Sorry, you need to enable JavaScript to visit this website.

അച്ഛനുണരാനാണെനിക്കിഷ്ടം...

അബോധാവസ്ഥയിലായ അച്ഛന്റെ കട്ടിലിനരികെ ആര്യ 

എത്ര കാത്തിരുന്നാലും അച്ഛനുണരുന്നത് കാണാൻ തനിക്ക് കഴിയുമെന്ന ശുഭാപ്തി വിശ്വാസവുമായി കഴിയുന്ന ആര്യ കേരളത്തിലെ സമാനപ്രായക്കാരായ കുട്ടികൾക്ക് മുന്നിൽ സ്വയം ഒരു മാതൃകയാവുകയാണ്. സ്വന്തം അധ്വാനം കൊണ്ട് തന്റെ മുന്നിലെ പ്രതിബന്ധങ്ങളൊന്നാകെ തട്ടിമാറ്റിക്കൊണ്ട്, ശോഭനമായ ഒരു പന്ഥാവ് വെട്ടിത്തുറന്നുകൊണ്ട്- അവളുടെ പ്രാർഥനയോടൊപ്പമാണ് ലോകം.

എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചപ്പോൾ അത് ലോകത്ത് ആര് അറിയുന്നതിനുമപ്പുറം അച്ഛനെ അറിയിക്കാനായിരുന്നു ആര്യരാജിന് ആഗ്രഹം. അതിനായി ഈ കൗമാരക്കാരി പലതവണ അച്ഛനെ വിളിച്ചു. 'അച്ഛാ ഞാൻ എസ്.എസ്.എൽ.സി പാസായി. എല്ലാ വിഷയത്തിനും എ പ്ലസുണ്ട്.' പക്ഷേ, അർധബോധാവസ്ഥയിൽ കിടക്കുന്ന അച്ഛൻ രാജൻ സ്വന്തം മകളുടെ വിളിയൊന്നും കേൾക്കാതെ അപ്പോഴും ഉറക്കത്തിൽ തന്നെയായിരുന്നു. എന്നാൽ മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ് മാലോകരൊന്നാകെ ഈ സംഭവമറിഞ്ഞു. അങ്ങനെ ഇന്ന് മലാപ്പറമ്പ് ഫ്‌ളോറിക്കൻ ഹിൽസിലെ വീട്ടിലേക്ക് ദിനേന നാടിന്റെ പല ഭാഗത്തുനിന്നും ആര്യയെ കാണാനും ഫോണിലൂടെയും കോളുകൾ എത്തുകയാണ്. 
ഏഴായിരം രൂപ മാസ വാടകയും അച്ഛന്റെ ചികിത്സയും മാസങ്ങളായി ദുരിതത്തിന്റെ ആഴക്കടലിലായിരുന്ന ഈ കുടുംബം ഇപ്പോൾ കരപറ്റുകയാണ്. പഠനത്തിനും ചികിത്സക്കും ജീവിതച്ചെലവിനുമെല്ലാം സഹായത്തിനായി അനേകം സുമനസ്സുകൾ  തയാറായിവന്നു. അതെ അതിന് കാരണക്കാരിയായത് ആര്യരാജ് പി. ആർ എന്ന മിടുക്കിയാണ്. കഴിഞ്ഞ ഡിസംബർ 25 ന് കോട്ടയത്ത് വെച്ചുണ്ടായ ഓട്ടോ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് ആര്യയുടെ അച്ഛൻ രാജൻ വീട്ടിലെ കട്ടിലിലായത്. നാൽപത്തേഴുകാരനായ രാജൻ വാതക പൈപ്പ് ലൈൻ ജോലിക്കാരനാണ്. കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ കോട്ടയത്തെ സുഹൃത്തിന്റെ മകളുടെ മനസ്സമ്മതത്തിന് പങ്കെടുക്കാൻ പോയതായിരുന്നു. എന്തോ വാങ്ങാൻ പുറത്തിറങ്ങിയപ്പോൾ ഓട്ടോ ഇടിച്ചാണ് അപകടമുണ്ടായത്. ഒന്നര മാസത്തോളം കോട്ടയം മാതാ ആശുപത്രിയിൽ ചികിത്സിച്ചു. പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. മൂന്നു ദിവസം