Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ആക്രമണത്തിന് ഉത്തരവിട്ടത് ഇറാനെന്ന്‌ ഖാലിദ് ബിൻ സൽമാൻ

റിയാദ് - സൗദി അറാംകൊക്കു കീഴിലെ എണ്ണ പമ്പിംഗ് നിലയങ്ങൾക്കു നേരെ ആക്രമണങ്ങൾക്ക് ഉത്തരവിട്ടത് ഇറാനാണെന്ന് ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. ആക്രമണത്തിലൂടെ തങ്ങൾ ഇറാന്റെ അജണ്ട നടപ്പാക്കുന്ന ഉപകരണമാണെന്നാണ് ഹൂത്തികൾ തെളിയിക്കുന്നത്. ഹൂത്തികൾ വാദിക്കുന്നതു പോലെ അവർ യെമനികളുടെ സംരക്ഷണത്തിനല്ല പ്രവർത്തിക്കുന്നത്. മേഖലയിൽ ഇറാന്റെ വിപുലീകരണ പദ്ധതി നടപ്പാക്കുന്നതിനുള്ള ഉപകരണമായാണ് ഹൂത്തികൾ പ്രവർത്തിക്കുന്നത്. ഇറാനിലെ പരമോന്നത നേതാക്കളിൽ നിന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹൂത്തികൾ ഭീകരാക്രമണങ്ങൾ നടത്തുന്നത്. യെമൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണുന്നതിന് നടത്തുന്ന ശ്രമങ്ങൾക്ക് ഹൂത്തികൾ തൂക്കുകയർ ഒരുക്കുകയാണ് ചെയ്യുന്നതെന്നും ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. 


ഇറാന്റെ അജണ്ടകളാണ് തങ്ങൾ നടപ്പാക്കുന്നതെന്ന് ഓരോ ദിവസം കഴിയുന്തോറും ഹൂത്തികൾ കൂടുതൽ കൂടുതൽ തെളിയിച്ചുവരികയാണെന്ന് വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈറും പറഞ്ഞു. ഇറാൻ റെവല്യൂഷനറി നാഷണൽ ഗാർഡിന്റെ അവിഭാജ്യ ഭാഗമാണ് തങ്ങളെന്ന് ഹൂത്തികൾ തെളിയിക്കുന്നു. റെവല്യൂഷനറി നാഷണൽ ഗാർഡിന്റെ ഉത്തരവുകളാണ് ഹൂത്തികൾ പാലിക്കുന്നത്. സൗദിയിലെ എണ്ണ വ്യവസായ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങൾ ഇതാണ് വ്യക്തമാക്കുന്നത്. യെമൻ ജനതയുടെ ആർജിത നേട്ടങ്ങളും തീരുമാനങ്ങളും ഇറാനു വേണ്ടി ഹൂത്തികൾ വിൽപന നടത്തുകയാണെന്നും ആദിൽ അൽജുബൈർ പറഞ്ഞു.

Latest News