Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാനിയുടെ ധീരത വീണ്ടും; തീപ്പിടിച്ച കാറില്‍നിന്ന് സൗദി വനിതയെ രക്ഷപ്പെടുത്തി

അബഹ - വാട്ടർ ടാങ്കറിലെ ജീവനക്കാരനായ പാക്കിസ്ഥാനിയുടെ   ധീരതയിൽ അപകടത്തിൽ പെട്ട് തീ പടർന്നുപിടിച്ച കാറിൽ കുടുങ്ങിയ സൗദി വനിതക്ക്  ജീവൻ തിരിച്ചുകിട്ടി. അഹദ് ഥർബാനിൽ സൗദി വനിത ഓടിച്ച കാർ നിയന്ത്രണം വിട്ട് റോഡ് സൈഡിലെ കല്ലുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. നിമിഷ നേരത്തിനിടെ കാറിൽ തീ ആളിപ്പടർുന്നു. ഈ സമയത്ത് ഇതിലൂടെ കടന്നുപോയ പാക്കിസ്ഥാനി അപകടം കണ്ട് വാട്ടർ ടാങ്കർ നിർത്തി ടാങ്കറിലെ ജലം ഉപയോഗിച്ച് സൗദി പൗരന്മാരുടെ കൂടി സഹായത്തോടെ കാറിലെ തീയണക്കുകയായിരുന്നു. 


ഇതിലൂടെ കാറിനകത്ത് കുടുങ്ങിയ സ്ത്രീകളിൽ ഒരാളെ പരിക്കുകളോടെ രക്ഷപ്പെടുത്താന്‍ സാധിച്ചു. കാറോടിച്ചിരുന്ന സൗദി വനിത അപകടത്തിൽ മരണപ്പെട്ടു. 

നാലു വർഷം മുമ്പ് പ്രദേശത്തെ വ്യാപാര സ്ഥാപനത്തിൽ പടർന്നുപിടിച്ച തീയും പാക്കിസ്ഥാനി ഇതേ രീതിയിൽ അണച്ചിരുന്നെന്ന് നാട്ടുകാരായ സൗദി പൗരന്മാർ പറഞ്ഞു. ലാഭനഷ്ടങ്ങൾ നോക്കാതെയും അപകട സാധ്യത തൃണവൽഗണിച്ചും രക്ഷാപ്രവർത്തനം നടത്തുന്ന പാക്കിസ്ഥാനിയെ ബന്ധപ്പെട്ട വകുപ്പുകൾ ആദരിക്കണമെന്ന് സൗദി പൗരന്മാർ ആവശ്യപ്പെട്ടു. 

മജാരിദയിൽനിന്ന് 70 കിലോമീറ്റർ ദൂരെയാണ് അഹദ് ഥർബാൻ. ഇവിടെ സിവിൽ ഡിഫൻസ് സെന്ററില്ല. ഏറ്റവും അടുത്ത സിവിൽ ഡിഫൻസ് സെന്റർ 70 കിലോമീറ്റർ ദൂരെ മജാരിദയിലാണ്. 
അതുകൊണ്ടു തന്നെ അഹദ് ഥർബാനിൽ അഗ്നിബാധകളുണ്ടാകുമ്പോൾ രക്ഷാപ്രവർത്തനങ്ങൾക്ക് സിവിൽ ഡിഫൻസ് യൂനിറ്റുകൾ എത്തുന്നതിന് കാലതാമസം നേരിടുകയും ഇത് പ്രശ്‌നങ്ങൾ സങ്കീർണമാക്കുന്നതിന് ഇടയാക്കുകയുമാണ്. 

Latest News