Sorry, you need to enable JavaScript to visit this website.

ഒരു കോളനിയും കുറെ ഓർമകളും

കുറവൻകോണത്തെ മമ്മീസ് കോളനിയിൽ ഞാൻ താമസിച്ചിട്ടില്ല. രണ്ടോ മൂന്നു തവണയേ അവിടെ പോയിട്ടുള്ളു. മമ്മീസ് കോളനിയിൽ അയൽക്കാരായി താമസിച്ച് പലപ്പോഴായി മരിച്ചുപോയ അഞ്ചു പേരെപ്പറ്റി ഒരു കുറിപ്പ് കണ്ടു ഒരു വാരാന്ത്യപ്പതിപ്പിൽ. സ്ഥലചരിത്രം തേടിപ്പോയ ലേഖകൻ ഇറാനിൽ പോയി പണമുണ്ടാക്കി, കുറവങ്കോണത്ത് ഏതാനും ഏക്കർ സ്വന്തമാക്കിയ കുര്യനിൽ എത്തിച്ചേർന്നു. അദ്ദേഹം സ്ഥലം മുറിച്ചു വിറ്റു. കുര്യന്റെ ഭാര്യയെ നാട്ടുകാർ മമ്മി എന്നു വിളിച്ചുപോന്നു. പ്രാപ്തിയുള്ളവരും ഐ എ എസുകാരും അവിടെ വീടു കെട്ടിപ്പൊക്കിയിട്ടും സ്ഥലം മമ്മീസ് കോളനി എന്നു തന്നെ അറിയപ്പെട്ടു. 
മമ്മീസ് കോളനിയിൽ ഞാൻ ആദ്യം പോയത് ഡോ. കെ എം ജോർജിനെ കാണാനായിരുന്നു. അദ്ദേഹം എഡിറ്റ് ചെയ്ത് കേന്ദ്രസാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ഇന്ത്യൻ  ലിറ്ററേച്ചർ എന്ന പുസ്തകത്തെപ്പറ്റി എന്റെ പത്രത്തിൽ എന്തോ എഴുതാനുണ്ടായിരുന്നു. മലയാളക്കരക്ക് അപ്പുറം മലയാളം കൈകാര്യം ചെയ്ത് പ്രമുഖരായവരായിരുന്നു ഡോ. ജോർജും ഡോ. എസ് കെ നായരും. ചെന്നൈ ആയിരുന്നു ഇരുവരുടെയും ലാവണം. അവരുടെ ചങ്ങാത്തം ഓർത്തെടുത്തുകൊണ്ട് ജോർജ് പറഞ്ഞു: സർഗാത്മകസാഹിത്യത്തിൽ എന്നെക്കാൾ മുമ്പനായിരുന്നു എസ്.കെ. ഭാരതീയസാഹിത്യത്തെ ഇട തട്ടിച്ചും വിലയിരുത്തിയും നോക്കിയിരുന്ന ജോർജിനെ സാഹിത്യം കൊണ്ടൊരു പാലം പണിയുന്നയാളായി ചിത്രീകരിച്ചപ്പോൾ അദ്ദേഹത്തിനിഷ്ടപ്പെട്ടുവെന്നു തോന്നി. 
ഒരു ദിവസം അദ്ദേഹം എന്നെ അമ്പരപ്പിച്ചുകൊണ്ട് ചോദിച്ചു: എനിക്കെത്ര വയസ്സായി? ഉത്തരം അദ്ദേഹം തന്നെ തന്നപ്പോൾ ഞാൻ കൂടുതൽ അമ്പരന്നു: മുപ്പത്തേഴ്. പിറകേ വന്നു ഒരു ചിരിയും വിശദീകരണവും. ഗോവിന്ദൻ കുട്ടീ, മുപ്പത്തേഴ് ഒന്നു തിരിച്ചിട്ടു നോക്കുക. 
