Sorry, you need to enable JavaScript to visit this website.

ഇടതുപക്ഷത്തിന്റെ ഭാവി

സീറ്റുകൾ കുറഞ്ഞാൽ സി.പി.എമ്മിന് ദേശീയ പാർട്ടി പദവി നഷ്ടപ്പെടും എന്നും മറ്റുമുള്ള വിലയിരുത്തൽ പ്രശ്‌നത്തിന്റെ ന്യൂനീകരണമാണ്. ദേശീയ രാഷ്ട്രീയത്തിലെ സർഗാത്മക ന്യൂനപക്ഷമാണ് വാസ്തവത്തിൽ ഇടതുപക്ഷം. സന്ദർഭത്തിനനുസരിച്ച് ഉയരേണ്ട കർത്തവ്യം ഇടതുപക്ഷത്തിന്റേത് തന്നെയാണ്. അവർക്കതിന് കഴിയുമോ എന്ന് മതേതര വിശ്വാസികൾ കാത്തിരിക്കുന്നു.

തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ ഭാവി എന്തായിരിക്കും? മതനിരപേക്ഷതയിലും സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങളിലും താൽപര്യമുള്ള രാഷ്ട്രീയ നിരീക്ഷകർ ഒട്ടൊരു ആശങ്കയോടെയും ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത എതിരാളികൾ അൽപം പരിഹാസത്തോടെയും ഏതാനും നാളുകളായി ഉന്നയിക്കുന്ന ചോദ്യമാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ നേതൃത്വത്തിൽ ഐക്യമുന്നണി രൂപീകരിക്കാനുള്ള സാധ്യത മങ്ങിയതും ദേശീയ തലത്തിൽ ബി.ജെ.പിക്ക് ബദലായി യു.പിയിലൊഴികെ ഫലപ്രദമായ സഖ്യങ്ങളൊന്നും രൂപീകൃതമാകാതിരുന്നതും ഈ ചോദ്യത്തിന്റെ സാധ്യത വർധിപ്പിച്ചു. കോൺഗ്രസുമായി തെരഞ്ഞെടുപ്പ് പൂർവ സഹകരണത്തിന്റെ സാധ്യതകൾ ആഭ്യന്തര ഭിന്നതകളാൽ ഇടതുപക്ഷത്തിന്റെ മുഖ്യ ചാലകശക്തിയായ സി.പി.എം തള്ളിയതും ഇത്തരം ചർച്ചകളിലേക്ക് വഴിതുറന്നു.
തെരഞ്ഞെടുപ്പിന് ശേഷം ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ പൊടിപോലും ഉണ്ടാകില്ല എന്ന് ആഹ്ലാദത്തോടെ പ്രഖ്യാപിക്കുന്നത് ശക്തമായ ഇടതുവിരുദ്ധ രാഷ്ട്രീയക്കാരാണ്. എന്നാൽ അങ്ങനെയൊരു അവസ്ഥ ഉണ്ടാകുന്നത് എത്രത്തോളം ആശാസ്യമാണ് എന്നതാണ് മതേതര ചിന്താഗതിക്കാരുടെ ആശങ്ക. വിശിഷ്യാ, ബി.ജെ.പി ഒരു ശക്തിയായി നിലനിൽക്കുകയും കോൺഗ്രസിന്റെ പ്രതിരോധം ദുർബലമായിത്തീരുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ. തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി വലിയ ഒറ്റക്കക്ഷിയായി മാറുമെന്ന സൂചനകൾ ശക്തമായിരിക്കേ, സങ്കീർണമായ രാഷ്ട്രീയാവസ്ഥയിലേക്ക് രാജ്യം എടുത്തെറിയപ്പെടാനുള്ള വലിയ സാധ്യതകൾ നിലനിൽക്കുകയും ചെയ്യുന്നു. ഈ സന്ദർഭത്തിലാണ് കോൺഗ്രസ് മുക്ത മതേതര സഖ്യത്തിനായി ശ്രമിക്കുന്ന തെലങ്കാന നേതാവ് ചന്ദ്രശേഖർ റാവുവിന്റെ കൈപിടിക്കാൻ സി.പി.എം മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നത്.
