Sorry, you need to enable JavaScript to visit this website.

നെഹ്‌റു കുടുംബത്തിലെ മൂന്ന് തലമുറ നേതാക്കളോടൊപ്പം 

1980 ൽ ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ലോകത്തെ അദ്ഭുതപ്പെടുത്തി ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി വീണ്ടും അധികാരത്തിലേറി ദിവസങ്ങൾക്കുള്ളിൽ കേരളത്തിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡിഎഫ്  സ്ഥാനാർത്ഥിയായ  പി.ടി മോഹനകൃഷ്ണന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ജനുവരിയുടെ മഞ്ഞ്പുതച്ച അർധരാത്രി 3 മണിക്ക് പൊന്നാനി എം.ഇ.എസ് കോളേജ് ഗ്രൗണ്ടിൽ വന്നപ്പോഴാണ് കുറച്ചകലെനിന്ന് ഇന്ദിരാജിയെ ആദ്യമായി കാണുന്നത്....
1982 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രിയായ ഇന്ദിരാജി യു.ഡി.എഫ് സ്ഥാനാർത്ഥി എം.പി ഗംഗാധരന് വേണ്ടി പൊന്നാനി എ.വി ഹൈസ്‌കൂൾ ഗ്രൗണ്ടിൽ വീണ്ടും വന്നു. അന്ന് സ്‌റ്റേജിന് തൊട്ടടുത്ത് ലൈനപ്പിൽനിന്ന് പതിനഞ്ചോളം വരുന്നവരിൽ ഒരു കെ.എസ്.യു പ്രതിനിധിയായി കൈകൊടുത്ത് ഷാൾ അണിയിക്കാൻ കഴിഞ്ഞ നിമിഷം ഇന്നും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു.
1987 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി പൊന്നാനിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ പി.ടി മോഹനകൃഷ്ണന് വേണ്ടി എ.വി ഹൈസ്‌ക്കൂൾ ഗ്രൗണ്ടിൽ മാർച്ച് മാസത്തിലെ പൊള്ളുന്ന വേനലിൽ എത്തിയപ്പോൾ യൂത്ത്‌കോൺഗ്രസ് ജില്ലാ സെക്രട്ടറി എന്നനിലയിൽ സ്‌റ്റേജിന് തൊട്ടടുത്തുളള ലൈനപ്പിൽനിന്ന് കൈകൊടുത്ത് ഷാൾഅണിയിക്കാൻ കഴിഞ്ഞ നിമിഷം ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു.
ഇന്ദിരാ ഗാന്ധിയെയും രാജീവ് ഗാന്ധിയെയും സ്വീകരിക്കുമ്പോൾ ബാരിക്കേഡ് ഇല്ലാതെയാണ് ലൈനപ്പിൽനിന്ന് സ്വീകരിച്ചത്. പതിനഞ്ചോളം പേരാണ് അന്ന് ലൈനപ്പിൽ ഉണ്ടായിരുന്നത്. ഫോട്ടോ എടുക്കാനോ അത് സംഘടിപ്പിക്കാനോ അക്കാലത്ത് കഴിഞ്ഞില്ല. മനോരമയുടെ പ്രമുഖ ഫോട്ടോഗ്രാഫറായിരുന്ന ടി. നാരായണൻ അന്ന് ഫോട്ടോ എടുത്തിരുന്നു. അദ്ദേഹം തരാമെന്ന് പറഞ്ഞെങ്കിലും അവ സംഘടിപ്പിക്കുവാൻ പറ്റിയില്ല എന്നതാണ് ഇപ്പോൾ ഓർക്കുമ്പോഴുള്ള നൊമ്പരം.2019 ലെ ചുട്ടുപൊള്ളുന്ന ഈ ഏപ്രിൽ 17 ന് ഇന്ത്യയുടെ എക്കാലത്തെയും വിധിനിർണായകമായ 17ാം ലോക്‌സഭാ തെരഞ്ഞെടുപ്പിന് പൊന്നാനിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീറിന്റെയും പാലക്കാട് സ്ഥാനാർത്ഥി വി.കെ ശ്രീകണ്ഠന്റെയും ആലത്തൂരിലെ സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെയും പ്രചാരണത്തിനായി ഇന്ത്യൻ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പോരാളി കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി ചാലിശ്ശേരിയിലെ സ്‌റ്റേജിനടുത്തുള്ള ഹെലിപ്പാഡിൽ ഇറങ്ങിയപ്പോൾ അദ്ദേഹത്തിന് കൈകൊടുത്ത് ഷാൾ അണിയിച്ച് സ്വീകരിക്കാൻ കഴിഞ്ഞതും അത്യപൂർവ്വ നിമിഷമായി മാറി.
സുരക്ഷാ ഉദ്യോഗസ്ഥരുടെ പിഴവോ, അറിയാതെ സംഭവിച്ചതുകൊണ്ടോ ബാരിക്കേഡിന്റെ അപ്പുറവും ഇപ്പുറവുമായിപ്പോയി രാഹുൽ ഗാന്ധിയും ലൈനപ്പിലുള്ളവരും. മൂന്ന് ജില്ലകളിലുള്ളവരായി അറുപതോളം പേരുമുണ്ടായി ലൈനപ്പിൽ ഹാരാർപ്പണത്തിനായി. 
നെഹ്‌റു കുടുംബത്തിലെ മൂന്ന് തലമുറ നേതാക്കളായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റുമാരെ സ്വീകരിക്കാൻ കഴിഞ്ഞ ഞാനടക്കമുള്ള കുറച്ച്‌പേർക്ക് അത്യപൂർവ്വ ചരിത്രനിമിഷങ്ങളും സുവർണ്ണ നിമിഷങ്ങളുമാണ് ഓർമയിൽ സൂക്ഷിക്കാനുള്ളത്.
 

Latest News