73. ആ പ്രായത്തിന്റെ ആയവും ലാഘവവും അദ്ദേഹം ആസ്വദിച്ചു, അങ്ങനെയിരിക്കേ ഒരു ദിവസം വിമാനത്തിൽ കണ്ടു മുട്ടിയപ്പോൾ ജോർജ് പറഞ്ഞു, ഏതോ ഒരു അവാർഡ് വാങ്ങാൻ പോകുന്നു. വലുതൊന്നുമല്ല; എന്നാലും വേണ്ടെന്നു വെക്കേണ്ടല്ലോ. പത്മശ്രീ എന്നേ കിട്ടിക്കഴിഞ്ഞു. ഇനി പത്മഭൂഷൺ കിട്ടണം. അത് പറയുമ്പോൾ മനസ്സിൽ രൂപപ്പെട്ടുവരുന്നതുപോലെ തോന്നി,
ജോർജിന്റെ തൊട്ട അയൽക്കാരനായിരുന്നു കഴിഞ്ഞ ആഴ്ച അന്തരിച്ച പി.എം അബ്രഹാം. സെക്രട്ടറി സ്ഥാനവും ഗോൾഫ് ഭ്രമവും അദ്ദേഹം ഒരു പോലെ പങ്കു വെച്ചു. മുഖത്ത് വഴിഞ്ഞിരുന്ന ഗൗരവം ഹൃദയനൈർമല്യത്തിന്റെ മറയായിരുന്നു. ഞാൻ പരിചയപ്പെടുമ്പോൾ വ്യവസായ  സെക്രട്ടറിയായിരുന്ന അദ്ദേഹം പത്രപ്രവർത്തകന് അനുവദിക്കുന്നതിലും കൂടുതൽ അടുപ്പം എനിക്കനുവദിച്ചു. ഏറെ കാലത്തെ മൗനത്തിനുശേഷം ഒരു ദിവസം ഞാൻ വിളിച്ചപ്പോൾ സന്തോഷവും സംഭ്രമവും ഒരു പോലെ തോന്നിയെന്ന് പിന്നീടു പറഞ്ഞു. സംഭ്രമത്തിനു കാരണം ആരുടെയെങ്കിലും സ്‌കൂൾ പ്രവേശനത്തിനു ശുപാർശ ഇറക്കുകയാകാമെന്ന വിചാരമായിരുന്നു. വാസ്തവത്തിൽ ഞാൻ വിളിച്ചത് പഴയ ഒരു കിളിക്കൊഞ്ചൽ വേർ തിരിച്ചെടുക്കാനായിരുന്നു.
പെൻഷൻ പറ്റിയ ശേഷം ഒരു പ്രമുഖ സ്‌കൂളിന്റെ ചുമതല വഹിച്ചിരുന്ന അബ്രഹാം അറുപതുകളുടെ തുടക്കത്തിൽ  തൃശൂർ കലക്ടർ ആയിരുന്നു. ഒരു മന്ത്രിസഭയുടെ പതനത്തിനും ഒരു പാർട്ടിയുടെ പിറവിക്കും ഒരു പ്രശസ്തിയുടെ തകർച്ചക്കും പശ്ചാത്തലമായ പീച്ചി സംഭവം വിലയിരുത്താനും നടപടി എടുക്കാനും നിയോഗമുള്ള ഉദ്യോഗസ്ഥനാണ് കലക്ടർ. കാറിൽ പെൺ സാന്നിധ്യം ഉണ്ടായിരുന്നെന്നും കാർ ഒരു കൈവണ്ടിയിൽ മുട്ടിയെന്നുമായിരുന്നു വാർത്ത. പത്രക്കാർ ചോദിച്ചപ്പോൾ കലക്ടർ പറഞ്ഞു, 'ഡ്രൈവർക്കെതിരെ നടപടി ഉണ്ടാവും'. ഡ്രൈവർ ആഭ്യന്തരമന്ത്രി പി.ടി ചാക്കോ ആയിരുന്നു.
