Sorry, you need to enable JavaScript to visit this website.

ജുബൈല്‍ സ്‌കൂളില്‍ ഫീസടക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം; സൗദിയിലെ ആദ്യ ഇന്ത്യന്‍ സ്‌കൂള്‍

ഫീസ് വർധനവില്ലാതെ ജുബൈൽ സ്‌കൂൾ പിടിച്ചുനിന്നു  അഭിമാനത്തോടെ നൗഷാദും നിസാമുദ്ദീനും പടിയിറങ്ങി

ജുബൈൽ- ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ജുബൈലിൽ ഓൺലൈൻ ആയി ഫീസ് അടക്കാനുള്ള സംവിധാനം വന്നു. ഇതോടെ, ഫീയടക്കാൻ ഓൺലൈൻ സംവിധാനമുള്ള സൗദിയിലെ ആദ്യ ഇന്ത്യൻ വിദ്യാലയമായി ജുബൈൽ ഇന്ത്യൻ സ്‌കൂൾ മാറി. സൗദി അറേബ്യയിലെ പ്രമുഖ ബാങ്കായ റിയാദ് ബാങ്ക് മുഖേനയാണ് അടിസ്ഥന സൗകര്യങ്ങൾ ഒരുക്കുന്നത്. സ്‌കൂളിന്റെ വെബ്‌സൈറ്റിൽ ഇതിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ സനാഉല്ല ആരിഫുല്ല സ്വിച്ച് ഓൺ നിർവഹിച്ചു. രക്ഷിതാക്കൾ വെബ്‌സൈറ്റിൽ കയറി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കണമെന്നു സ്‌കൂൾ പ്രിൻസിപ്പൽ ഡോ.സയ്യിദ് ഹമീദ് അറിയിച്ചു.
ഇതോടുകൂടി, സൗദി അറേബ്യയിൽ ഓൺലൈനായി ഫീസ് അടക്കാൻ സംവിധാനമുള്ള ആദ്യ എംബസി സ്‌കൂളായി ജുബൈൽ സ്‌കൂൾ. നിലവിലുള്ള മാനേജ്‌മെന്റ് കമ്മറ്റി നടപ്പിലാക്കി വരുന്ന വികസന പ്രവർത്തനങ്ങളിൽ അവസാനത്തെ പദ്ധതിയാണിത്. കഴിഞ്ഞ വെള്ളിയാഴ്ച തെരഞ്ഞെടുത്ത പുതിയ കമ്മറ്റി അടുത്ത ആഴ്ചയോട് കൂടി അധികാരം ഏൽക്കും. കഴിഞ്ഞ മൂന്ന് വർഷക്കാലം കൊണ്ട് ഒട്ടേറെ വികസനങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞെന്ന് നിലവിലെ കമ്മിറ്റിയിലെ മലയാളി അംഗങ്ങളായ നൗഷാദ് പി.കെ, നിസാമുദ്ധീൻ യാക്കൂബ് അലി എന്നിവർ മലയാളം ന്യൂസിനോട് പറഞ്ഞു. ഉന്നത വിദ്യാഭ്യസത്തിനു യോഗ്യത നേടുന്നതിന് ആവശ്യമായ സാറ്റ് പരീക്ഷാ കേന്ദ്രം ആരംഭിച്ചത് വലിയ നേട്ടമാണ്. നൗഷാദ് മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ ആയിരുന്ന കഴിഞ്ഞ വർഷമാണ് കേന്ദ്രം ആരംഭിച്ചത്. ഇപ്പോഴും അക്കാദമിക് കാര്യ ചുമതലയുള്ള നിസാമുദ്ധീൻ ആവശ്യമായ പിന്തുണ നൽകി. 
ഹയർ സെക്കന്ററി വിദ്യാർഥികൾക്കായി ഇൻഫോർമാറ്റിക് സയൻസ്, ബയോടെക്, ഹോം സയൻസ് തുടങ്ങിയ വിഷയങ്ങൾ കൂടാതെ കണക്കിലേക്ക് കൂടെച്ചേർത്ത്  ആൻട്‌റപ്രണർഷിപ് കൊമേഴ്‌സ് എന്നിവയും അധികമായി കൊണ്ടുവരാൻ കഴിഞ്ഞു. സ്‌കൂളുമായി ബന്ധപ്പെട്ട കരാറുകൾ സുതാര്യമാക്കുവാനും, നടത്തിപ്പിൽ കവിഞ്ഞ തുക ഇസ്‌ലാമിക ശരീഅത്തിൽ അധിഷ്ഠിതമായ മാർഗത്തിൽ മുതൽ മുടക്കുവാനും പ്രാപ്തമാക്കി. വ്യവസായ നഗരമായ ജുബൈലിലെ, വിവിധ കമ്പനികൾ അടച്ചുകൊണ്ടിരുന്ന വ്യത്യസ്ത ഫീസുകൾ ഏകോപിപ്പിച്ചു. ഇത് മൂലം സ്‌കൂളിന് ലാഭം ഉണ്ടാക്കുവാനും  നിതാഖാത് മൂലമുണ്ടായ അധിക ബാധ്യത ഒഴിവാക്കാൻ ഫീസ് വർധിപ്പിക്കുന്നത് ഒഴിവാക്കുവാനും കഴിഞ്ഞു. സൗദിയിലെ മിക്ക സ്‌കൂളുകളും ഫീസ് വർധിപ്പിച്ചപ്പോൾ ജുബൈൽ സ്‌കൂളിൽ ഫീസ് വർധനവ് ഉണ്ടായില്ല. 
താരതമ്യ പഠനത്തിന് സഹായിക്കുന്ന വിധത്തിൽ ലൈബ്രറിയെ ഉയർത്തിക്കൊണ്ട് വന്നു. വിദ്യാർഥികളുടെ അഭിരുചികൾ മനസിലാക്കിയുള്ള വ്യത്യസ്ത പരിശീലനങ്ങൾ, അഞ്ചാം തരത്തിലെ വിദ്യാർഥികളെ പഠനത്തിൽ സഹായിക്കാൻ, ക്യാച്ച് തെം യങ് എന്ന പേരിൽ പ്രത്യേക പരിപാടി എന്നിവയും കഴിഞ്ഞ കാല പ്രവർത്തനങ്ങളെ മികവുറ്റതാക്കി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മലയാളി അംഗം അബ്ദുൽ റഊഫും, തങ്ങൾ തുടങ്ങി വെച്ച വികസന പ്രവർത്തനങ്ങൾ തുടരുമെന്ന പ്രതീക്ഷയിൽ ആണ് നൗഷാദും നിസാമുദ്ദീനും മാനേജ്‌മെന്റ് കമ്മിറ്റിയിൽ നിന്ന് പടിയിറങ്ങുന്നത്.


 

Latest News