Sorry, you need to enable JavaScript to visit this website.

സൗദിയില്‍നിന്ന് ബലിമാംസവുമായി ലോറികള്‍ ഗാസയിലെത്തി; അഞ്ച് ലക്ഷം പേര്‍ക്ക് ലഭിക്കും

മക്കയിൽ നിന്നുള്ള ബലിമാംസ ശേഖരം വഹിച്ച ലോറികൾ  റഫ്ഹ അതിർത്തി പോസ്റ്റ് വഴി ഗാസയിൽ പ്രവേശിക്കുന്നു.

റിയാദ് - കഴിഞ്ഞ ഹജ് കാലത്ത് മിനായിൽ തീർഥാടകർക്കു വേണ്ടി ബലിയറുത്ത 25,000 ആടുകളുടെ മാംസം ഗാസയില്‍ വിതരണം ചെയ്യുന്നു. ബലിമാംസവുമായി ലോറികള്‍ ഗാസയിലെത്തി. ഈജിപ്ത്, ഗാസ അതിർത്തിയിലെ റഫ്ഹ പോസ്റ്റ് വഴിയാണ് മാംസം ഗാസയിൽ എത്തിച്ചത്. ഗാസ ഔഖാഫ്, മതകാര്യ മന്ത്രാലയത്തിന് ബലിമാംസ ശേഖരം കൈമാറി. 


ഗാസയിൽ അഞ്ചു ലക്ഷം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഓരോ കുടുംബത്തിനും വിതരണം ചെയ്യാൻ പത്തു കിലോ വീതമുള്ള പാക്കറ്റുകളാക്കിയാണ് ബലിമാംസം സൂക്ഷിച്ചിരിക്കുന്നത്. പടിഞ്ഞാറൻ സൗദിയിലെ ദിബാ തുറമുഖത്തു നിന്ന് ഈജിപ്തിലെ സഫാഗ തുറമുഖത്ത് കപ്പൽമാർഗം എത്തിച്ച് റഫ്ഹ അതിർത്തി വഴി ഗാസയിലേക്ക് ബലിമാംസം എത്തിക്കാൻ ഈജിപ്തിലെ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി നടപടികൾ സ്വീകരിച്ചതായി ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് ഗ്രൂപ്പ് ചെയർമാനും ബലിമാംസം പ്രയോജനപ്പെടുത്തുന്നതിനുള്ള കമ്മിറ്റി പ്രസിഡന്റുമായ ഡോ. ബന്ദർ ഹജാർ നേരത്തെ അറിയിച്ചിരുന്നു.


ബലി മാംസം പ്രയോജനപ്പെടുത്തുന്നതിനുള്ള സൗദി അറേബ്യയുടെ പദ്ധതി ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് ഗ്രൂപ്പ് ആണ് നടപ്പാക്കുന്നത്. ഹജ് തീർഥാടകർ ബലിയറുക്കുന്ന ആടുമാടുകളുടെ ഇറച്ചി പ്രയോജനപ്പെടുത്താനാകാതെ പാഴായിപ്പോകുന്ന പ്രശ്‌നത്തിനും പുണ്യസ്ഥലങ്ങളിലെ പരിസ്ഥിതി മലിനീകരണത്തിനും അന്ത്യമുണ്ടാക്കുന്നതിന് ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. ഈ വർഷത്തെ ഹജിന് ബലി കൂപ്പൺ നിരക്ക് 490 റിയാലാണ് നിശ്ചയിച്ചിരിക്കുന്നത്. 


പദ്ധതിക്കു കീഴിൽ കഴിഞ്ഞ വർഷത്തെ ഹജിന് 9,08,000 ആടുകളെയും 328 പശുക്കളെയുമാണ് ബലിയറുത്തത്. ദുൽഹജ് പതിനൊന്നിന് രാവിലെ മുതൽ മിനായിലും പുണ്യസ്ഥലങ്ങളിലും ഹജ് തീർഥാടകർക്കും തൊട്ടടുത്ത ദിവസം മുതൽ ഹറമിലെ പാവങ്ങൾക്കും ബലി മാംസം വിതരണം ചെയ്യുകയാണ് പതിവ്. ബാക്കിവരുന്ന ബലി മാംസം സൗദിയിലെ വിവിധ പ്രവിശ്യകളിലെ സന്നദ്ധ സംഘടനകൾ വഴി പാവങ്ങൾക്കിടയിൽ വിതരണം ചെയ്യും. ആഴ്ചകൾക്കുള്ളിൽ ശീതീകരിച്ച ബലി മാംസം മുപ്പതോളം രാജ്യങ്ങളിലേക്ക് കര മാർഗവും സമുദ്ര മാർഗവും അയക്കും. ബലി മാംസം പ്രയോജനപ്പെടുത്തുന്നതിനുള്ള സൗദി അറേബ്യയുടെ പദ്ധതിക്കു കീഴിൽ പുണ്യസ്ഥലങ്ങളിൽ എട്ടു കശാപ്പുശാലകളാണുള്ളത്. പദ്ധതിക്കു കീഴിൽ കശാപ്പുകാരും ശുചീകരണ തൊഴിലാളികളും സാങ്കേതിക വിദഗ്ധരും ഓഫീസ് ജീവനക്കാരും അടക്കം നാൽപതിനായിരത്തിലേറെ പേർ ഹജ് ദിവസങ്ങളിൽ സേവമനുഷ്ഠിക്കാറുണ്ട്.

Latest News