Sorry, you need to enable JavaScript to visit this website.

കടമ്പകൾ നീങ്ങുന്നു; ഇന്ത്യയിൽ വാട്‌സാപ്പ് പേ ജൂലൈയിൽ 

ഇന്ത്യയിൽ ഡിജിറ്റൽ പെയ്‌മെന്റ് കുതിക്കുന്നു, 2023 ൽ ഒരു ട്രില്യൺ ഡോളറിലെത്തും

ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് സ്ഥാനമുറപ്പിച്ച കമ്പനികൾക്ക് കനത്ത വെല്ലുവിളി ഉയർത്തി ജനപ്രിയ ആപ്ലിക്കേഷനായ വാട്‌സാപ്പിന്റെ പെയ്‌മെന്റ് സംവിധാനം വരുന്നു. പേടിഎം, ഗൂഗിൾപേ, ഫോൺപെ, ആമസോൺ പേ തുടങ്ങിയവയാണ് ഡിജിറ്റൽ പെയ്‌മെന്റിൽ നിലവിൽ രാജ്യത്ത് പ്രശസ്തമായ കമ്പനികൾ. ഇതിനു പുറമെ ഡിജിറ്റൽ പെയ്‌മെന്റിന് സൗകര്യമൊരുക്കുന്ന വേറെയും ചെറുകിട കമ്പനികളുണ്ട്. 
2023 ആകുമ്പോഴേക്കും ഇന്ത്യയിൽ ഡിജിറ്റൽ പെയ്‌മെന്റ് ഒരു ട്രില്യൺ ഡോളർ കവിയുമെന്നാണ് നീതി ആയോഗിന്റെ ഏറ്റവും ഒടുവിലത്തെ ഡിജിറ്റൽ പേയ്‌മെന്റ് റിപ്പോർട്ട്. മത്സരം കടുത്തതോടെ വൻ ഓഫറുകളാണ് വിവിധ കമ്പനികൾ ഉപഭോക്താക്കൾക്ക് നൽകുന്നത്. വാട്‌സാപ്പ് പേ കൂടി വരുന്നതോടെ മത്സരം കൂടുതൽ ശക്തമാകുകയും അതിന്റെ ആനുകൂല്യം ഉപയോക്താക്കൾക്ക് ലഭിക്കുകയും ചെയ്യും.
ഇന്ത്യയിൽ വാട്‌സാപ്പ് പേ ആരംഭിക്കുന്നതിന് മാതൃകമ്പനിയായ ഫേസ് ബുക്ക് കഴിഞ്ഞ വർഷം തന്നെ ശ്രമം തുടങ്ങിയിരുന്നുവെങ്കിലും പലവിധ കടമ്പകൾ കടക്കാനുണ്ടായിരുന്നു. ഇന്ത്യയിലെ വാട്‌സാപ്പ് ഉപയോക്താക്കൾക്ക ഡിജിറ്റൽ പേയ്‌മെന്റ് സേവനങ്ങൾ ഉപയോഗിക്കുന്നതിന് അംഗീകാരം തേടി കഴിഞ്ഞ വർഷമാണ് ഫേസ് ബുക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് അപേക്ഷ അയച്ചത്. പരീക്ഷണത്തിന്റെ ഭാഗമായി ഈ വർഷം ആദ്യം ഇന്ത്യയിൽ വാട്‌സാപ്പ് പേ ആരംഭിച്ചു. അവിശ്വസനീയമാം വിധം പത്ത് ലക്ഷം വാട്‌സാപ്പ് ഉപയോക്താക്കളാണ് പരീക്ഷണത്തിൽ പങ്കെടുക്കുന്നത്. വാട്‌സാപ്പ് പേ ട്രയൽ അടുത്ത ജൂലൈയോടെ പൂർത്തിയാകും. ഇതിനു പിന്നാലെ വാട്‌സാപ്പ് പേ ഔപചാരികമായി ഉദ്ഘാടനം ചെയ്യുമെന്നാണ് കരുതുന്നത്. ഇന്ത്യയിൽ മൊബൈൽ പെയ്‌മെന്റ് സംവിധാനം ആരംഭിക്കാൻ കാത്തിരിക്കയാണെന്ന് ഫേസ് ബുക്ക് ഈയിടെ വ്യക്തമാക്കിയിരുന്നു. 
