാണിച്ച തൃണമൂൽ പ്രവർത്തകർക്കു നേരെ റാലിയിൽനിന്നുള്ള കാവിവേഷ ധാരികൾ തിരിഞ്ഞതും വിദ്യാസാഗർ കോളേജിനകത്തു കയറി സർവതും അടിച്ചുതകർത്തതും ഈ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു. കോളേജിനകത്ത് ചില്ലുകൂട്ടിൽ സൂക്ഷിച്ചിരുന്ന സാമൂഹ്യ പരിഷ്‌കർത്താവ് ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ പറിച്ചെടുത്ത് നിലത്തെറിഞ്ഞ് തകർത്തതും. വെളിച്ചത്തെ വെറുക്കുന്ന ഇരുട്ടിന്റെ ഏകാധിപത്യ ശക്തികൾ കൊൽക്കത്ത നഗരത്തിൽ  നടത്തിയ ഈ കലാപത്തെ ഗ്രഹണമെന്ന തലക്കെട്ടിൽ ‘ദി ടെലഗ്രാഫ്’,  ‘സ്റ്റേറ്റ്‌സ് മാൻ’ അടക്കമുള്ള പത്രങ്ങളും ബി.ജെ.പിയെ  പ്രതിക്കൂട്ടിൽ നിർത്തി മുഖപ്രസംഗങ്ങളിൽ കടുത്ത ഭാഷയിൽ വിമർശിച്ചു.  
വിദ്യാസാഗറിന്റെ പ്രതിമ തകർത്ത സംഭവത്തോടെ അമിത് ഷായുടെ കുതന്ത്രം ബി.ജെ.പിക്കു നേരെ കുന്തമായി തിരിച്ചുവന്നു. ബംഗാളി അവരുടെ അക്ഷരങ്ങളിലൂടെയും സിരകളിലൊഴുകുന്ന രക്തത്തിലെ സാംസ്‌കാരിക വികാരത്തിലൂടെയും ആദരിക്കുന്ന ഈശ്വർ ചന്ദ്ര വിദ്യാസാഗറിനെ അപമാനിച്ചത്  ബംഗാളികളുടെ ദേശീയതയെ വ്രണപ്പെടുത്തി. രോഷത്തോടെ അവരെല്ലാം ബി.ജെ.പിക്കെതിരായി ഉണർന്നെണീറ്റതാണ് കണ്ടത്. 
അതുകൊണ്ട് കൊൽക്കത്താ നഗരിയോടു ചേർന്നുള്ള ഒമ്പത് ലോക്‌സഭാ മണ്ഡലങ്ങളിൽ മെയ് 19 ന് ഞായറാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വിധി തീർത്തും മറ്റ് ആറ് ഘട്ടങ്ങളിൽ നടന്നതിൽനിന്നു വ്യത്യസ്തമായിരിക്കും.  ബ്രിട്ടീഷുകാരെ കെട്ടുകെട്ടിച്ച ചരിത്രമാണ് ബംഗാളി ദേശീയതയുടേതെന്നും പുറത്തുനിന്നു വന്ന ബി.ജെ.പിയെ  തുടച്ചുനീക്കി  ആ പാരമ്പര്യം നിലനിർത്തുമെന്നും വികാരഭരിതരായി ആബാലവൃദ്ധം ജനങ്ങൾ ചാനൽ ക്യാമറകളോട് പ്രതികരിച്ചു. 
ഈ സംഭവത്തിനു പിറകെ വ്യാഴാഴ്ച കൊൽക്കത്തയിൽ രണ്ടിടങ്ങളിൽ ബി.ജെ.പി റാലിയിൽ പ്രസംഗിച്ച മോഡി പ്രതിമ തകർത്ത സംഭവത്തെപ്പറ്റി തീർത്തും നിശ്ശബ്ദത പാലിച്ചു. പിന്നീട് ഉത്തർപ്രദേശിൽ എത്തിയ ശേഷമാണ് തിരിച്ചറിവുണ്ടായതും അപലപിച്ചതും.  കേന്ദ്ര ഗവണ്മെന്റിന്റെ ചെലവിൽ വിദ്യാസാഗറിന്റെ പഞ്ചലോഹ പ്രതിമ പകരം സ്ഥാപിക്കുമെന്ന് ബംഗാളി രോഷം തണുപ്പിക്കാൻ മോഡിക്കു പറയേണ്ടിവന്നു.  
