Sorry, you need to enable JavaScript to visit this website.

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര: മരണസംഖ്യ മുന്നൂറിലേക്ക്; 13 പേര്‍ അറസ്റ്റില്‍

കൊളംബോ- ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലും പരിസപ്രദേശത്തും ചര്‍ച്ചുകളിലും ഹോട്ടലുകളിലുമായി ഉണ്ടായ എട്ടു ബോംബ് സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 290 കടന്നു. അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് ഏറ്റവും പുതിയ കണക്ക്. മരണം സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതിനിടെ കൊളംബോ വിമാനത്താവളത്തിനു സമീപത്തു നിന്ന് പൊട്ടാത്ത ഒരു ബോംബ് കണ്ടെത്തി. ഈ നാടന്‍ പൈപ്പ് ബോംബ് ലങ്കന്‍ വ്യോമ സേന നിര്‍വീര്യമാക്കി. സ്‌ഫോടക വസ്തുക്കള്‍ ഒരു പൈപ്പിനുള്ളില്‍ നിറച്ചുണ്ടാക്കിയ ബോംബായിരുന്നു ഇതെന്ന് അധികൃതര്‍ പറഞ്ഞു. മൂന്ന് ചര്‍ച്ചുകളിലും നാലു ഹോട്ടലുകളിലുമായി കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ വേര്‍തിരിച്ച് ലഭ്യമല്ല. സ്‌ഫോടന പരമ്പരയില്‍ നാല് ഇന്ത്യക്കാരും കൊല്ലപ്പെട്ടു. ആകെ 32 വിദേശികളാണ് കൊല്ലപ്പെട്ടത്. ബ്രീട്ടിഷ്, യുഎസ്, തുര്‍ക്കി, ചൈന, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്, പോര്‍ചുഗല്‍ പൗരന്മാരും ഇതില്‍പ്പെടും.

സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ആരാണെന്ന് ഇപ്പോഴും വ്യക്തമല്ല. ആരും ഉത്തരവാദിത്തം ഏറ്റിട്ടുമില്ല. അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി 13 പേരേയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ആരാണെന്നോ ഏതു സംഘടനയുമായി ബന്ധമുള്ളവരാണെന്നോ സംബന്ധിച്ച ഒരു വിവരവും അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.
 

Latest News