Sorry, you need to enable JavaScript to visit this website.

പ്രവാസികളോടൊപ്പമുള്ള നോമ്പുകാലം

വിശ്വാസികളുടെ ആത്മീയ സമ്പുഷ്ടിക്കായി അല്ലാഹു നിശ്ചയിച്ച പരിശീലന മാസമാണ് റമദാൻ. അതിനാൽ തന്നെ റമദാനിലെ ചില ഓർമകളും എന്നും ഭക്തി നിറഞ്ഞതാണ്. പരിശുദ്ധ മക്കയിലും മദീനയിലും റമദാനിൽ കഴിഞ്ഞു കൂടാനായതും അബുദാബി ഗവൺമെന്റിന്റെ അതിഥിയായി പോയ നോമ്പ് കാലത്തെ ഇരുപത് ദിവസവും ജീവിതത്തിൽ ലഭിച്ച അസുലഭ നിമിഷങ്ങളായി  കരുതുന്നു.
പ്രവാസികളായ വിവിധ രാജ്യക്കാർ, സ്വദേശികളായ അറബികൾ, അവരുടെ ജീവിത ശൈലികൾ അവ ഓരോന്നും വ്യത്യസ്തമാണ്. കേരളത്തിൽ നമുക്ക് നോമ്പായാൽ ചില ചിട്ടവട്ടങ്ങളുണ്ട്. ഇവയിൽ ചിലതൊക്കെ സൗദി അറേബ്യ ഉൾപ്പെടെയുളള രാജ്യങ്ങളിൽ കാണാനാകും. നോമ്പിന് മുമ്പായുളള ഒരുക്കമാണ് ഇതിൽ പ്രധാനം. സൗദി ഗവൺമെന്റ് ഹജ്,
ഉംറ വേളകളിൽ മാത്രമല്ല റമദാനിലും നിരവധി പുണ്യപ്രവൃത്തികൾ നടത്തുന്നുണ്ട്. സംസം വെള്ളം കൊണ്ടും മദീനാ ഈത്തപ്പഴം കൊണ്ടും നോമ്പ് തുറക്കാൻ കഴിഞ്ഞത് വലിയൊരു അനുഗ്രഹം തന്നെയാണ്.
നോമ്പ് വേളയിൽ മക്കയിലടക്കമുള്ള സ്ഥലങ്ങളിൽ നിന്നുളള പ്രഭാഷണങ്ങൾക്ക് വല്ലാത്ത ആകർഷകത്വം തോന്നിയിട്ടുണ്ട്. 
അവർ തെരഞ്ഞെടുക്കുന്ന വിഷയങ്ങളിലെ വൈവിധ്യമാണ് സദസ്സിനെ ഭക്തിയിലാക്കുന്നത്. നിരവധി പുതിയ കാര്യങ്ങൾ ഇത്തരത്തിലുളള പ്രഭാഷണങ്ങളിൽ ഗ്രഹിക്കാനായിട്ടുണ്ട്. മക്കയിലും മദീനയിലും ദിവസങ്ങളോളം നമസ്‌കാരത്തിലും തറാവീഹിലും പങ്കെടുക്കാനായത് അല്ലാഹുവിന്റെ അനു്രഗഹം കൊണ്ടാണ്. തറാവീഹ് നമസ്‌കരാത്തിന് പലപ്പോഴും നേതൃത്വം നൽകുന്നത് ഖുർആൻ മനഃപാഠമാക്കിയ ഹാഫിദുകളായിരിക്കും. അവരുടെ ഖുർആൻ പാരായണത്തിൽ ലയിച്ചാൽ പിന്നെ നിസ്‌കാരത്തിന്റെ ദൈർഘ്യം അറിയില്ല. ഇന്ന് കേരളത്തിലെ പലയിടങ്ങളിലും ഹാഫിദുകളാണ് നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകുന്നത്. 
അഞ്ച് വർഷം മുമ്പാണ് അബുദാബി സർക്കാരിന്റെ അതിഥിയായി ക്ഷണിക്കപ്പെട്ടത്. മുതിർന്ന ഉദ്യോഗസ്ഥർ മുതൽ സാധാരണക്കാരായ പ്രവാസികളുടെ കൂടെ വരെ കഴിയാൻ ഇടയായിട്ടുണ്ട്. പലപ്പോഴും അറബി രാജ്യങ്ങളിൽ കൊടും ചൂടിലാണ് റമദാൻ എത്താറുള്ളത്.
അതിനാൽ നോമ്പിന് കാഠിന്യമേറും. നോമ്പെടുത്ത് ദീർഘനേരം തൊഴിലിലേർപ്പെടേണ്ട അവസ്ഥയുണ്ടാകും. നോമ്പുകാരന് ചെറിയ ഒരു ആശ്വാസം ചില സർക്കാരുകൾ നൽകാറുണ്ട്.      പ്രവാസികളെപ്പോലെ തന്നെ കൂടെയുളള വിദേശികളുടെ ഭക്ഷണവും നോമ്പ് കാലത്താണ് കൂടുതലും കാണാറുളളത്. അബുദാബിയിലെ നോമ്പു തുറയിൽ ഇത്തരം ഭക്ഷണങ്ങൾ നിരവധിയായിരുന്നു. 
എന്നാലും നോമ്പ് തുറക്കലിന് നാട്ടിലെ പത്തിരിയുടേയും കോഴിക്കറിയുടേയും സ്വാദ് മറ്റൊന്നിനുമില്ലെന്ന് പലപ്പോഴും  തോന്നിയിട്ടുണ്ട്.
 

Latest News