Sorry, you need to enable JavaScript to visit this website.

ആവേശമായിഹരീദ് ഫിഷ് ഫെസ്റ്റിവൽ

സൗദി അറേബ്യയിലെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഫർസാൻ ദ്വീപ്.  ജിസാൻ പ്രവിശ്യയുടെ ഭാഗമാണ് ചെങ്കടലിൽ സ്ഥിതി ചെയ്യുന്ന ഈ ചെറിയ ദ്വീപ് സമൂഹം.  സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അവധി ദിവസങ്ങൾ ആഘോഷിക്കാൻ ആളുകൾ എത്തുന്ന സ്ഥലം കൂടിയാണ് ഫർസാൻ ദ്വീപ്.  ജിസാൻ പോർട്ടിൽ നിന്നും ദിവസവും രാവിലെയും വൈകുന്നേരവും  ഫർസാനിലേക്ക് ഫെറി സർവീസുണ്ട്.   അതിനു പുറമെ നിരവധി സ്പീഡ് ബോട്ടുകളും സർവീസ് നടത്തുന്നുണ്ട്.  ഫർസാൻ ദ്വീപിൽ വർഷം തോറും നടത്തി വരുന്ന ഫെസ്റ്റിവൽ ആണ് ഹരീദ് ഫിഷ് ഫെസ്റ്റ്.


പരമ്പരാഗതമായി മത്സ്യ ബന്ധനം ഉപജീവന മാർഗ്ഗമാക്കിയ അറബികളുണ്ട് ജിസാനിൽ. ജിസാനും ഫർസാൻ ദ്വീപും കടൽ മത്സ്യ വിഭവങ്ങളാൽ സമൃദ്ധമാണ്.  വർഷങ്ങൾക്ക് മുൻപ് തന്നെ മീൻ  പിടുത്തക്കാരുടെയും ദീർഘദൂര  നാവികരുടെയും അത്താണി ആയിരുന്നു ഫർസാനിലെ ചെറിയ ദ്വീപുകൾ.  
ചെങ്കടൽ പര്യവേക്ഷണം നടത്താറുള്ള ഇംഗ്ലീഷ് നാവികരടക്കം യാത്രക്കിടയിൽ വിശ്രമിച്ചിരുന്ന സ്ഥലമാണ് ഫർസാൻ ദ്വീപ്.  ഫർസാനിലെ മത്സ്യ ബന്ധനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സൗദി വിനോദ സഞ്ചാര മന്ത്രാലയം നടത്തുന്ന ഉത്സവമാണ്  മഹർജാൻ ഹരീദ്.  ഹരീദ് എന്നതു   വർഷത്തിൽ ഒരു തവണ മാത്രം ഫർസാൻ തീരദേശത്തു വരുന്ന ഒരുതരം മത്സ്യമാണ്.  ആഴം കുറവുള്ള കടലിൽ പവിഴപ്പുറ്റുകൾക്കിടയിൽ വളരുന്ന മത്സ്യമാണ് ഹരീദ്.  എല്ലാ വർഷവും തണുപ്പുകാലം കഴിഞ്ഞു ചൂട് തുടങ്ങുന്നതോടുകൂടി ഒരു ദിവസം മാത്രം ഹരീദ് മത്സ്യങ്ങൾ കൂട്ടത്തോടെ കരയിലേക്ക് വരുന്നു.  ഈ ദിവസമാണ് ഫിഷ് ഫെസ്റ്റ് നടത്തുന്നത്.  


ഫിഷ് ഫെസ്റ്റിന്റെ തിയ്യതി  നേരത്തേതന്നെ  സൗദി വിനോദ സഞ്ചാര മന്ത്രാലയം വെബ്‌സൈറ്റിൽ പ്രഖ്യാപിക്കും.  തുടർന്ന് സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറു കണക്കിന് ആളുകൾ ഈ ദിവസം ഫർസാനിൽ ഒത്തുചേരും. ഫർസാൻ ദ്വീപിലെ അൽ ഹസീസ് ബീച്ചിൽ കടലിൽ  പ്രത്യേകം വേലികെട്ടി  തയാറാക്കിയ സ്ഥലത്തു ആളുകൾ കൂട്ടത്തോടെ മീൻ പിടിക്കാൻ ഇറങ്ങുന്നു.  
രാവിലെ 6 മണിക്ക് ജിസാൻ അമീർ ആണ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നത്.  തുടർന്ന് ഏകദേശം ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ മീൻ പിടിച്ചിട്ടുള്ള പത്തു പേർക്ക് അമീർ ഉപഹാരം നൽകുന്നു.  ആഡംബര ബോട്ടിൽ അമീർ തിരിച്ചുപോകുന്നതോടെ ഫെസ്റ്റിനു കൊടിയിറങ്ങുന്നു.  


ഈ വർഷത്തെ  ഫിഷ് ഫെസ്റ്റ് ആരംഭിച്ചത് ഏപ്രിൽ 25 രാവിലെ 6 മണിക്ക് ആയിരുന്നു.  തലേ ദിവസം തന്നെ ആളുകൾ ഫർസാനിൽ എത്തിയിരുന്നു.   
അതോടനുബന്ധിച്ചു അൽ ഹസീസ് ബീച്ചിൽ പരമ്പരാഗത സംഗീത പരിപാടികളും കരിമരുന്നു പ്രയോഗങ്ങളും ഉണ്ടായിരുന്നു.  ചിലർ നേരം പുലരുവോളം കടപ്പുറത്തു ടെന്റ് കെട്ടി താമസിച്ചു.  ദൂരെ ദേശത്തുനിന്നും ഫെസ്റ്റിനു വേണ്ടിവന്നു ഒരു പെട്ടി നിറയെ മീനും കൊണ്ട് തിരിച്ചു പോകുന്ന  ഒരു അറബിയോടു സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെ.. 


'ഇതൊരു അത്ഭുതമാണ്,  അല്ലാഹുവിന്റെ  അനുഗ്രഹമാണ്.. വർഷത്തിൽ ഒരു ദിവസം മാത്രം കരയിലേക്ക് കൂട്ടമായി വരുന്ന ഹരീദ് മത്സ്യങ്ങൾ., സാധാരണ കടൽ മത്സ്യങ്ങൾ പോലെയല്ല ഇതിന്റെ രുചി ഒന്നു വേറെ തന്നെയാണ്.   
ഹരീദ് ഫെസ്റ്റിന്  പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നേരത്തെതന്നെ പ്ലാൻ ചെയ്തു ദിവസങ്ങൾക്ക് മുൻപേ ഫെറി ടിക്കറ്റും തലേ ദിവസം താമസിക്കാനുള്ള ഹോട്ടലും ബുക്ക് ചെയ്തിരിക്കണം. ഇനി അടുത്ത വർഷം റമദാനിനു തൊട്ടു മുൻപ് ഹരീദ് ഫെസ്റ്റിവൽ നമുക്ക് പ്രതീക്ഷിക്കാം.  

Latest News