Sorry, you need to enable JavaScript to visit this website.

ഒരു വര്‍ഷമായി വേതനം ലഭിക്കാത്ത തൊഴിലാളികളുടെ വിഡിയോ; അധികൃതര്‍ ഇടപെട്ടു

യാമ്പുവിൽ ദീർഘകാലമായി വേതനം ലഭിക്കാത്ത തൊഴിലാളികളുമായി ലേബർ ഓഫീസ് ഉദ്യോഗസ്ഥർ സംസാരിക്കുന്നു.

യാമ്പു - ദീർഘകാലമായി വേതനം ലഭിക്കാത്ത തൊഴിലാളികളുടെ പ്രശ്‌നത്തിന് പരിഹാരമാകുന്നു. പ്രശ്‌നത്തിന് സത്വര പരിഹാരം കാണുന്നതിന് യാമ്പു ലേബർ ഓഫീസിന് മദീന പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി എൻജിനീയർ അബ്ദുല്ല അൽസ്വാഇദി നിർദേശം നൽകി. തൊഴിലാളികളുടെ താമസസ്ഥലം സന്ദർശിച്ച് തൊഴിലാളികളുമായി ചർച്ചകൾ നടത്തി പ്രശ്‌നം വിശദമായി പഠിച്ച് പരിഹാരം കാണുന്നതിനാണ് നിർദേശം. 


യാമ്പുവിൽ തൈബ യൂനിവേഴ്‌സിറ്റി പദ്ധതി നിർമാണത്തിന്റെ കരാറേറ്റെടുത്ത സ്വകാര്യ കരാർ കമ്പനിക്കു കീഴിലെ തൊഴിലാളികൾക്കാണ് ദീർഘകാലമായി വേതനം ലഭിക്കാത്തത്. തൊഴിലാളികളിൽ ഒരു വിഭാഗത്തിന് 12 മാസമായിട്ടും മറ്റൊരു വിഭാഗത്തിന് 22 മാസമായിട്ടും വേതനം ലഭിച്ചിട്ടില്ല. ഇതേ കുറിച്ച് തൊഴിലാളികൾ പരാതിപ്പെടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടാണ് പ്രശ്‌നത്തിൽ മദീന പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി എൻജിനീയർ അബ്ദുല്ല അൽസ്വാഇദി ഇടപെട്ടത്. 


കഴിഞ്ഞ ദിവസം യാമ്പു ലേബർ ഓഫീസ് അധികൃതർ തൊഴിലാളികളുടെ താമസ സ്ഥലത്തെത്തി പരാതികൾ കേട്ടു. തൊഴിലാളികളിൽ ചിലർ നേരത്തെ ലേബർ ഓഫീസിനു കീഴിലെ തൊഴിൽ തർക്ക പരിഹാര വിഭാഗത്തെ സമീപിച്ചിരുന്നു. പ്രശ്‌നപരിഹാരത്തിന് തൊഴിലുടമ സഹകരിക്കാത്തതിനെ തുടർന്ന് അന്ന് കേസ് യാമ്പു ജനറൽ കോടതിക്ക് കൈമാറി. ഈ കേസിൽ തൊഴിലാളികൾക്ക് അനുകൂലമായി കോടതി വിധി പ്രസ്താവിച്ചു. എന്നാൽ വേതന കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളും വിതരണം ചെയ്യണമെന്ന കോടതി വിധി കമ്പനി ഇതുവരെ പാലിച്ചിട്ടില്ല. കമ്പനി പ്രതിനിധിയുമായി ലേബർ ഓഫീസ് അധികൃതർ ആശയവിനിയമം നടത്തിയിട്ടുണ്ട്. 
വേതന കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളും രണ്ടാഴ്ചക്കകം തീർത്തു നൽകുമെന്നും സ്‌പോൺസർഷിപ്പ് മാറ്റുന്നതിന് ആഗ്രഹിക്കുന്നവരെ അതിന് അനുവദിക്കുമെന്നും കമ്പനി പ്രതിനിധി അറിയിച്ചിട്ടുണ്ട്. സ്‌പോൺസർഷിപ്പ് മാറ്റുന്നതിന് ആഗ്രഹിക്കുന്നവരും വേതന കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളും ലഭിക്കുന്നതു വരെ താൽക്കാലിക വർക്ക് പെർമിറ്റ് നേടുന്നതിന് ആഗ്രഹിക്കുന്നവരും ലേബർ ഓഫീസിനെ സമീപിക്കണമെന്ന് തൊഴിലാളികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും എൻജിനീയർ അബ്ദുല്ല അൽസ്വാഇദി പറഞ്ഞു.
 

Latest News