Sorry, you need to enable JavaScript to visit this website.

എണ്ണ പൈപ്പ്‌ലൈന്‍ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനും ഹൂത്തികളും -സൗദി അറേബ്യ

ആക്രമണങ്ങൾക്ക് ഉപയോഗിച്ചത് ഏഴു ഡ്രോണുകൾ

റിയാദ് - ചൊവ്വാഴ്ച രാവിലെ സൗദി അറാംകൊ എണ്ണ പൈപ്പ് ലൈനുകൾക്കു നേരെയുണ്ടായ ആക്രമണങ്ങളുടെ പൂർണ ഉത്തരവാദിത്തം ഇറാനും ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യകൾക്കുമാണെന്ന് യു.എൻ രക്ഷാസമിതിക്ക് നൽകിയ കത്തിൽ സൗദി അറേബ്യ കുറ്റപ്പെടുത്തി. ഐക്യരാഷ്ട്ര സഭയിലെ സൗദി സ്ഥിരം പ്രതിനിധി അബ്ദുല്ല അൽമുഅല്ലിമിയാണ് രക്ഷാസമിതിക്ക് കത്ത് കൈമാറിയത്. ആക്രമണങ്ങൾ നടത്തുന്നതിന് മിലീഷ്യകൾ ഏഴു ഡ്രോണുകൾ ഉപയോഗിച്ചതായും കത്ത് വ്യക്തമാക്കി. 
കഴിഞ്ഞ ഞായറാഴ്ച യു.എ.ഇ തീരത്തു വെച്ച് നാലു എണ്ണ കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണങ്ങൾ വിശദീകരിച്ച് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് യു.എന്നിലെ സൗദി, യു.എ.ഇ അംബാസഡർമാർ സംയുക്ത കത്തും കൈമാറി. സമുദ്ര ഗതാഗത, ആഗോള വാണിജ്യ സുരക്ഷക്കും കപ്പലുകളിലെ ജീവനക്കാരുടെ ജീവനും ആക്രമണങ്ങൾ ഭീഷണി സൃഷ്ടിച്ചു. പരിസ്ഥിതി ദുരന്തത്തിനുള്ള സാധ്യത ആക്രമണങ്ങൾ വർധിപ്പിച്ചതായും സംയുക്ത കത്തിൽ സൗദി അറേബ്യയും യു.എ.ഇയും പറഞ്ഞു. 
ആക്രമണങ്ങൾക്കിരയായ എണ്ണ പൈപ്പ് ലൈനുകൾ വഴി സൗദി അറാംകൊ എണ്ണ പമ്പിംഗ് പുനരാരംഭിച്ചു. ആക്രമണങ്ങളെ തുടർന്ന് പൈപ്പ് ലൈനുകൾ പരിശോധനക്കായി സൗദി അറാംകൊ താൽക്കാലികമായി അടച്ചിരുന്നു. പൈപ്പ്‌ലൈനുകളിൽ അഫീഫിലും ദവാദ്മിയിലുമുള്ള പമ്പിംഗ് നിലയങ്ങൾക്കു നേരെയാണ് സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തിയത്. ആക്രമണത്തിൽ എട്ടാം നമ്പർ പമ്പിംഗ് നിലയത്തിൽ അഗ്നിബാധയുണ്ടായിരുന്നു. 
ആക്രമണങ്ങളെ യു.എന്നും അപലപിച്ചു. സൗദിയിലെ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അപലപിച്ചതായി യു.എൻ വക്താവ് സ്റ്റീഫൻ ഡൊജാരിക് പറഞ്ഞു. സിവിലിയൻ പശ്ചാത്തല സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. യു.എ.ഇ തീരത്തു വെച്ച് വാണിജ്യ കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണങ്ങളെയും ഗുട്ടെറസ് അപലപിച്ചു. ആക്രമണങ്ങൾക്കു പിന്നിൽ ആരാണ് പ്രവർത്തിച്ചതെന്ന് നിർണയിക്കുന്നതിനും അവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും കൂടുതൽ അന്വേഷണങ്ങൾ ആവശ്യമാണെന്നും യു.എൻ സെക്രട്ടറി ജനറൽ പറഞ്ഞു. 
സൗദി എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളെ യു.എൻ രക്ഷാസമിതിയിൽ കുവൈത്തും അപലപിച്ചു. രാജ്യസുരക്ഷ സംരക്ഷിക്കുന്നതിന് സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കുവൈത്ത് പിന്തുണ നൽകുമെന്ന് യു.എന്നിലെ കുവൈത്ത് പ്രതിനിധി സംഘം ആക്ടിംഗ് ചാർജ് ഡി അഫയേഴ്‌സ് ബദ്ർ അൽമുനീഖ് പറഞ്ഞു. സൗദി അറേബ്യക്കെതിരെ ഇറാൻ പിന്തുണയുള്ള ഹൂത്തികൾ  ആക്രമണങ്ങൾ തുടരുന്നത് മേഖലയിലെ സുരക്ഷാ ഭദ്രതക്ക് ഭീഷണിയാണെന്നും കുവൈത്ത് പ്രതിനിധി പറഞ്ഞു. 


 

Latest News