Sorry, you need to enable JavaScript to visit this website.

കളത്തിലിറങ്ങി സോണിയ; മേയ് 23ന് പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ നീക്കമാരംഭിച്ചു

ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കുന്ന മേയ് 23ന് പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ച് അണിനിരത്താന്‍ കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് സോണിയാ ഗാന്ധി. ഫലം പുറത്തു വരാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ യുപിഎ അധ്യക്ഷയായ സോണിയ വിവിധ പാര്‍ട്ടികളെ മേയ് 23ന് നടക്കുന്ന യോഗത്തിലേക്ക് ക്ഷണിച്ച് കത്തെഴുതിത്തുടങ്ങി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം 2017ല്‍ മകന്‍ രാഹുല്‍ ഗാന്ധിക്കു കൈമാറിയ ശേഷം പ്രത്യക്ഷ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങിക്കഴിയുകയായിരുന്ന സോണിയ ഇപ്പോള്‍ പ്രതിപക്ഷത്തെ ഏകീകരിപ്പിക്കുന്ന ചുമതല ഏറ്റെടുത്ത് സജീവമായി രംഗത്തെത്തിയിരിക്കുകയാണ്. ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍, എന്‍സിപി നേതാവ് ശരത് പവാര്‍, യുപിയിലെ പ്രതിപക്ഷ സഖ്യ നേതാക്കളായ ബിഎസ്പിയുടെ മായാവതി, എസ്പിയുടെ അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കള്‍ക്ക് സോണിയ എഴുതിയിട്ടുണ്ട്.

മക്കളായ രാഹുലും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ബിജെപിക്കെതിരെ സജീവമായി തെരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് രാജ്യവ്യാപകമായി സഞ്ചരിച്ചിരുന്നെങ്കിലും ദേശീയ പ്രചാരണ രംഗത്ത്  സോണിയയുടെ സാന്നിധ്യമുണ്ടായിരുന്നില്ല. എങ്കിലും ഫലപ്രഖ്യാപന അടുത്തതോടെ സോണിയ നിയന്ത്രണമേറ്റെടുത്തിരിക്കുകയാണെന്നാണ് സൂചന. സാധ്യമായ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളേയും കൂടെ കുട്ടാനാണ് കോണ്‍ഗ്രസിന്റെ നീക്കം. കോണ്‍ഗ്രസ് സഖ്യത്തോട് അകലം പ്രകടിപ്പിക്കുന്നവരേയും തണുപ്പന്‍ നിലപാടുള്ളവരേയും സഖ്യത്തിലേക്കു കൊണ്ടുവരാനാണ് ശ്രമം.

മേയ് 23ന് നടക്കുന്ന യോഗത്തില്‍ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, ശരത് പവാര്‍ എന്നിവരും പങ്കെടുക്കും. തെലങ്കാന രാഷ്ട്ര സമിതി നേതാവ് ചന്ദ്രശേഖര്‍ റാവു, ബിജെപി നേതാവ് നവീന്‍ പട്‌നായിക്, വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി എന്നിവരേയും കോണ്‍ഗ്രസ് സമീപിച്ചതായി റിപോര്‍ട്ടുണ്ട്. ഒരു നിമിഷം പോലും പാഴാക്കാതെ ദല്‍ഹിയില്‍ തിരക്കിട്ട തയാറെടുപ്പുകള്‍ക്കാണ് കോണ്‍ഗ്രസ് നീക്കങ്ങള്‍ നടത്തുന്നത്.

അതേസമയം, പ്രാദേശിക ശക്തികളായ പ്രതിപക്ഷ പാര്‍ട്ടികളെ നയിക്കുന്ന മമത ബാനര്‍ജി, മായാവതി, അഖിലേഷ് യാദവ് എന്നിവര്‍ ഈ യോഗത്തില്‍ പങ്കെടുത്തേക്കില്ല. 


 

Latest News