സ്‌കൂൾ കാര്യത്തിൽ എനിക്കു താൽപര്യമില്ലെന്നു വന്നപ്പോൾ എല്ലാം ശുഭമായി. വയ്യെന്നു പറയേണ്ട ആവശ്യമില്ലെന്നു വന്നു, അബ്രഹാമിന്. ഞങ്ങൾ കളിച്ചും ചിരിച്ചും ചിരിക്കാതെയും ഓർമകൾ പങ്കിട്ടു. കപ്പൽ ഗതാഗത സെക്രട്ടറി ആയിരുന്നു ഒരിടക്ക് അദ്ദേഹം. മന്ത്രി കെ പി ഉണ്ണിക്കൃഷ്ണൻ, മദ്രാസ് ക്രിസ്ത്യൻ കോളേജിലെ പഴയ സഹപാഠി. എന്തോർത്തോ ഓർക്കാതെയോ അബ്രഹാമിന്റെ ക്ഷമയും അഭിമാനബോധവും പരീക്ഷിക്കുന്ന മട്ടിലായിരുന്നു ഉണ്ണിക്കൃഷ്ണന്റെ പെരുമാറ്റം. അബ്രഹാമിൽനിന്നു വ്യത്യസ്തമായി, പത്രക്കാരുമായും രാഷ്ട്രീയക്കാരുമായും അടുപ്പം പുലർത്തിയിരുന്ന ആളായിരുന്നു ബാബു പോൾ. സരസനും ദൈവചിന്താനിരതനുമായ ബാബു പോൾ എഴുത്തിലും കേമനായിരുന്നു. ഇടുക്കി പദ്ധതി അറബിക്കടലിൽ പോയാൽ കേരളത്തിനൊരു ചുക്കും വരാനില്ല എന്ന ഇമ്പിച്ചിബാവയുടെ കുപ്രസിദ്ധമായ പ്രസ്താവനയുടെ മുഴക്കത്തിൽ പദ്ധതിയെ രക്ഷിക്കാൻ ചുമതലപ്പെട്ട ഇടുക്കി കലക്ടർ ആയിരുന്നു അദ്ദേഹം.  വെല്ലുവിളിയാർന്ന ആ അനുഭവത്തിന്റെ സാക്ഷ്യപത്രമാണ് ബാബു പോളിന്റെ ' ഗിരിപർവം.'
പോലീസുകാരിൽ കാണുമെന്ന് പലരും കരുതാത്ത ഗുണങ്ങളുള്ള ആളായിരുന്നു എം കെ ജോസഫ്. പോലീസിന്റെ തലപ്പത്ത് എത്തിയിട്ടും പോലീസിന്റെ മനുഷ്യമുഖം പ്രദർശിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ വ്യഗ്രത. പക്ഷേ ഒരിക്കൽ പാളി. ഒരു കഥ എഴുതിയതിന്റെ പേരിൽ മണമ്പൂർ രാജൻബാബു മലബാർ സ്‌പെഷ്യൽ പൊലീസിലെ ഗുമസ്തത്വത്തിൽനിന്ന് പിരിച്ചുവിടപ്പെട്ടത് എം കെ ജോസഫ് പോലീസ് തലവനും വയലാർ രവി ആഭ്യന്തരമന്ത്രിയുമായിരുന്നപ്പോഴാണ്. രവിക്കു പൊള്ളുമെന്നു വന്നപ്പോഴേ ആ കടുത്ത നടപടി റദ്ദാക്കിയുള്ളു. പിന്നെ ജോസഫ് ഒരു ഇംഗ്ലിഷ് പത്രത്തിന്റെ എഡിറ്റർ ആയി. എല്ലാവർക്കും നല്ല ശമ്പളം വാഗ്ദാനം ചെയ്ത പത്രം, പ്രതീക്ഷിച്ച പോലെ, ഏറെ കഴിയും മുമ്പേ പൂട്ടി. അതിലെ ചിലർ എന്റെ സ്ഥാപനത്തിൽ ചേരാനുമിടയായി.