കാഷ്വാലിറ്റിയിലായിരുന്നു. പിന്നീട് കോമാ സ്റ്റേജിലായതോടെ അവിടെ നിന്ന് വീട്ടിലേക്ക് ഡിസ്ചാർജ് ചെയ്തു കൊണ്ടുവന്നു. ഇതുവരെ ഏഴ് ലക്ഷത്തിനടുത്ത് ചികിത്സക്കായി ചെലവഴിച്ചു. പക്ഷേ ഫലമൊന്നുമില്ല. മകളുടെ സാന്നിധ്യവും ശബ്ദവുമെല്ലാം വീണ്ടും ഓർമ്മയെ തിരിച്ചുകൊണ്ടുവരുമെന്ന് ഡോക്ടർമാർ പറഞ്ഞതോടെ, ആര്യയുടെ പഠനം സ്‌കൂളിൽനിന്നും അച്ഛന്റെ കിടക്കയ്ക്കരികിലായി. സഹപാഠികളുടെ നോട്ടുപുസ്തകങ്ങളുമൊക്കെ കടം വാങ്ങിയാണ് ആര്യ പഠിച്ചത്. താൻ എവിടെയൊക്കെയോ എത്തണമെന്ന് ഏറെ ആഗ്രഹിച്ചിരുന്ന അച്ഛനുള്ള തന്റെ സമ്മാനമായിരിക്കും എസ്.എസ്.എൽ.സി പരീക്ഷാഫലമെന്ന് അന്നേ ആര്യ മനസ്സിലുറപ്പിച്ചു. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് എന്ന ഉന്നത വിജയം കൈവരിച്ചിട്ടും ആര്യയുടെ സങ്കടമേഘങ്ങൾ പൂർണമായി മാറിയില്ല. അച്ഛനൊന്നുണർന്നെങ്കിൽ, അച്ഛന്റെ മോൾ നേടിയ വലിയ വിജയം ഒന്നറിഞ്ഞെങ്കിൽ…എന്നാൽ കണ്ണു തുറന്നു കിടക്കുന്ന രാജൻ ഇതൊന്നും അറിയുന്നില്ല. ആരെങ്കിലും ശരീരത്തിൽ ശക്തിയായി തൊട്ടാൽ അറിയും. പക്ഷേ സംസാരശേഷിയോ മറ്റോ ഒന്നുമില്ല.
എസ്.എസ്.എൽ.സി പരീക്ഷക്കു പഠനം എന്നുള്ളതിനോടൊപ്പം രാത്രി 9 മുതൽ പുലർച്ചെ നാലരവരെ ഉറങ്ങാതിരുന്ന് അച്ഛന്റെ അടുത്തിരുന്ന് കണക്കും സയൻസും ബയോളജിയുമെല്ലാം പഠിച്ചിരുന്നത് വെറും പരീക്ഷക്കു വേണ്ടി മാത്രമായിരുന്നില്ല. മറിച്ച് തന്റെ ശബ്ദം കേട്ട് അച്ഛൻ ബോധലോകത്തേക്ക് തിരിച്ചു വരുവാനുള്ള ഒരു കരുതൽ കൂടിയായിരുന്നു.
വാർത്തയായതോടെ മലബാർ ഹോസ്പിറ്റൽ ഉടമ ഡോ.പി.എ ലളിത അടക്കം ഒരു കൂട്ടം ആളുകൾ ആര്യയുടെ പഠനത്തിനും മറ്റും സഹായിക്കാൻ തയാറായി വന്നു. എന്നാലതിനപ്പുറം ആര്യയെ ഏറെ സന്തോഷിപ്പിക്കുന്നത് മന്ത്രി ടി.പി രാമകൃഷ്ണന്റെ നിർദ്ദേശാനുസാരണം, മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ അടക്കമുള്ള ഒരു വലിയ ഡോക്ടർമാരുടെ സംഘം അച്ഛന്റെ ചികിത്സ ഏറ്റെടുത്തുവെന്നതാണ്. എത്ര കാത്തിരുന്നാലും എന്റെ അച്ഛനുണരുന്നത് കാണാൻ തനിക്ക് കഴിയുമെന്ന ശുഭാപ്തി വിശ്വാസവുമായി കഴിയുന്ന ഈ കൗമാരക്കാരി കേരളത്തിലെ സമാനപ്രായക്കാരായ കുട്ടികൾക്ക് മുന്നിൽ സ്വയം ഒരു മാതൃകയാവുകയാണ്. സ്വന്തം അധ്വാനം കൊണ്ട് തന്റെ മുന്നിലെ പ്രതിബന്ധങ്ങളൊന്നാകെ തട്ടിമാറ്റിക്കൊണ്ട്, ശോഭനമായ ഒരു പന്ഥാവ് വെട്ടിത്തുറന്നുകൊണ്ട്.
 

Latest News