 മോഡി രായ്ക്കുരാമാനം ഈശ്വർ ചന്ദ്ര വിദ്യാസാഗറിലെ മഹാത്മാവിനെ കണ്ടെത്തിയെന്നാണ് ഒന്നാം പേജിലെ പ്രധാന വാർത്തയ്ക്കു തലക്കെട്ടുനൽകി ‘ദി ടെലഗ്രാഫ്’ പത്രം മോഡിയെ പരിഹസിച്ചത്. കൊൽക്കത്ത റാലികളിൽ വ്യാഴാഴ്ച പ്രസംഗിക്കവേ മോഡി സ്വാമി വിവേകാനന്ദൻ തൊട്ട് ബംഗാളിലെ മഹാപുരുഷന്മാരുടെ പട്ടിക അവതരിപ്പിച്ചതിൽ  ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പേർ ഉണ്ടായിരുന്നില്ല! 
ബംഗാളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇതോടെ രണ്ട് മുഖങ്ങളായി. ആദ്യത്തേത് ജനാധിപത്യത്തിനും വികസനത്തിനും വേണ്ടി തൃണമൂലിനെ താഴെയിറക്കുക എന്ന് ബി.ജെ.പിയും ഇടതുപക്ഷങ്ങളും വെവ്വേറെ ഉയർത്തിയ മുദ്രാവാക്യമായിരുന്നു. മോഡിയെ താഴെയിറക്കുക, സംസ്ഥാനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി ജനങ്ങളെ നയിച്ചാണ്  മമതാ ബാനർജി മോഡിയെ നേരിട്ടത്. ഇടതുപക്ഷത്തെ ദുർബലമാക്കിയ മമതയോടും തൃണമൂലിനോടും വിരോധമുള്ള ഇടതുപക്ഷം  കോൺഗ്രസിനെയും തങ്ങളെയും പിന്തള്ളി മമതയെ നേരിടാൻ ബി.ജെ.പി വന്നതിൽ  മനസാ സന്തോഷിക്കുകയായിരുന്നു.  
ഈ സംഭവത്തിൽ പോലും മോഡിയുടെ ഫാസിസ്റ്റ് മുന്നേറ്റ ശ്രമങ്ങളെ സി.പി.എം നേരിട്ടെതിർത്തില്ല. സി.പി.എം നേതൃത്വത്തിൽ ഭിന്നതയും കണ്ടു. ബംഗാളിലെ ശാന്തത തകർക്കാൻ ബി.ജെ.പിയും തൃണമൂലും മത്സരിക്കുകയാണെന്നാണ് വിദ്യാസാഗറിന്റെ പ്രതിമ തകർത്തതിൽ പ്രതിഷേധിച്ച് നടത്തിയ റാലിയിൽ സി.പി.എം ജനറൽ സെക്രട്ടറി യെച്ചൂരി പറഞ്ഞത്.  ഉത്തര കൊൽക്കത്തയിൽ ദൽഹൗസി സ്‌ക്വയറിൽ നടന്ന സി.പി.എം പ്രചാരണ റാലിയിൽ ജനാധിപത്യത്തിന്റെ തുല്യ ശത്രുക്കളാണ് ബി.ജെ.പിയും തൃണമൂലുമെന്നാണ് മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് വിലയിരുത്തിയത്.  
തൃണമൂലും സി.പി.എമ്മുമായുള്ള വൈകാരിക-രാഷ്ട്രീയ വൈരുധ്യം വ്യക്തമാണ്.  മറ്റു മതനിരപേക്ഷ പാർട്ടികളിൽനിന്ന് ഒറ്റപ്പെട്ട നിലപാടെടുക്കുന്ന സി.പി.എം മോഡിയും സംഘ് പരിവാറും മുന്നോട്ടു വെക്കുന്ന ഫാസിസ്റ്റ് അജണ്ടയ്ക്കു നേരെ കണ്ണടക്കുകയാണെന്ന് പറയാതെ വയ്യ.
 

Latest News