Sorry, you need to enable JavaScript to visit this website.

ഒന്നരക്കൊല്ലത്തെ ദുരിത പ്രവാസത്തിന് അറുതി; മഞ്ചേരി സ്വദേശി നാട്ടിലെത്തി 

ദമാം ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർ ഇസ്മായിലിനെ കാണാൻ ക്യാമ്പിലെത്തിയപ്പോൾ.

ദമാം- ഒന്നര വര്‍ഷം നീണ്ട ദുരിത ജീവിതത്തിൽനിന്ന് മലയാളി യുവാവിന് ഒടുവിൽ മോചനം. മഞ്ചേരി വേട്ടേക്കോട് സ്വദേശി നാണത്ത് മുഹമ്മദിന്റെ മകൻ ഇസ്മായിൽ ആണ് സാമൂഹിക പ്രവർത്തകരുടെ ഇടപെടലിലൂടെ നാട്ടിലെത്തിയത്. 


മൂന്നര വർഷം മുമ്പാണ് ഏറെ പ്രതീക്ഷകളുമായി ഇദ്ദേഹം കടൽ കടന്നത്. ദമാമിലെ പ്രമുഖ കോൺട്രാക്ടിംഗ് കമ്പനിയിൽ ഹെവി ഡ്രൈവർ ജോലിക്കായിരുന്നു ഇന്റർവ്യൂ നൽകിയത്. ഭേദപ്പെട്ട ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായിരുന്നു വാഗ്ദാനം. എന്നാൽ കമ്പനിയിൽ എത്തിയതോടെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. ലൈസൻസില്ലാതെ വാഹനമോടിക്കാൻ നിർബന്ധിതനായതും കരാറിൽ പറഞ്ഞതിൽനിന്ന് വളരെ കുറഞ്ഞ ശമ്പളവും ഇസ്മായിലിനെ മാനസികമായി തളർത്തി. മരുഭൂമിക്കുള്ളിലെ വൃത്തിഹീനമായ താമസം കൂടിയായപ്പോൾ സംഗതി ഏറെ വഷളായി.  
വിസക്കായി വരുത്തിവെച്ച കടവും കുടുംബത്തിന്റെ കഷ്ടപ്പാടും ഓർത്ത് പിടിച്ച് നിൽക്കുന്നതിനിടയിലാണ് അലർജി പിടിപെടുന്നത്. ഇതിനിടയിൽ ഇഖാമ കാലാവധി കഴിയുകയും ശമ്പളം മുടങ്ങുകയും ചെയ്തു. സുഹൃത്തുക്കളോടും മറ്റും കടം വാങ്ങി ചികിത്സിച്ചെങ്കിലും താമസ സ്ഥലത്തെ വൃത്തിഹീനമായ ചുറ്റുപാടുകൾ കാരണം അസുഖം ഭേദമായില്ല. മാസങ്ങളായി ജോലിക്ക് പോകാൻ കഴിയാതെ ഇസ്മായിൽ ക്യാമ്പിൽ തന്നെ കഴിയുകയായിരുന്നു. ദുരവസ്ഥ അറിഞ്ഞ നാട്ടിലെ ബന്ധുക്കൾ ദമാമിലെ ഇന്ത്യൻ സോഷ്യൽ ഫോറം ഭാരവാഹികളെ ബന്ധപ്പെടുകയും ഇസ്മായിലിനെ എങ്ങിനെയെങ്കിലും നാട്ടിലേക്ക് അയക്കണമെന്ന് അഭ്യർഥിക്കുകയുമായിരുന്നു.


തുടർന്ന് ക്യാമ്പിലെത്തിയ സോഷ്യൽ ഫോറം കേരള ഘടകം ജനറൽ സെക്രട്ടറി മുബാറക് ഫറോക്ക്, കമ്യൂണിറ്റി വളണ്ടിയർമാരായ അഷ്‌റഫ് മേപ്പയ്യൂർ, ഷാജഹാൻ എന്നിവർ തൊട്ടടുത്ത ദിവസം തന്നെ ഇസ്മായിലിനെ ഹോസ്പിറ്റലിൽ എത്തിച്ചു. നാട്ടിലയച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കിയാൽ മാത്രമേ രോഗം പൂർണമായി ഭേദമാക്കാൻ കഴിയൂ എന്നായിരുന്നു ഡോക്ടർമാരുടെ വിലയിരുത്തൽ. ഇന്ത്യൻ എംബസിയുടെ അനുമതിയോടെ നിരന്തരം നടത്തിയ ചർച്ചകൾക്കൊടുവിൽ ഇസ്മായിലിന് മുഴുവൻ ശമ്പള കുടിശ്ശികയും എയർ ടിക്കറ്റും നൽകി നാട്ടിലയക്കാൻ കമ്പനി അധികൃതർ തയാറായി. കഴിഞ്ഞ ദിവസം രാത്രി ഇത്തിഹാദ് എയർവേയ്‌സിൽ നാട്ടിലെത്തിയ ഇസ്മായിലിനെ ഉമ്മയും ഭാര്യയും കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിച്ചു. മകന് ചികിത്സയും മോചനവും നൽകാൻ പ്രയത്‌നിച്ച സുമനസ്സുകൾക്ക് നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നതായി ഇസ്മായിലിന്റെ മാതാവ് അറിയിച്ചു. 

Latest News