Sorry, you need to enable JavaScript to visit this website.

എണ്ണ വിപണിയിലെ പുതു ചലനങ്ങൾ

ഇറാന്റെ എണ്ണ കയറ്റുമതി നിലയ്ക്കുന്ന സാഹചര്യത്തിൽ ഒരു മില്യൺ ബരലിന്റെ കുറവാണ് വിപണിയിൽ അനുഭവപ്പെടാൻ പോകുന്നത്. ഈ സാഹചര്യത്തിൽ മറ്റുള്ള ഒപെക് രാജ്യങ്ങൾ എന്ത് നിലപാടെടുക്കും എന്നാണ് ഉറ്റു നോക്കുന്നത്.  സൗദി അറേബ്യയും റഷ്യയും എണ്ണ ഉൽപാദനം വർധിപ്പിക്കുന്നതിനെ സംബന്ധിച്ച് ഉടനടി തീരുമാനം എടുക്കാൻ സാധ്യതയില്ല. 

കഴിഞ്ഞ വർഷം നവംബറിൽ അമേരിക്ക ഇറാനുമേൽ ഏർപ്പെടുത്തിയ രണ്ടാംഘട്ട ഉപരോധത്തിൽ, ഇന്ത്യ ഉൾപ്പെടുന്ന ഏഴു രാജ്യങ്ങൾക്കു തുടർന്നും ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള ഇളവ് 2019 മെയ് രണ്ടുവരെ നൽകിയിരുന്നു. ഈ ഇളവ് പിൻവലിച്ചുകൊണ്ടുള്ള അമേരിക്കൻ പ്രഖ്യാപനം ഇറാന്റെ എണ്ണ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായി വേണം വിശേഷിപ്പിക്കാൻ. 2015ൽ ഒബാമ ഭരണകൂടം ഇറാനുമായി ഉണ്ടാക്കിയ ആണവ കരാർ ട്രംപ് സർക്കാർ കഴിഞ്ഞ വർഷം റദ്ദു ചെയ്തശേഷം ഘട്ടം ഘട്ടമായി ഇറാന്റെ എണ്ണ കയറ്റുമതിയെ പൂർണമായി ഇല്ലാതാക്കാനുള്ള ലക്ഷ്യത്തിലേക്ക് കൊണ്ടെത്തിക്കുന്നതാണ് ഈ തീരുമാനം. ഇറാന്റെ എണ്ണ ഉൽപാദനം പ്രതിദിനം ശരാശരി നാല് മില്യൺ ബാരലും കയറ്റുമതി ഏകദേശം ഒരു മില്യൺ ബാരലുമാണ്. ഇറാന്റെ എണ്ണ കയറ്റുമതി നിശ്ചലമാകുന്നതോടുകൂടി അവരുടെ സമ്പദ്ഘടനക്കു അത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും.
അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) 2019 ന്റെ തുടക്കത്തിൽ ഇറാന്റെ സാമ്പത്തിക വളർച്ച 3.6 ശതമാനം കുറയുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. എന്നാൽ അമേരിക്കയുടെ പുതിയ പ്രഖ്യാപനം വന്നതോടെ ഇറാന്റെ സമ്പദ്ഘടനയുടെ മുരടിപ്പ് ആറ് ശതമാനമായിരിക്കുമെന്നാണ് ഐ.എം.എഫിന്റെ വിലയിരുത്തൽ. നാണയപ്പെരുപ്പം രണ്ടു ദശകത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 38 ശതമാനമായി ഉയരുമെ ന്നാണ് കരുതുന്നത്. മധ്യപൂർവ ഏഷ്യൻ മേഖലയിലെ ശരാശരി നാണയപ്പെരുപ്പം ഒൻപതു ശതമാനമാണ്.  ഇതുമായി ഇറാന്റെ നാണയപ്പെരുപ്പം താരതമ്യപ്പെടുത്തുമ്പോൾ അത് നാല് മടങ്ങു കൂടുതലാണ്. നിത്യോപയോഗ സാധനങ്ങളുടെ വില 300 ശതമാനം വർധിക്കും എന്നതാണ് ഇതിന്റ അനന്തരഫലം.
