Sorry, you need to enable JavaScript to visit this website.

ഇലക്ട്രിസിറ്റി കമ്പനിയിൽ സൗദിവൽക്കരണം 92 ശതമാനം

റിയാദ് - വിഷൻ 2030 പദ്ധതി പ്രഖ്യാപിച്ച് മൂന്നു വർഷത്തിനുള്ളിൽ സൗദിവൽക്കരണം 92 ശതമാനമായി ഉയർത്തുന്നതിന് സാധിച്ചതായി സൗദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു. നാലര കോടി ബാരൽ അസംസ്‌കൃത എണ്ണയും 6.3 കോടി ബാരൽ ഡീസലും ലാഭിക്കുന്നതിന് കമ്പനിക്ക് കഴിഞ്ഞു. പ്രാദേശിക ഉൽപന്നങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായി സൗദി ഫാക്ടറികൾക്ക് സൗദി ഇലക്ട്രിസിറ്റി കമ്പനി ടെണ്ടറുകളിൽ പത്തു ശതമാനം വരെ പ്രത്യേക വെയ്‌റ്റേജ് അനുവദിക്കുന്നുമുണ്ട്. 
വൈദ്യുതി മേഖലയിലെ ആഗോള പരിചയസമ്പത്ത് സൗദിയിലെത്തിക്കുന്നതിന് ഡസൻ കണക്കിന് എൻജിനീയർമാരെയും ടെക്‌നീഷ്യന്മാരെയും കമ്പനി ചെലവിൽ വിദേശങ്ങളിലേക്ക് അയച്ചിട്ടുണ്ട്. സൗദിയിൽ ബ്രോഡ്ബാന്റ് സേവനം വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് സഹായകമായി 73,000 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ സർക്കിളുകൾ കമ്പനി സ്ഥാപിച്ചു. ഒപ്റ്റിക്കൽ ഫൈബർ പശ്ചാത്തല സൗകര്യങ്ങളുടെ മൊത്ത വിൽപനക്കുള്ള സൗദിയിലെ ഏക ലൈസൻസും സൗദി ഇലക്ട്രിസിറ്റി കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. 
ഇന്ധനം അവലംബിക്കുന്നത് കുറക്കുന്ന കാര്യത്തിൽ അമ്പരിപ്പിക്കുന്ന നേട്ടം കൈവരിക്കുന്നതിന് കമ്പനിക്ക് സാധിച്ചു. ബ്രോഡ്ബാന്റ് സേവനം വ്യാപിപ്പിച്ച് സൗദിയിൽ സാങ്കേതിക മേഖലാ വികസനത്തിനുള്ള വിഷൻ 2030 പദ്ധതിക്ക് പിന്തുണ നൽകുന്നതിലും കമ്പനിക്ക് വലിയ പങ്കുണ്ട്. വൈദ്യുതി വ്യവസായ മേഖലക്കാവശ്യമായ ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നതിന്, കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം സൗദി ഇലക്ട്രിസിറ്റി കമ്പനിയിൽ 575 സൗദി ഫാക്ടറികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2016 അവസാനത്തിൽ സൗദി ഇലക്ട്രിസിറ്റി കമ്പനിയിൽ രജിസ്റ്റർ ചെയ്ത ഫാക്ടറികളുടെ എണ്ണം 498 ആയിരുന്നു. രണ്ടു വർഷത്തിനുള്ളിൽ കമ്പനിയിൽ രജിസ്റ്റർ ചെയ്ത ഫാക്ടറികളിൽ 77 എണ്ണത്തിന്റെ വർധനവുണ്ടായി. 
നൂറിലേറെ നിക്ഷേപാവസരങ്ങൾ കമ്പനി മുന്നോട്ടുവെച്ചു. അഞ്ചു വർഷത്തിനിടെ 13,200 കോടി റിയാലിന്റെ കരാറുകൾ കമ്പനി ഒപ്പുവെച്ചു. സൗദി ഇലക്ട്രിസിറ്റി കമ്പനി കരാറുകൾ അനുവദിച്ചതിൽ 80 ശതമാനവും സൗദി കമ്പനികളായിരുന്നു. അഞ്ചു വർഷത്തിനിടെ 3,200 കോടി റിയാലിന്റെ സ്‌പെയർപാർട്‌സും ഉപകരണങ്ങളും മറ്റും കമ്പനി വാങ്ങി. ഇതിൽ 67 ശതമാനവും സൗദി ഫാക്ടറികളിൽ നിന്നായിരുന്നെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു. 
 

Latest News