ഇടതുപക്ഷത്തിലെ പ്രധാന കക്ഷികളായ സി.പി.എമ്മും സി.പി.ഐയും തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ദേശീയ രാഷ്ട്രീയത്തിൽ പൂർണമായും അപ്രസക്തമാകുമെന്ന വിലയിരുത്തൽ ശക്തമാണ്. ഈ പാർട്ടികൾക്ക് താരതമ്യേന കരുത്തുള്ള ബംഗാളിലും ത്രിപുരയിലും അവർ ഏകദേശം തകർന്നടിഞ്ഞ നിലയിലാണ്. 20 സീറ്റുകൾ മാത്രമുള്ള കേരളമാണ് പിന്നെയുള്ള ഏക പ്രതീക്ഷ. അവിടെ അമ്പതു ശതമാനം സീറ്റുകളെങ്കിലും നേടാനുള്ള സാധ്യത പോലും വിദൂരമാണെന്നാണ് തെരഞ്ഞെടുപ്പ് നിരീക്ഷകർ പറയുന്നത്. 
തെരഞ്ഞെടുപ്പ് കാലത്ത് നടന്ന പ്രധാനപ്പെട്ട അഭിപ്രായ സർവേകളൊന്നും ഇടതുപക്ഷത്തിന്റെ വിജയം സൂചിപ്പിക്കുന്നില്ല. പരമാവധി അഞ്ചു സീറ്റുകൾ വരെയെന്ന അഭിപ്രായം ശക്തമായി നിലനിൽക്കുകയും ചെയ്യുന്നു. സി.പി.ഐ ആകട്ടെ, ഇത്തവണ ബിഹാറിലെ കനയ്യ കുമാറിന്റെ സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവരുമെന്നും സൂചനയുണ്ട്. തമിഴ്‌നാട്ടിലും കേരളത്തിലുമായി ലഭിക്കാവുന്ന ഏതാനും സീറ്റുകൾ കൊണ്ട് ദേശീയ രാഷ്ട്രീയത്തിൽ ശുഷ്‌ക സാന്നിധ്യമായി ഇടതുപക്ഷത്തിന് നിലനിൽക്കേണ്ടിവരുമെന്നതാണ് അവസ്ഥ.
ഏതാനും സീറ്റുകൾ കിട്ടുമെന്ന് ഇടതുപക്ഷം ആശ്വസിക്കുന്ന കേരളത്തിൽ പോലും സ്ഥിതി പ്രവചനാതീതമാണ് എന്നതാണ് സത്യം. മുസ്‌ലിം, ക്രിസ്ത്യൻ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും ശബരിമല പ്രശ്‌നവും രാഹുൽ ഗാന്ധിയുടെ സാന്നിധ്യവുമെല്ലാം കൂടി ഇടതുപക്ഷത്തിന് വെല്ലുവിളികൾ പലതായിരുന്നു. കേരളത്തിൽ വിജയിച്ച് ദൽഹിയിലേക്ക് ചെന്നിട്ട് വലിയ കാര്യമില്ലെന്നും ബി.ജെ.പിയെ പ്രതിരോധിക്കാൻ രാഹുലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് തന്നെ വേണമെന്നുമുള്ള ന്യൂനപക്ഷ ചിന്ത, തെരഞ്ഞെടുപ്പിന്റെ അവസാന വേളയിൽ കൂടുതൽ ശക്തമായിരുന്നു. രാഹുൽ ഗാന്ധി പ്രകടിപ്പിച്ച പക്വതയും ആത്മവിശ്വാസം നൽകുന്ന പ്രസംഗങ്ങളുമെല്ലാം ജനങ്ങളെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. കോൺഗ്രസുകാരെ വിശ്വസിക്കാൻ പറ്റില്ലെന്നും ബി.ജെ.പിയെ ചെറുക്കാൻ തങ്ങൾ തന്നെ വേണമെന്നുമുള്ള സി.പി.എം പ്രചാരണം രാഹുലിന്റെ സാന്നിധ്യത്തിലൂടെ മുനയൊടിഞ്ഞതായി മാറി. രാഹുലിന്റെ പ്രസംഗങ്ങളിലും നിലപാടുകളിലും അവ്യക്തതയില്ലായിരുന്നുവെന്നതും ന്യൂനപക്ഷ വിഭാഗത്തിന് അത് വിശ്വസനീയമായിരുന്നുവെന്നതും സി.പി.എമ്മിന് തിരിച്ചടിയായി.
