Sorry, you need to enable JavaScript to visit this website.

കല്ലടയാറ്റിൽ  സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു

മണ്ണടി- മണ്ണടിയിൽ  കല്ലടയാറ്റിൽ തെങ്ങാംപുഴ കടവിൽ സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മണ്ണടി കണ്ണംതുണ്ടിൽ നാസറുദ്ദീന്റെ മക്കളായ നാസീം (19), സഹോദരൻ നിയാസ് (16), നാസറുദ്ദീന്റെ ഭാര്യ സഹോദരനായ പോരുവഴി അമ്പലത്തും ഭാഗം മാജിദ മൻസിലിൽ നജീബിന്റെ മകൻ അജ്മൽഷാ (16) എന്നിവരാണ് മുങ്ങി മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
മരണമടഞ്ഞ സഹോദങ്ങളായ നാസീമും നിയാസും ബന്ധുക്കളായ അജ്മൽഷായും  അജ്മലും ഉൾപ്പെടെ നാലുപേരാണ് കുളിക്കാനിറങ്ങിയത്. നീന്തൽ അറിയാത്തതിനാൽ അജ്മൽ വെള്ളത്തിൽ കുറച്ച് ഭാഗത്തേക്ക് മാത്രമേ ഇറങ്ങിയുള്ളൂ. നാസീമും കുളി കഴിഞ്ഞ് കരയ്ക്ക് കയറി ഇതിനിടെയാണ് മണൽ വാരിയ കയത്തിലെ ചുഴിയിൽ നിയാസും അജ്മൽ ഷായും അകപ്പെട്ടത്. ഇരുവരേയും കാണാതായതോടെ അജ്മൽ നിലവിളിച്ചു. ഇത് കേട്ട് അൽപ്പം അകലെയായി നിന്ന നാസീമും ഓടിയെത്തി. ഇരുവരും മുങ്ങിത്താഴുന്നതു കണ്ട് ഇവരും അലറിവിളിച്ചു.  ഇതിനിടെ നാസീം ഇരുവരേയും രക്ഷിക്കാൻ ആറ്റിലേക്ക് എടുത്ത് ചാടി. ഒടുവിൽ മൂവരും നിലയില്ലാ കയത്തിലേക്ക് മുങ്ങിത്താണു. അജ്മലിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ മുക്കാൽ മണിക്കൂറോളം നടത്തിയ തിരച്ചിലിനിടയിലാണ് നൂറ് മീറ്റർ താഴെയായി ആറ്റിൽ പാറയിടുക്കുള്ള ഭാഗത്തു നിന്നും മൂവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതിനിടെ അടൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സും വടം കെട്ടി രക്ഷാപ്രവർത്തകർക്ക് സുരക്ഷയൊരുക്കി. കുളക്കട ജി.വി എച്ച്.എസിൽ നിന്നും പഌ് ടൂ പഠനം പൂർത്തിയാക്കി പരീക്ഷാ ഫലം കാത്തിരിക്കുകയായിരുന്നു നാസീം. സഹോദരൻ നിയാസ് കണ്ണനല്ലൂർ ടൗൺ ജുമാ മസ്ജിദിൽ ഖുർആൻ പഠനം പൂർത്തിയാക്കിയതിനെ തുടർന്ന് 20 ന് ഹാഫിൾ സ്ഥനം ലഭിച്ചിരുന്നു. മാതാവ്: സബീല
ചക്കുവള്ളി ഗവ. എച്ച്. എസ്. എസിലെ പഌ് ടൂ വിദ്യാർത്ഥിയാണ് അജ്മൽ ഷാ. ഇന്നലെ രാവിലെയാണ് മണ്ണടിയിലെ ബന്ധുവീട്ടിൽ എത്തിയത്. മാതാവ്: മാജിദ. മൂവരുടേയും മൃതദേഹം അടൂർ ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സഹോദരങ്ങളുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മണ്ണടി മുടിപ്പുര ജുമാ മസ്ജിദിലും അജ്മൽ ഷായുടേത് പോരുവഴി മുസ്‌ലീം ജമാഅത്ത്  ഖബർസ്ഥാനിലും ഖബറടക്കി.
 

Latest News