ചില ചാരപ്രതിചാര സ്ഥാപനങ്ങൾ അവരുടെ പ്രധാനപുരുഷന്മാരുടെ മുഖം മറച്ചുവെക്കാൻ ബദ്ധപ്പെടാറുണ്ട്.  ഏതു ദൃശ്യത്തിലും കണ്ടാലറിയാവുന്നതാവും ഇന്റലിജൻസ് ബ്യൂറോക്കാരന്റെ മുഖം എന്ന് വി കെ എൻ പണ്ടേ പറഞ്ഞുവെച്ചിരുന്ന കാര്യം ഓർക്കുന്നു. ഏതായാലും ചില പോലീസുകാരും സിവിലിയന്മാരുമായ ഉദ്യോഗസ്ഥന്മാരുണ്ട്, അൽമായന്മാർക്കെല്ലാം തിരിച്ചറിയാൻ നിന്നു കൊടുക്കാത്തവരായിട്ട്. പലപ്പോഴും അവരുടെ ദൗത്യങ്ങളും പദവികളും അവരെ ജനശ്രദ്ധാകേന്ദ്രമാക്കുന്നതാവും. എന്നാലും വെളിച്ചത്തിൽനിന്നും ഒഴിഞ്ഞു നിൽക്കാൻ അവർ താൽപര്യപ്പെടുന്നു. 
അങ്ങനെ ഒരാളായിരുന്നു മധുരവും സൗമ്യവും ദീപ്തവുമായ മുഖമുള്ള സക്കറിയ മാത്യു.ഒരു കാലമുണ്ടായിരുന്നു, ഏതന്വേഷണത്തിനും സക്കറിയ മാത്യു വേണമെന്ന കാലം. സത്യം സത്യമായും ശീഘ്രമായും അവതരിപ്പിക്കാൻ ഒരു ഉദ്യോഗസ്ഥനെ വേണമെങ്കിൽ സക്കറിയ മാത്യു തിരക്കിലാണെങ്കിൽ മാത്രമേ വേറൊരാളെ തിരയേണ്ടി വന്നിരുന്നുള്ളു. 
അന്വേഷണങ്ങൾക്കും കമ്മിഷനുകൾക്കും അദ്ദേഹം വിശ്വാസ്യത പകർന്നു. പ്രളയം പോലെ വരൾച്ച നാടു ചുട്ട ഒരു കൊല്ലം ഓർക്കുക. അന്ന് വരൾച്ച നേരിടാനും കുടിവെള്ളം എത്തിക്കാനുമുള്ള യത്‌നങ്ങൾ ഏകോപിപ്പിച്ചിരുന്നത് സക്കറിയ മാത്യു ആയിരുന്നു.
തോട്ടപ്പള്ളിയിൽ വെള്ളം അടിക്കാൻ ഒരു പമ്പ് കുഴിച്ചിറക്കിയതോർമ്മ വരുന്നു. രസികനായ ഒരു നാട്ടുകാരൻ തികഞ്ഞ സിനിസിസത്തോടെ പറഞ്ഞു, സജ്ജീകരണമെല്ലാം കൊള്ളാം, കുഴലിലൂടെ വെള്ളം വരണമെങ്കിൽ വരുണൻ തന്നെ പ്രത്യക്ഷപ്പെടേണ്ടി വരും. ആ വിവരവുമായി ഞാൻ സക്കറിയ മാത്യുവിനെ വെല്ലുവിളിച്ചു. 
മൂന്നാം ദിവസം തോട്ടപ്പള്ളിയിൽ വെള്ളം ഒഴുകിയെത്തി. പ്രസ്താവനയിറക്കാൻ സക്കറിയ മാത്യുവിനു ദൗർബല്യമില്ലായിരുന്നു. അദ്ദേഹത്തിനും അടി പതറി. ഏതോ ഒരു കേസിലെ അനവധാനതയെച്ചൊല്ലി സക്കറിയ മാത്യു പ്രതിക്കൂട്ടിലായി. മനസ്സിന്റെയും ദേഹത്തിന്റെയും ബലം പോയി അദ്ദേഹം അവശനായി. സത്യദീക്ഷയിൽ പേര്  കേട്ടിരുന്ന ഒരാൾ കൂടി കള്ളനായി. കേസിനൊടുവിൽ എന്തുണ്ടായോ ആവോ. എന്തായാലും, തെളിവും തിരച്ചിലും എവിടം വരെ എത്തിയാലും, അതെടുത്ത് സക്കറിയ മാത്യുവിനെ ഫലപ്രദമായി എറിയാൻ കഴിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. മമ്മിസ് കോളനിയിൽ അദ്ദേഹത്തിന്റെ വീട്ടു പടിക്കപ്പുറം പോകാവുന്ന കല്ലൊന്നും കാണില്ല.
 

Latest News