മറുഭാഗത്ത്, സവർണ ഹിന്ദു വോട്ടുകൾ മാത്രമല്ല, ശബരിമല പ്രശ്‌നത്തിൽ ഹിന്ദുക്കളിലൊന്നാകെ പരന്ന അസംതൃപ്തി തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലുമുണ്ട്. ഇത് കോൺഗ്രസിനേക്കാൾ ബി.ജെ.പിക്കാണ് സഹായകമായതെങ്കിലും നഷ്ടം സി.പി.എമ്മിനാണ്. ഇടതുപക്ഷം പൊതുവെ തെരഞ്ഞെടുപ്പുകളിലുയർത്തുന്ന ജനകീയ പ്രശ്‌നങ്ങളൊന്നും ഇത്തവണ വേണ്ട രീതിയിൽ അവതരിപ്പിക്കാനും പ്രതിരോധത്തിലായ സി.പി.എമ്മിനും സി.പി.ഐക്കും കഴിഞ്ഞതുമില്ല. രാജ്യം നിലനിൽക്കണോ, ജനാധിപത്യം തുടരണോ, ഭരണഘടന സംരക്ഷിക്കണോ, കോടതികൾ തുടർന്നും ഉണ്ടാകണോ തുടങ്ങിയ മൗലിക പ്രധാനമായ ചോദ്യങ്ങളിലേക്ക് ചർച്ചകളെ വഴിതിരിച്ചുവിടാൻ കോൺഗ്രസിന് ഒരു പരിധി വരെ കഴിഞ്ഞത് ഇടതുപക്ഷത്തിന് തങ്ങളുടെ ജനകീയ അജണ്ടകൾ ഉന്നയിക്കുന്നതിന് തടസ്സമായി. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെ അപ്രവചനീയമാക്കുന്നത് ഇത്തരം കാര്യങ്ങളാണ്. 
ഏറ്റവും അവസാനത്തെ നിഗമനങ്ങളനുസരിച്ച് ഉത്തർപ്രദേശിൽ പോലും ബി.ജെ.പി വലിയ തിരിച്ചടി നേരിടും. വലിയ അടിയൊഴുക്കുകൾ ഇവിടങ്ങളിൽ ഉണ്ടായിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. യു.പിയിൽ ബി.ജെ.പി 15 നും 25 നുമിടക്ക് സീറ്റുകളിൽ ഒതുങ്ങിയാൽ പോലും അത്ഭുതത്തിന് വകയില്ല എന്നാണ് അവർ പറയുന്നത്.
 അതിനാൽ തന്നെ, തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തെക്കുറിച്ച ചർച്ചകൾക്ക് ചൂടു പിടിച്ചിട്ടുണ്ട്. എന്നാൽ ബി.ജെ.പിയെപ്പോലെ, മതേതര കക്ഷികളും കോൺഗ്രസ് മുക്ത ഭാരതം ഉള്ളാലെ സ്വപ്‌നം കാണുന്നതാണ് ഇത്തരം സഖ്യ ചർച്ചകൾ വഴിമുട്ടാൻ കാരണം. കോൺഗ്രസിന്റെ സഹായമില്ലാതെ എങ്ങനെ ബി.ജെ.പിയെ പ്രതിരോധിക്കാം എന്നാണ് മിക്ക പ്രതിപക്ഷ കക്ഷികളും ആലോചിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ അത് അസാധ്യമെങ്കിൽ കൂടി കോൺഗ്രസിനെ അപ്രസക്തമാക്കുക മാത്രമാണ് തങ്ങളുടെ രാഷ്ട്രീയ ബലം വർധിപ്പിക്കാനുള്ള മാർഗം എന്ന ചിന്ത അവരിൽ പ്രബലമാണ്. ഭാഗ്യവശാലോ നിർഭാഗ്യവശാലോ അവരോടൊപ്പമാണ് ഇടതുപക്ഷവും.
