Sorry, you need to enable JavaScript to visit this website.

സീറ്റ് നൽകാതെ ചതിച്ചു; ദൽഹിയിലെ ബി.ജെ.പി ലോക്‌സഭാംഗം രാജിവച്ചു

ന്യൂദൽഹി- ലോക്‌സഭയിലേക്ക് മത്സരിക്കാൻ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ദൽഹിയിലെ ബി.ജെ.പി നേതാവും എം.പിയുമായ ഉദിത് രാജ് പാർട്ടി വിട്ടു. തനിക്ക് പകരം പഞ്ചാബി ഗായകൻ ഹാൻസ് രാജ് ഹൻസിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചതാണ് ഉദിത് രാജിനെ ചൊടിപ്പിച്ചത്. പാർട്ടിക്ക് ഗുഡ് ബൈ എന്ന് ഇന്ന് രാവിലെ ട്വീറ്റ് ചെയ്താണ് ഉദിത് രാജ് പ്രതിഷേധം അറിയിച്ചത്. ബി.ജെ.പി തനിക്ക് സീറ്റ് നൽകിയില്ലെന്നും അതിനാൽ രാജിവെക്കുകയാണെന്നും ഉദിത് രാജ് വ്യക്തമാക്കി. ഉദിത് രാജിന്റെ ഇന്ത്യൻ ജസ്റ്റിസ് പാർട്ടി 2014-ൽ ബി.ജെ.പിയിൽ ലയിച്ചിരുന്നു. തുടർന്ന് നോർത്ത് വെസ്റ്റ് ദൽഹി സീറ്റിൽനിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച ഉദിത് രാജ് വിജയിക്കുകയും ചെയ്തു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ദൽഹിയിലെ ഏഴ് സീറ്റിലും ബി.ജെ.പി വിജയിച്ചിരുന്നു. സീറ്റ് ലഭിക്കില്ലെന്ന് ബോധ്യമായതിനെ തുടർന്ന് ഉദിത് രാജ് തിങ്കളാഴ്ച രാത്രി അനുയായികളുമൊത്ത് ബി.ജെ.പി ആസ്ഥാനത്തെത്തി മുദ്രാവാക്യം വിളിച്ചിരുന്നു. ഈ സമയത്ത് ഹാൻസ് രാജ് ഹൻസും അവിടെയുണ്ടായിരുന്നു. ഇന്നലെ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തന്നെ വിളിച്ചിരുന്നുവെന്ന് ഉദിത് രാജ് വെളിപ്പെടുത്തി. തനിക്ക് ബി.ജെ.പി ഇത്തവണ സീറ്റ് നൽകില്ലെന്ന് നാലു മാസം മുമ്പ് തന്നെ കെജ്‌രിവാൾ മുന്നറിയിപ്പ് നൽകിയിരുന്നു. പാർലമെന്റിനകത്ത് വെച്ച് രാഹുൽ ഗാന്ധിയുമായും സംസാരിച്ചിരുന്നു. ശരിയായ പാർട്ടിയിലല്ല നിങ്ങൾ പ്രവർത്തിക്കുന്നതെന്ന് രാഹുൽ എന്നോട് പറഞ്ഞിരുന്നു. പാർട്ടിയെ ഉപേക്ഷിക്കാനും രാഹുൽ നിർദ്ദേശിച്ചിരുന്നു. അവരെല്ലാം നൽകിയ മുന്നറിയിപ്പ് ഇപ്പോൾ ഞാൻ ആലോചിക്കുകയാണ്. ഈ നിമിഷം വരെ സത്യസന്ധമായാണ് ബി.ജെ.പിയുടെ കൂടെ പ്രവർത്തിച്ചിരുന്നതെന്നും മുൻ ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥൻ കൂടിയായ ഉദിത് രാജ് പറഞ്ഞു. 
സീറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രസിഡന്റ് അമിത് ഷായോടും പ്രധാനമന്ത്രി നരേന്ദ്രമോഡിയോടും സംസാരിച്ചിരുന്നു. എന്നാൽ അവർ ശരിയായി പ്രതികരിച്ചില്ല. മുതിർന്ന നേതാക്കളായ നിതിൻ ഗഡ്കരിയും രാജ്‌നാഥ് സിംഗും തന്നോട് കാത്തിരിക്കാനാണ് ആവശ്യപ്പെട്ടത്. ദലിതുകളെ ബി.ജെ.പി ചതിക്കുമെന്ന് വിശ്വസിച്ചിരുന്നില്ല ഉദിത് രാജ് പറഞ്ഞു.
 

Latest News