Sorry, you need to enable JavaScript to visit this website.

ഫ്രഞ്ച് ഫുട്‌ബോൾ താരം കുർത് സൂമ പുണ്യഭൂമിയിൽ

മക്ക - ഫ്രഞ്ച് ദേശീയ ഫുട്‌ബോൾ താരവും എവർടൻ ക്ലബ്ബ് കളിക്കാരനുമായ കുർത് സൂമ ഉംറ നിർവഹിക്കുന്നതിന് പുണ്യഭൂമിയിലെത്തി. പുണ്യഭൂമിയിൽ തങ്ങുന്ന കാലത്ത് ഭൂരിഭാഗം സമയവും വിശുദ്ധ ഹറമിൽ ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഹറംകാര്യ വകുപ്പ് ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോ ക്ലിപ്പിംഗിൽ സൂമ പറഞ്ഞു. ഇത് രണ്ടാം തവണയാണ് താൻ ഉംറ നിർവഹിക്കുന്നതിന് എത്തുന്നത്. ആദ്യ തവണ ഉംറ നിർഹിക്കുന്നതിനു മാത്രമാണ് എത്തിയത്. തീർഥാടന കർമം പൂർത്തിയാക്കി അന്ന് വേഗത്തിൽ സ്വദേശത്തേക്ക് മടങ്ങി. 


ഇത്തവണ കൂടുതൽ കാലം പുണ്യഭൂമിയിൽ ചെലവഴിക്കുന്നതിനാണ് എത്തിയിരിക്കുന്നത്. രണ്ടാം തവണയാണെങ്കിൽ കൂടി ആദ്യ തവണ ഉംറക്ക് വന്നതു പോലെയാണ് തനിക്ക് തോന്നുന്നത്. ആദ്യ തവണ വിശുദ്ധ ഹറമിന്റെ എല്ലാ ഭാഗങ്ങളും താൻ കണ്ടിരുന്നില്ല. ഇത്തവണ കൂട്ടുകാർക്കും സഹോദരങ്ങൾക്കുമൊപ്പം പുണ്യഭൂമിയിൽ ചെലവഴിക്കുന്നതിന് കൂടുതൽ സമയമുണ്ടെന്നും കുർത് സൂമ പറഞ്ഞു.
മാഞ്ചസ്റ്റർ യുനൈറ്റഡ് താരം പോൾ പോഗ്ബയെയും എവർടൻ താരം കുർത് സൂമയെയും ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽഫത്താഹ് മുശാത്ത് കഴിഞ്ഞ ദിവസം സ്വീകരിച്ചു. ഇരുവരും കിസ്‌വ നിർമാണ ഫാക്ടറി സന്ദർശിക്കുന്നതിന്റെ ഫോട്ടോകൾ ഹജ്, ഉംറ മന്ത്രാലയം പുറത്തുവിട്ടു. അല്ലാഹുവിന്റെ അതിഥികളായി എത്തുന്നവർക്ക് സേവനങ്ങൾ നൽകാൻ സൗദി അറേബ്യ നടത്തുന്ന തീവ്രശ്രമങ്ങളെ പോൾ പോഗ്ബയും കുർത് സൂമയും പ്രശംസിച്ചു.
 

Latest News