Sorry, you need to enable JavaScript to visit this website.

നീണ്ട നിയമപോരാട്ടത്തിലൂടെ 33 രൂപ റെയിൽവേയിൽനിന്ന് യുവാവിന് ലഭിച്ചു

മുംബൈ- നീണ്ട രണ്ട് വർഷത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ തന്റെ കയ്യിൽനിന്നും അനധികൃതമായി റെയിൽവേ ഈടാക്കിയ 33 രൂപ റീഫണ്ട് നേടിയിരിക്കുകയാണ് ഒരു യുവ എഞ്ചിനീയർ. ജി എസ് ടി നടപ്പിലാക്കിയശേഷവും ടിക്കറ്റ് ക്യാൻസൽ ചെയ്ത സമയത്ത് ഐ ആർ സി ടി സി 35 രൂപ സർവീസ് ടാക്‌സായി ഈടാക്കിയതോടെ സുജീത് സ്വാമി എന്ന യുവ എഞ്ചിനീയർ പണം തിരികെ ലഭിക്കുന്നതിനായി നിയമപോരാട്ടം ആരംഭിക്കുകയായിരുന്നു.
2017 ഏപ്രിൽ ഇരുപതിനാണ് ജൂലായ് രണ്ടിന് യാത്ര ചെയ്യുന്നതിനായി ഗോൾഡൻ ടെമ്പിൾ എക്‌സ്പ്രസിൽ സുജീത് ടിക്കറ്റ് ബുക്ക് ചെയ്തത്. 765രൂപയാണ് ടിക്കറ്റിന് ഈടാക്കിയത്. വെയ്റ്റ് ലിസ്റ്റിൽ ആയിരുന്നതിനാൽ ടിക്കറ്റ് കൺഫേം ആയിരുന്നില്ല. ഇതോടെ സുജീത് ടിക്കറ്റ് ക്യാൻസൽ ചെയ്തു. ജി എസ് ടി രാജ്യത്ത് നിലവിൽ വന്നതിന് ശേഷമായിരുന്നു ടിക്കറ്റ് ക്യാൻസൽ ചെയ്തിരുന്നത്.
ടിക്കറ്റ് ക്യാൻസൽ ചെയ്തതോടെ 665 രൂപ മാത്രമാണ് സുജീതിന് തിരികെ ലഭിച്ചത്. 65 രൂപ പിടിക്കേണ്ട സ്ഥാനത്ത് 100 രൂപ ആർ സി സി ടി സി ഈടാക്കി. 35 രൂപ സർവീസ് ടാക്‌സ് ആയാണ് ഈടാക്കിയിരിക്കുന്നത് എന്ന് മനസിലാക്കിയതോടെ സുജീത് ആർ ടി ഐ ഫയൽ ചെയ്തു. ജി .എസ്.ടി നടപ്പിലാക്കിയതിന് മുൻപ് ബുക്ക് ചെയ്യുകയും
നടപ്പിലാക്കിയതിന് ശേഷം ക്യാൻസൽ ചെയ്യുകയും ചെയ്ത ടിക്കറ്റുകളിൽ സർവീസ് ചാർജ് തിരികെ നൽകാനാകില്ല എന്നാണ് ആദ്യം
റെയിൽവേ വ്യക്തമാക്കിയത്.
പക്ഷേ സുജീത് നിയമ പോരാട്ടം അവസനിപ്പിക്കാൻ തയ്യാറായിരുന്നില്ല. ഇതോടെ 2017 ജൂലൈ ഒന്നിന് മുൻപായി ക്യാൻസൽ ചെയ്ത ടിക്കറ്റുകളിൽ ഈടാക്കിയ സർവീസ് ചാർജ് തിരികെ നൽകും എന്ന് പിന്നീട് ഐ ആർ ടി സി, ആർ ടി ഐ മുഖാന്തരം മറുപടി നൽകുകയായിരുന്നു. ഇതോടെ 2019 മെയ് 1 ന് സുജീത് സ്വാമിയുടെ അക്കൗണ്ടിൽ 33 രൂപ ക്രെഡിറ്റ് ആയി അപ്പോഴും രണ്ട് രൂപ ഐ ആർ ഇ ടി ഇ പിടിച്ചിട്ടുണ്ട്.
33 രൂപ എന്ന് നിസാരമായി കണക്കാക്കേണ്ട 9 ലക്ഷം യാത്രക്കാരിൽനിന്നുമാണ് റെയിൽവേ ജൂലൈ 1നും 11നും ഇടയിൽ ഇത്തരത്തിൽ അനധികൃതമായി സർവീസ് ടാക്‌സ് ഈടാക്കിയത്. 3.34 കോടി രൂപയാണ് ഇതിലൂടെ റെയിൽവേ നേടിയത്. മിക്ക യാത്രക്കാരും ഇത് അറിയുക പോലും ചെയ്തിട്ടില്ല എന്ന് സുജീത് സ്വാമി പറഞ്ഞു.

Latest News