ലോകത്തിലെ പ്രമുഖ എണ്ണ ഇറക്കുമതി രാജ്യങ്ങളായ ഇന്ത്യ, ചൈന, ജപ്പാൻ എന്നിവയെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം താൽകാലിക പ്രതിസന്ധി ഉണ്ടാകുന്നതാണ്. പ്രഖ്യാപനം വന്നതോടെ എണ്ണവില 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായ 75 ഡോളർ വരെ എത്തി. പ്രമുഖ അമേരിക്കൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്കുകളായ ജെ.പി മോർഗൻ, ക്രെഡിറ്റ് സൂയസ് എന്നിവ പുറത്തിറക്കിയ പുതുക്കിയ കണക്കുകൾ പ്രകാരം 2019 ന്റെ രണ്ടാം പകുതിയിൽ എണ്ണ വില ബാരലിനു 70-72 ഡോളർ എന്ന നിലയിൽ ആയിരിക്കുമെന്നാണ്. ഈവർഷം ആദ്യം ഇതേ ബാങ്കുകളുടെ വിലയിരുത്തൽ എണ്ണ വില ബാരലിനു 65 മുതൽ 68 ഡോളർ ആയിരിക്കുമെന്നായിരുന്നു. ഈ ഉയർന്ന നിരക്കിൽ എണ്ണ ഇറക്കുമതി ചെയ്താൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രത്യക്ഷമായും, പരോക്ഷമായും പ്രതികൂല ചലനങ്ങൾ സമ്പദ്ഘടനയിൽ ഉണ്ടാക്കും. ഏകദേശം അഞ്ചു മില്യൺ ബാരൽ എണ്ണ പ്രതിദിനം ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് എണ്ണ വിലയിൽ ഉണ്ടാകുന്ന ഒരു ഡോളറിന്റെ വ്യത്യാസം രാജ്യത്തിന്റെ മൊത്തത്തിലുള്ള ഇറക്കുമതി ബില്ലിൽ ഏകദേശം 3500 കോടി രൂപയുടെ വർധനവാണ് ഉണ്ടാക്കുക. ഉയർന്ന വിലയിൽ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയുമ്പോൾ പെട്രോളിന്റെയും ഡീസലിന്റെയും വില കൂടും. അതിന്റെ പ്രതിഫലനമായി നിത്യോപയോഗ സാധനങ്ങളുടെ വില വർധനവ് ഉണ്ടാകുകയും സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.  
ഒപെക് രാജ്യങ്ങളുടെ കൂട്ടായ്മയിലെ രണ്ടാമത്തെ വലിയ രാജ്യമായ ഇറാഖിനും ഈ തീരുമാനം വളരെയേറെ ആഘാതം ഏൽപിക്കും. പ്രതിദിനം ഏകദേശം നാല് മില്യൺ ബാരൽ ക്രൂഡ് ഓയിൽ ഇറാഖ് ഉൽപാദിപ്പിക്കുന്നുണ്ടെങ്കിലും ഇറാഖ് അവരുടെ 45 ശതമാനം ആഭ്യന്തര വിദ്യുച്ഛക്തി ഉൽപാദനത്തിന് ഇറാനെയാണ് ആശ്രയിക്കുന്നത്. 1.5 ബില്യൺ ക്യൂബിക് അടി പ്രകൃതി വാതകം പ്രതിദിനം ഇറാനിൽനിന്ന് ഇറക്കുമതി ചെയ്തുകൊണ്ടാണ് ഇറാഖ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്.