ഇത് അസ്വാഭാവികമല്ല. കാരണം, ഇടതുപക്ഷം പണ്ടുമുതലേ കോൺഗ്രസ് വിരുദ്ധരായിരുന്നു. കോൺഗ്രസിനെതിരെ പട നയിച്ചാണ് അവർ ഇവിടെ വരെയെത്തിയത്. പെട്ടെന്നൊരു സുപ്രഭാതത്തിൽ, അതെല്ലാം വിഴുങ്ങാനും കോൺഗ്രസിനൊപ്പം കൈകോർക്കാനും അവർക്ക് പ്രയാസമുണ്ട്. ഒന്നാം യു.പി.എ സർക്കാരിന് ഇടതുപക്ഷം നൽകിയ പിന്തുണ സി.പി.എമ്മിലുണ്ടാക്കിയ വിള്ളൽ വളരെ വലുതായിരുന്നു. തങ്ങളുടെ സൈദ്ധാന്തിക പരിപ്രേക്ഷ്യത്തിന് ഇണങ്ങുന്ന സഖ്യമല്ല കോൺഗ്രസുമായുള്ളത് എന്നവർക്കറിയാം. ബി.ജെ.പി എന്ന വലിയ ഭീഷണിയെ ചെറുക്കുകയെന്ന താൽക്കാലിക ലക്ഷ്യം മാത്രമാണ് കോൺഗ്രസുമായുള്ള സഹകരണത്തിന് അവരെ പ്രേരിപ്പിക്കുന്നത്. കോൺഗ്രസിന്റെ നയപരിപാടികളിലോ, സാമ്പത്തിക നയങ്ങളിലോ തെല്ലും താൽപര്യം ഇടതുപക്ഷത്തിനില്ല. അതുകൊണ്ടാണ് ഒന്നാം യു.പി.എ സർക്കാർ നടപ്പാക്കിയ, ദേശീയ തൊഴിലുറപ്പ് പദ്ധതി അടക്കമുള്ള ഇടതു സ്വഭാവമുള്ള ക്ഷേമ പരിപാടികളുടെയെല്ലാം പിതൃത്വം ഇടതുപക്ഷം അവകാശപ്പെടുന്നത്. ഈ ആശയഭിന്നത കോൺഗ്രസുമായുള്ള സഖ്യ കാര്യത്തിൽ സി.പി.എമ്മിനെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. 
എന്നാൽ ഇടതുപക്ഷം ദുർബലമാകുന്നതും പതുക്കെപ്പതുക്കെ ഇല്ലാതാകുന്നതും ദേശീയ രാഷ്ട്രീയത്തിന് ഗുണകരമാണോ എന്നതാണ് പ്രധാനം. സീറ്റുകൾ കുറഞ്ഞാൽ സി.പി.എമ്മിന് ദേശീയ പാർട്ടി പദവി നഷ്ടപ്പെടും എന്നും മറ്റുമുള്ള വിലയിരുത്തൽ പ്രശ്‌നത്തിന്റെ ന്യൂനീകരണമാണ്. ദേശീയ രാഷ്ട്രീയത്തിലെ സർഗാത്മക ന്യൂനപക്ഷമാണ് വാസ്തവത്തിൽ ഇടതുപക്ഷം. ബി.ജെ.പിയും ആർ.എസ്.എസും പ്രതിനിധാനം ചെയ്യുന്ന തീവ്രദേശീയ, വർഗീയ സ്വഭാവമുള്ള വലതുപക്ഷ രാഷ്ട്രീയത്തെ ആശയപരമായി ചെറുക്കാൻ ശേഷി കൂടുതൽ അവർക്കാണ്. ഇപ്പോൾ ബി.ജെ.പി വിരുദ്ധ ഭാഗത്ത് നിലകൊള്ളുന്ന പ്രാദേശിക, മൂന്നാം മുന്നണി കക്ഷികളിൽ എത്രപേർ തെരഞ്ഞെടുപ്പിന് ശേഷവും അത്തരമൊരു നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് ആർക്കുമറിയില്ല. രാഷ്ട്രീയത്തിൽ സ്ഥിരമായി ശത്രുക്കളോ മിത്രങ്ങളോയില്ല എന്ന തത്വം പതിവായി പാലിച്ചുപോകുന്നവരാണ് അവരിൽ പലരും. ഈ സവിശേഷ സാഹചര്യമാണ് ബി.ജെ.പിക്കെതിരെ വിശ്വസിക്കാൻ പറ്റുന്ന സഖ്യകക്ഷിയായി ഇടതുപക്ഷത്തെ കാണാൻ കോൺഗ്രസിനെ പോലും പ്രേരിപ്പിക്കുന്നത്. 
