Sorry, you need to enable JavaScript to visit this website.

കപ്പലില്‍ രോഗബാധിതനായ ഉക്രൈൻ സ്വദേശിയെ രക്ഷപ്പെടുത്തി

ചെങ്കടലിൽ വെച്ച് രോഗബാധിതനായ ഉക്രൈൻ സ്വദേശിയെ  സൗദി അതിർത്തി സുരക്ഷാസേന രക്ഷപ്പെടുത്തിയപ്പോൾ. 

റിയാദ്- സൗദി തീരത്തിനടുത്ത് ചെങ്കടലിലൂടെ സഞ്ചരിച്ച നൗട്ടിക എന്ന യാത്രാകപ്പലിൽ വെച്ച് ഗുരുതരാവസ്ഥയിലായ ഉക്രൈൻ സ്വദേശിയെ സൗദി നാവിക അതിർത്തി സുരക്ഷാസേന രക്ഷപ്പെടുത്തി. അമിതമായ തോതിൽ രക്തം പോയതിനെ തുടർന്ന് അത്യാസന്ന നിലയിലായ ഇയാളെ വ്യോമസേനയുടെ ഹെലികോപ്റ്റർ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. തങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന 65 കാരന്റെ ജീവൻ രക്ഷിക്കുന്നതിന് അടിയന്തര സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ക്യാപ്റ്റൻ ജിദ്ദ വിമാനത്താവളത്തിലെ സെർച്ച് ആന്റ് റെസ്‌ക്യൂ സെന്ററുമായി ബന്ധപ്പെടുകയായിരുന്നു. എയർപോർട്ട് അധികൃതർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ ജിദ്ദ ഇസ്‌ലാമിക് പോർട്ടിന് 60 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ സഞ്ചരിക്കുന്നതെന്ന് ജിദ്ദ സെർച്ച് ആന്റ് റെസ്‌ക്യു കോഓഡിനേഷൻ സെന്റർ നിരീക്ഷിച്ചു. അടിയന്തര സാഹചര്യം പരിഗണിച്ച് അതിർത്തി സുരക്ഷാസേന വ്യോമസേനയുടെ സഹായം തേടുകയായിരുന്നുവെന്ന് അതിർത്തി സുരക്ഷാസേന വക്താവ് ലെഫ്.കേണൽ മിസ്ഫർ ബിൻ ഗന്നാം അൽഖറൈനി പറഞ്ഞു. വ്യോമസേന ഹെലികോപ്റ്റർ മുഖേന കപ്പലിനെ സമീപിച്ച സൈന്യം പ്രാഥമിക ചികിത്സ നൽകിയതിനുശേഷം ഇയാളെ പ്രിൻസ് മുഹമ്മദ് ബിൻ നായിഫ് നേവൽ ബെയ്‌സിലെത്തിച്ചു. ജിദ്ദ ഇന്റർനാഷണൽ മെഡിക്കൽ സെന്ററിലാണ് ഉക്രൈൻ സ്വദേശിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. 

Latest News