മെയ് രണ്ടിനു ശേഷം അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം തത്വത്തിൽ ഈ ഇറക്കുമതിക്കും ബാധകമാകും.  വേനൽക്കാലത്തു രൂക്ഷമായ വൈദ്യുതി ക്ഷാമം നേരിടുന്ന ഇറാഖിനെ സംബന്ധിച്ചിടത്തോളം ഇതു വൻ പ്രതിസന്ധി ആയിമാറാം. ഇറാഖിനെ സംബന്ധിച്ചിടത്തോളം ഈ സാഹചര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി ഉൽപാദനത്തിനുള്ള മറ്റു മാർഗം തേടേണ്ടിവരും. കഴിഞ്ഞ വർഷം നവംബറിൽ ഇറാനുമേൽ അമേരിക്ക രണ്ടാം ഘട്ട ഉപരോധം ഏർപ്പെടുത്തിയശേഷം അമേരിക്കൻ ഊർജ സെക്രട്ടറി റിക്ക്‌പെറി ഇറാഖ് സന്ദർശിക്കുകയും അവിടെ ഒരു വ്യാപാര ഉച്ചകോടിയിൽ ഇറാഖ് ഇറാനെ ആശ്രയിക്കാതെ വൈദ്യുതി ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനുള്ള ഇതര മാർഗങ്ങൾ ആരായണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനായി ഇറാഖിന്റെ ഊർജ മേഖല വിദേശ നിക്ഷേപത്തിനായി തുറന്നു കൊടുക്കണമെന്ന ആഹ്വാനവും ഉണ്ടായി. ഇതിനായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ ബഹുരാഷ്ട്ര കമ്പനികളുടെ സഹായം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇറാന്റെ എണ്ണ കയറ്റുമതി നിലയ്ക്കുന്ന സാഹചര്യത്തിൽ ഒരു മില്യൺ ബരലിന്റെ കുറവാണ് വിപണിയിൽ അനുഭവപ്പെടാൻ പോകുന്നത്. ഈ സാഹചര്യത്തിൽ മറ്റുള്ള ഒപെക് രാജ്യങ്ങൾ എന്ത് നിലപാടെടുക്കും എന്നാണ് ഉറ്റു നോക്കുന്നത്.  സൗദി അറേബ്യയും റഷ്യയും എണ്ണ ഉൽപാദനം വർധിപ്പിക്കുന്നതിനെ സംബന്ധിച്ച് ഉടനടി തീരുമാനം എടുക്കാൻ സാധ്യതയില്ല. 2018 ഡിസംബറിൽ ഒപെക് രാജ്യങ്ങളും റഷ്യയും സംയുക്തമായി പ്രതിദിന എണ്ണ ഉൽപാദനത്തിൽ 1.2 മില്യൺ ബാരലിന്റെ കുറവ് വരുത്താൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഒരു പുനരവലോകനം നിലവിലെ സാഹചര്യത്തിൽ  ഉണ്ടാകാനുള്ള സാധ്യത കുറവാണ്. 
ജൂൺ 25,26 തിയതികളിൽ കൂടാനിരിക്കുന്ന അടുത്ത ഒപെക് സമ്മേളനത്തിൽ മാത്രമേ ഇതിനെകുറിച്ച് വ്യക്തത ഉണ്ടാകൂ.  അതുവരെ എണ്ണ വില ബാരലിനു 72 ഡോളർ മുതൽ 75 ഡോളർ എന്ന പരിധിയിൽ നിൽക്കാനാണ് സാധ്യത. സാമ്പത്തിക ഉപരോധങ്ങളും  രാഷ്ട്രീയ അസ്ഥിരതയുംകൊണ്ട് ദുരിതം അനുഭവിക്കുന്ന മറ്റൊരു ഒപെക് രാജ്യമാണ് വെനിസ്വേല. നിലവിൽ അവരുടെ പ്രതിദിന ഉൽപാദനം ഒരു മില്യൺ ബാരലിൽ താഴെയാണെങ്കിലും, അതിൽ ഉണ്ടാകുന്ന വിള്ളൽ എണ്ണ വിലയെ സാരമായി ബാധിച്ചേക്കാം. വെനിസ്വേലയിലെ പ്രതിപക്ഷ നേതാവായ ജുവാൻ ഗുഐഡോ സൈന്യത്തിന്റെ സഹായത്തോടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ എണ്ണ വിപണിയെ സംബന്ധിച്ചിടത്തോളം മറ്റൊരു വെല്ലുവിളി കൂടിയാണ്.
 
(ലേഖകൻ എക്‌സ്പ്രസ്സ് മണി ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടറും ലോക കേരള സഭാംഗവുമാണ്)
 

Latest News