തെരഞ്ഞെടുപ്പിന് ശേഷം സമകാലിക പാർലമെന്ററി രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തിന്റെ ഭാവി രണ്ടു കാര്യങ്ങളിൽ അധിഷ്ഠിതമാണെന്ന് തോന്നുന്നു. ഒന്ന്, തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശേഷം രൂപം കൊള്ളുന്ന ബി.ജെ.പി വിരുദ്ധ മുന്നണിയുടെ സ്വഭാവവും അതിൽ ഇടതുപക്ഷത്തിന്റെ പങ്കും. രണ്ട്, കോൺഗ്രസുമായി സഹകരിക്കാനുള്ള സി.പി.എമ്മിന്റേയും മറ്റ് ഇടതുകക്ഷികളുടേയും സന്നദ്ധതയും സാധ്യതയും. ആദ്യത്തേത് കൂടുതൽ വിശകലനം ചെയ്യുകയാണെങ്കിൽ, ബി.ജെ.പിക്കെതിരെ സഖ്യം രൂപീകരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ കഴിവിലാണ് ഇടതുപക്ഷത്തിന്റെ പങ്കാളിത്തമിരിക്കുന്നത്. മതേതരത്വം, സാമൂഹിക നീതി, ക്ഷേമ സാമ്പത്തിക വ്യവസ്ഥ എന്നിവയുടെ അടിസ്ഥാനത്തിൽ ശക്തമായ ഒരു സഖ്യം രൂപീകരിക്കാൻ രാഹുലിന് കഴിഞ്ഞാൽ അത് ഇടതുപക്ഷത്തിന് മികച്ച പങ്കാളിത്തമുള്ളതായിരിക്കും, അവർക്ക് എത്ര സീറ്റുണ്ട് എന്നതിനെ ആശ്രയിച്ചായിരിക്കില്ല അവരുടെ പങ്കാളിത്തമെന്നതിനാലാണിത്. 
ഇടതുപക്ഷത്തെ അവരുടെ ആശയതലം കൂടി ഉൾക്കൊണ്ട് ഒപ്പംകൂട്ടാൻ രാഹുൽ ഗാന്ധിക്ക് കഴിയുമെന്ന് ഉറപ്പാണ്. എന്നാൽ ഈ സാധ്യതയെ ഉറപ്പിക്കുന്നത്, കോൺഗ്രസുമായി കൂടണമോ എന്ന ആഭ്യന്തര ചർച്ചയിൽ സി.പി.എം എത്തിച്ചേരുന്ന നിലപാടാണ്. കോൺഗ്രസ് അടക്കമുള്ള മതേതര, ജനാധിപത്യ പാർട്ടികളുമായി ഒത്തുപോകണമോ, അതോ ഒറ്റക്ക് നിൽക്കണോ എന്ന ചർച്ച ഏറെക്കാലമായി സി.പി.എമ്മിൽ ശക്തമാണുതാനും. സി.പി.എമ്മിൽ സീതാറാം യെച്ചൂരി പ്രതിനിധാനം ചെയ്യുന്ന ആശയധാരക്ക് പ്രാമുഖ്യം ലഭിക്കുമോ എന്നതാണ് പ്രധാന ചോദ്യം. സന്ദർഭത്തിനനുസരിച്ച് ഉയരേണ്ട കർത്തവ്യം തീർച്ചയായും ഇന്ത്യയിലെ ഇടതുപക്ഷത്തിന്റേത് തന്നെയാണ്. ദേശീയ രാഷ്ട്രീയത്തിലെ അവരുടെ സർഗാത്മക സാന്നിധ്യം ആഗ്രഹിക്കുന്നവരെ തൃപ്തരാക്കും വിധം അത് ഉൾക്കൊള്ളാൻ അവർക്ക് കഴിയുമോ എന്നറിയാൻ ഇനി നാളുകൾ മാത്രം.

Latest News