Sorry, you need to enable JavaScript to visit this website.

മക്കയില്‍ രണ്ട് ബഖാലകള്‍ കൊള്ളയടിച്ച സംഘം പിടിയില്‍; അറസ്റ്റിലായത് സൗദി യുവാക്കള്‍

മക്ക - അൽഅസീല ഡിസ്ട്രിക്ടിൽ രണ്ടു ബഖാലകൾ കൊള്ളടിച്ച മൂന്നംഗ സൗദി സംഘത്തെ രഹസ്യ പട്രോൾ പോലീസുകാർ അറസ്റ്റ് ചെയ്തു. കത്തിയും കൈത്തോക്കും ഉപയോഗിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് സംഘം ബഖാലകളിൽ നിന്ന് പണവും വിലപിടിച്ച വസ്തുക്കളും കവർന്നത്.

തിരിച്ചറിയപ്പെടാതിരിക്കുന്നതിന് ഷാൾ ഉപയോഗിച്ച് മുഖംമറച്ചാണ് സംഘം കവർച്ചകൾ നടത്തിയത്. ഇതേ കുറിച്ച് സ്ഥാപന അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. വൈകാതെ പ്രതികൾ സഞ്ചരിച്ച കാർ തിരിച്ചറിയുന്നതിന് അന്വേഷണോദ്യോഗസ്ഥർക്ക് സാധിച്ചു. കവർച്ചകൾ നടന്ന ബഖാലകൾക്കു സമീപമുള്ള പ്രദേശങ്ങളിൽ വലിയ തോതിൽ രഹസ്യ പോലീസുകാരെ വിന്യസിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്തുകയായിരുന്നു. ഈ സമയത്ത് കാറിനകത്ത് പ്രതികളിൽ ഒരാൾ മാത്രമാണുണ്ടായിരുന്നത്. കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ ബഖാലകളിൽ കവർച്ചകൾ നടത്തിയതായി സമ്മതിച്ച പ്രതി കൂട്ടുപ്രതികളെ കുറിച്ച് വിവരം നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റു പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. തിരിച്ചറിയൽ പരേഡിൽ പ്രതികളെ ബഖാല ജീവനക്കാർ തിരിച്ചറിഞ്ഞു. തുടർ നടപടികൾക്കായി പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പോലീസ് അറിയിച്ചു.  മക്കയിലെ അൽജഅ്‌റാനയിൽ മര ഉരുപ്പടികൾ കവർന്ന അഞ്ചംഗ സംഘത്തെയും കഴിഞ്ഞ ദിവസം സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. ബംഗ്ലാദേശുകാരാണ് അറസ്റ്റിലായത്. രണ്ടു ലക്ഷം റിയാൽ വിലവരുന്ന മര ഉരുപ്പടികളാണ് സംഘം കവർന്നത്. മോഷണ വസ്തുക്കൾ നീക്കം ചെയ്യുന്നതിന് ഉപയോഗിച്ച നാലു മിനി ലോറികൾ സുരക്ഷാ വകുപ്പുകൾ പിടിച്ചെടുത്തു. ചുറ്റുമതിലോടു കൂടിയ കോംപൗണ്ടിൽ നിന്ന് അഞ്ചംഗ സംഘം മര ഉരുപ്പടികൾ കവരുന്നതായി സൗദി പൗരൻ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർ നടപടികൾക്കായി പ്രതികളെ പിന്നീട് അൽശറായിഅ് പോലീസ് സ്റ്റേഷന് കൈമാറി.
 

Latest News