Sorry, you need to enable JavaScript to visit this website.

സൗദികൾ ലഭ്യമായ തസ്തികകളിൽ വിദേശികളുടെ ഇഖാമ പുതുക്കില്ല

റിയാദ് - പൊതു, സ്വകാര്യ മേഖലകളിലെ തസ്തികകളിൽ  യോഗ്യരായ സൗദികൾ ലഭ്യമാണെങ്കിൽ വിദേശികളുടെ ഇഖാമ പുതുക്കുകയോ വിസകൾ അനുവദിക്കുകയോ ചെയ്യരുതെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിട്ടു. 
യോഗ്യരായ സൗദികൾ ലഭ്യമാണെങ്കിൽ വിദേശികളെ നിയമിക്കുന്നതിനും വിദേശികളുടെ തൊഴിൽ കരാറുകൾ പുതുക്കുന്നതിനും സിവിൽ സർവീസ് മന്ത്രാലയം സമ്മതപത്രം നൽകില്ല. അത്തരം സാഹചര്യത്തിൽ വിദേശികൾക്ക് പുതിയ വിസകളും ഇഖാമകളും അനുവദിക്കുകയോ ഇഖാമ പുതുക്കി നൽകുകയോ ചെയ്യരുതെന്ന് രാജകൽപനയിലുള്ളതായി വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രമുഖ ഓൺലൈൻ പത്രം റിപ്പോർട്ട് ചെയ്തു.
സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും കീഴിലെ ഓപ്പറേഷൻസ്, മെയിന്റനൻസ് കരാറുകളിൽ ജോലി ചെയ്യുന്ന സ്വദേശികളുടെയും വിദേശികളുടെയും വിവരങ്ങളും തസ്തികകളുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖപ്പെടുത്തുന്നതിന് സർക്കാർ വകുപ്പുകൾക്ക് സാധിക്കും വിധം സിവിൽ സർവീസ് മന്ത്രാലയത്തിലെ കംപ്യൂട്ടർ സംവിധാനങ്ങൾ 180 ദിവസത്തിനകം പരിഷ്‌കരിക്കുന്നതിനും നിർദേശമുണ്ട്. വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിനും തൊഴിൽ കരാറുകൾ പുതുക്കുന്നതിനും സമ്മതപത്രങ്ങൾ അനുവദിക്കുന്നതിനുള്ള കംപ്യൂട്ടർ സംവിധാനം 60 ദിവസത്തിനകം വികസിപ്പിക്കണമെന്നും രാജകൽപന ആവശ്യപ്പെട്ടു. കംപ്യൂട്ടർ സംവിധാനം നിലവിൽവന്ന് 60 ദിവസത്തിനകം സർക്കാർ വകുപ്പുകൾ ഓപ്പറേഷൻസ്, മെയിന്റനൻസ് കരാറുകളിൽ ജോലി ചെയ്യുന്ന സ്വദേശികളുമായും വിദേശികളുമായും ബന്ധപ്പെട്ട വിവരങ്ങൾ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. 
വിദേശികളുമായി തൊഴിൽ കരാറുകൾ ഒപ്പുവെക്കുന്നതു മുതൽ അവർക്കു പകരം സൗദികളെ നിയമിക്കുന്നതുവരെയുള്ള ഘട്ടങ്ങൾ നിരീക്ഷിക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവുമായും ജവാസാത്തുമായും ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നാഷണൽ ഇൻഫർമേഷൻ സെന്ററുമായും സിവിൽ സർവീസ് മന്ത്രാലയം ഏകോപനം നടത്തണമെന്നും വിദേശികൾക്കു പകരം സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കുന്നതിന് ഈ വകുപ്പുകളെ പരസ്പരം ബന്ധിപ്പിക്കണമെന്നും രാജകൽപന ആവശ്യപ്പെട്ടു. 
സർക്കാർ വകുപ്പുകളിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യുന്നതും നിലവിലുള്ള വിദേശ തൊഴിലാളികളുടെ കരാറുകൾ പുതുക്കുന്നതും നിയന്ത്രിക്കുന്ന രാജകൽപന കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. യോഗ്യരായ സൗദികളെ കിട്ടാനുള്ള പക്ഷം വിദേശികൾക്കു പകരം അവരെ നിയമിക്കണമെന്നാണ് നിർദേശം. വിദേശികൾക്കു പകരം സൗദികളെ നിയമിക്കൽ നിർബന്ധമാക്കുന്ന രാജകൽപനകൾ ലംഘിച്ച് ചില സർക്കാർ വകുപ്പുകൾ വിദേശികളെ നിയമിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രാജാവിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ കർശന നിർദേശങ്ങൾ നൽകി പുതിയ രാജകൽപന പുറപ്പെടുവിച്ചത്. 
സെക്രട്ടറി, ഓഫീസ് മാനേജർ, ഫോട്ടോ കോപ്പി ജോലിക്കാർ, വിവരങ്ങൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങൾ, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ജോലികൾ എന്നീ തസ്തികകളിലും ജോലികളിലും വകുപ്പുകളിലും വിദേശികളെ നിയമിക്കുന്നത് വിലക്കുന്ന രാജകൽപന നിലവിലുണ്ട്. ഇത്തരം തസ്തികകളിൽ വിദേശികൾക്കു പകരം യോഗ്യരായ സൗദികളെ നിയമിക്കണമെന്നാണ് നിർദേശം. 

Latest News