സുപ്രീം കോടതിയും കേന്ദ്ര സർക്കാരും അനുകൂല തീരുമാനം കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് ഫേസ്ബുക്കും വാട്‌സാപ്പും മുന്നോട്ടു പോകുന്നത്. ഡാറ്റ ലോക്കലൈസേഷൻ ചട്ടങ്ങൾ അടക്കം റിസർവ് ബാങ്കിന്റെ എല്ലാ മാർഗനിർദേശങ്ങളും പാലിച്ചുകൊള്ളാമെന്ന് കമ്പനി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഇടപാടുകളുടെ ഡാറ്റകൾ ഇന്ത്യയിൽ തന്നെ സൂക്ഷിക്കണമെന്നതാണ് ഡാറ്റ ലോക്കലൈസേഷൻ നിബന്ധന. വാട്‌സാപ്പ് വഴിയുള്ള പണമിടപാടിന് നാഷനൽ പെയ്‌മെന്റ്‌സ് കോർപറേഷൻ (എൻപിസിഐ) നേരത്തെ തന്നെ അംഗീകാരം നൽകിയിരുന്നു.
പെയ്‌മെന്റിലാണ് ഇനി അനന്ത സാധ്യതകളെന്നും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കഴിഞ്ഞയാഴ്ച ഫേസ് ബുക്ക് ഡെവലപ്പർമാരുടെ എഫ് 8 സമ്മേളനത്തിൽ സി.ഇ.ഒമാർക്ക് സക്കർബർഗ് വാട്‌സാപ്പ് പേയെ കുറിച്ച് പറഞ്ഞിരുന്നു. 
വാട്‌സാപ്പിലെ പെയ്‌മെന്റ് ഫീച്ചർ 30 കോടി ഇന്ത്യക്കാർക്ക് ലഭ്യമാക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. യുപിഐ പെയ്‌മെന്റ് സംവിധാനം അടിസ്ഥാനമാക്കിയാണ് വാട്‌സാപ്പ് പേ പ്രവർത്തിക്കുക. 
ഫോട്ടോ, വീഡിയോ, മെസേജുകൾ എന്നിവ അയക്കുന്നതു പോലെ തന്നെ വാട്‌സാപ്പ് വഴി പെയ്‌മെന്റ് നടത്താനാകും. ഏറ്റവും ലളിതമായ രീതിയിലാണ് വാട്‌സാപ്പ് പെയ്‌മെന്റ് ഫീച്ചർ സംവിധാനിച്ചിരിക്കുന്നത്. വാട്‌സാപ്പ് ഉപയോഗിക്കുന്നവർക്ക് മാത്രമാണ് വാട്‌സാപ്പ് പേയും ഉപയോഗിക്കാൻ കഴിയുക. ബാങ്കുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലെ വാട്‌സാപ്പ് അക്കൗണ്ടിലായിരിക്കും സേവനം. ഇടപാടുകൾക്ക് യുപിഐ പിൻ ഉപയോഗിക്കണം. 
ഇന്ത്യയിലെ പ്രമുഖ ബാങ്കുകളായ എച്ച്ഡിഎഫ്‌സി , ഐസിഐസിഐ, ആക്‌സിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുമായി ചേർന്നാണ് വാട്‌സാപ്പ് പേ നടപ്പിലാക്കുന്നത്. നിലവിൽ പരീക്ഷണാർഥം വാട്‌സാപ്പ് പേ ഉപയോഗിക്കുന്ന പത്ത് ലക്ഷം പേരിൽനിന്ന് ഇൻവിറ്റേഷൻ ലഭിക്കുന്നവർക്കാണ് തുടക്കത്തിൽ വാട്‌സാപ്പ് പേ സേവനം ലഭിക്കുക. 

Latest News