Sorry, you need to enable JavaScript to visit this website.

റസീന യാത്രയായത് ബന്ധുക്കളെ കാണാനുള്ള ആഗ്രഹം സഫലമാവാതെ 

കാസർകോട്- കൊളംബോയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശിനി പി.എസ് റസീന (58) കൊല്ലപ്പെട്ടത് നാട്ടിലുള്ള സഹോദരിയെ ഫോണിൽ വിളിച്ചയുടനെ. ശ്രീലങ്കൻ പൗരത്വമുള്ള മലയാളിയായ റസീന നാട്ടിലേക്ക് വരുന്നതിനാണ് ഭർത്താവിന്റെ കൂടെ ദുബായിലേക്ക് പോകുന്ന യാത്ര റദ്ദാക്കി കൊളംബോയിലെ ഷാൻഗ്രില പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിയത്. മൊഗ്രാൽ പുത്തൂരിലുള്ള സഹോദരി സുലു എന്ന ഹിതായയെ ബന്ധപ്പെട്ടു വിശേഷങ്ങൾ ചോദിച്ച ശേഷം മൊഗ്രാൽ പുത്തൂരിലേക്ക് വരുന്ന കാര്യം പറഞ്ഞു ഫോൺ വെച്ചയുടനെയാണ് ഹോട്ടലിൽ ബോംബുകൾ പൊട്ടിത്തെറിച്ചത്. ദുബായിലേക്ക് പോകുന്നതിന് മുമ്പ് കാസർകോട് വന്നു ബന്ധുവീടുകൾ സന്ദർശിച്ചു കുടുംബക്കാരെ മുഴുവൻ കാണാനുള്ള ആഗ്രഹം റസീനക്കുണ്ടായിരുന്നു. അവധിക്കാലം ചിലവഴിക്കാൻ കൊളംബോയിൽ വരുമ്പോഴെല്ലാം മൊഗ്രാൽ പുത്തൂരിൽ വന്നിട്ടാണ് ദുബായിലേക്ക് ഇവർ മടങ്ങാറുള്ളത്. ഇത്തവണ ആ ആഗ്രഹം സഫലമാക്കാതെയാണ് റസീന ദുരന്തത്തിന് കീഴടങ്ങിയത്. കൊല്ലപ്പെട്ട റസീനയുടെ മൃതദേഹം പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയും തുടർന്ന് തിങ്കളാഴ്ച രാവിലെ 11 മണിയോടെ മയ്യത്ത് കൊളംബോയിൽ ഖബറടക്കുകയും ചെയ്തു. ദുബായിലേക്ക് മടങ്ങിയിരുന്ന ഭർത്താവ് മംഗളുരു സ്വദേശി ഖാദർ കുക്കാർ വിവരം അറിഞ്ഞു ഞായറഴ്ച രാത്രി കൊളംബോയിൽ തിരിച്ചെത്തി. തുടർന്നാണ് മയ്യത്ത് ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങിയത്. അമേരിക്കയിൽ എഞ്ചിനീയർമാരായ മക്കൾ ഫറ, കാൻഫർ എന്നിവരും കൊളംബോയിൽ എത്തിയിരുന്നു. മൊഗ്രാൽ പുത്തൂരിൽ ഉണ്ടായിരുന്ന സഹോദരി ഹിതായ, ജ്യേഷ്ഠന്റെ രണ്ടു മക്കൾ മറ്റു ബന്ധുക്കൾ എന്നിവരെല്ലാം ഇന്നലെ വൈകുന്നേരം നാല് മണിയോടെ കൊളംബോയിൽ എത്തിച്ചേർന്നു. ശ്രീലങ്കയിലെ വൗവ്‌നിയ എന്ന സ്ഥലത്താണ് റസീന ജനിച്ചു വളർന്നത്. ഇവിടെ മജിട്രേറ്റിന്റെ പദവിക്ക് തുല്യമായ ജസ്റ്റിസ് ഓഫ് പീസ് പദവി വഹിച്ചിരുന്ന പി എസ് അബ്ദുല്ലയുടെ മകളാണ് റസീന. ശ്രീലങ്കൻ പൗരത്വമുള്ള റസീനയുടെ പിതാവ് അബ്ദുള്ളയും മാതാവ് സക്കീനബി ഷംനാടും നേരത്തെ മരിച്ചിരുന്നു. വൗവ്‌നിയയിൽ ബിസിനസുകാരനായ ജ്യേഷ്ഠൻ പി.എസ് ബഷീറിന്റെയും കടുംബത്തിന്റെയും കൂടെ അവധി ആഘോഷിക്കാനാണ് റസീനയും ഭർത്താവും കൊളംബോയിൽ എത്തിയത്. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ കൊളംബോയിൽ ക്രിസ്റ്റ്യൻ പള്ളികളിലും ഹോട്ടലുകളിലും ഉണ്ടായ സ്‌ഫോടനത്തിലാണ് മലയാളി വീട്ടമ്മ കൊല്ലപ്പെടുന്നത്.  

Latest News