Sorry, you need to enable JavaScript to visit this website.

പലായനത്തിന്റെ പാഠഭേദം

മലയാള നോവൽ സജീവവും ഓജസാർന്നതുമായ രൂപ പരിണതികളിലൂടെയാണ് കടന്നു പോകുന്നത് എന്നതിന് പ്രത്യക്ഷ ഉദാഹരണമാണ് ബിജു അനാമിക എഴുതി കോഴിക്കോട് ലിപി പബ്ലിഷേഴ്‌സ് പ്രസിദ്ധപ്പെടുത്തിയ 'മേയ മാക്‌സി മാ കുൾപ്പ' എന്ന നോവൽ.
ചരിത്രത്തിലും വർത്തമാനകാലത്തും മനുഷ്യർ നേരിടുന്ന ചില അടിസ്ഥാന കാമനകളെയും പ്രതിസന്ധികളെയും പുതുമയാർന്ന രീതിയിൽ സമീപിക്കുന്നതിനും വിലയിരുത്തുന്നതിനുമാണ് എഴുത്തുകാരന്റെ ശ്രമം. 
നോവലിന് ആമുഖമായി ചേർത്ത പഠനത്തിൽ ഡോ. ജിസ ജോസ് അത് കൃത്യമായി അടയാള പ്പെടുത്തുകയും ചെയ്യുന്നു. പലായനത്തിന്റെ പാഠഭേദങ്ങൾ എന്ന പഠനം നോവലിന്റെ ദിശകളെ നിർണയിക്കുകയും സ്വരൂപത്തിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നു. ഏതൊരു ജീവിതവും ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ പ്രവാസവും ഒളിച്ചോട്ടവുമാണ്.
വ്യത്യാസം അതിന്റെ സാന്ദ്രതകളിലും സാധ്യതകളിലും മാത്രമാണ്. 
സന്ന്യാസ ജീവിതം പാതിവഴിയിൽ ഉപേക്ഷിച്ച വൈദിക വിദ്യാർത്ഥിയും ബാല്യകാല സുഹൃത്തുമായിരുന്ന കിരൺ ജോസഫിനെ അന്വേഷിച്ച് പത്രപ്രവർത്തകനായ സുനിൽ സക്കറിയ നടത്തുന്ന യാത്രയും അയാളുടെ കണ്ടെത്തലുകളുമാണ് നോവലിന്റെ ഇതിവൃത്തം.
ലളിതമെന്നു തോന്നാവുന്ന ഈ ഇതിവൃത്തത്തിൽ എഴുത്തുകാരൻ ഉൾപ്പെടുത്തിയിരിക്കുന്ന ചരിത്രവും ദൈവശാസ്ത്രവും ദർശനങ്ങളുമാണ് ഈ രചനയെ വ്യതിരിക്തമായ ഒരു തലത്തിൽ പ്രതിഷ്ഠിക്കുന്നത്.
സുനിൽ കണ്ടെത്തുന്ന പാഠങ്ങൾ, വ്യക്തികൾ, വസ്തുതകൾ എല്ലാം ധൈഷണികനും ജിജ്ഞാസുവുമായിരുന്ന കിരണിന്റെ പലായനത്തിലേക്കും തിരസ്‌കാരത്തിലേക്കുമുള്ള ചൂണ്ടുപലകകളായിത്തീരുകയാണ്. സ്വജീവിതത്തിന്റെ പൊരുൾ തേടുന്നതിനൊപ്പം അപര ജീവിതത്തിന്റെയും പൊരുൾ കണ്ടെത്തുന്നതിനാണ് അയാളുടെ ശ്രമം.
എല്ലാ കാലങ്ങളിലും എല്ലാ ദേശങ്ങളിലും മനീഷികളെ അതൃപ്തരും അന്വേഷകരുമാക്കിയ അപരിഹാര്യവും നീക്കുപോക്കില്ലാത്തതുമായ ദാർശനിക വ്യഥയാണത്.
കിരൺ ഗവേഷണത്തിനു തെരഞ്ഞെടുക്കുന്ന വിഷയം, അയാൾ ചെന്നുപെടുന്ന ബ്ലാക് കമ്യൂൺ, ചരിത്രത്തിൽ കണ്ടെത്തുന്ന പാഠങ്ങൾ തുടങ്ങിയവ എല്ലാം സുനിലിനു നൽകുന്നത്, കിരണിന്റെ തിരോധാനം സംബന്ധിച്ച സുവ്യക്തമായ തെളിവുകളാണ്. സന്ന്യാസത്തിന്റെ ഇരുണ്ടതും തെളിഞ്ഞതുമായ ഗുഹാമുഖങ്ങൾ  അങ്ങനെ വിശേഷിപ്പിക്കാമെങ്കിൽ  നോവലിസ്റ്റ് തുറന്നിടുന്നുണ്ട്. പ്രമേയപരമായ വ്യത്യസ്തതയേക്കാൾ ഉപരി, അത് കൈകാര്യം ചെയ്ത രീതിയാണ് നോവലിനെ വേറിട്ടതാക്കുന്നത്. സ്വത്വാന്വേഷണം കേവലം വ്യക്തിനിഷ്ഠമായ അന്വേഷണമല്ലെന്നും, സ്വയമുള്ള കണ്ടെത്തൽ അപരനെ കണ്ടെത്തുന്നതിന്റെ ആരംഭമെന്നുമാണെന്ന് തത്ത്വജ്ഞാനികൾ നിരീക്ഷിച്ചിട്ടുണ്ട്. 
ഈ നിരീക്ഷണം തന്നെയാണ് ഈ നോവലിന്റെ അന്തർധാര. ഗുപ്തസംഘങ്ങൾ എല്ലാ സംസ്‌കൃതികളിലും എല്ലാ കാലങ്ങളിലും സമൂഹ മനസ്സിനെ മഥിച്ചിട്ടുണ്ട്. പരിവേഷങ്ങൾ ചാർത്തിയുള്ള വിവരണങ്ങൾ, പൊടിപ്പും  തൊങ്ങലും ചേർത്തുള്ള വിവരണങ്ങൾ തുടങ്ങിയവ പലപ്പോഴും അത്തരം നിഗൂഢതകളെ വെളിപ്പെടുത്തുകയല്ല, മറിച്ച് കൂടുതൽ സങ്കീർണവും സമൂഹ മനസ്സിന് പിടികൊടുക്കാനാവാത്തതുമായി മാറ്റുകയാണുണ്ടായത്.  ഗുപ്ത ഭാഷകൾ, രഹസ്യകോഡുകൾ, ഭിന്നാർത്ഥ പദങ്ങൾ തുടങ്ങിയവയും അത്തരം സംഘങ്ങളുമായി ബന്ധപ്പെട്ട് പിറവി കൊണ്ടിട്ടുമുണ്ടാകാം.
ചരിത്രത്തിൽ അവയ്ക്ക് അടിസ്ഥാനമില്ലെങ്കിലും അതിന്റെ സൂചനകൾ നോവലിൽ നാം കണ്ടെത്തുന്നുണ്ട്. ശ്രദ്ധേയമായ മറ്റൊന്ന് ഈ നോവലിന്റെ ക്രാഫ്ടാണ്. ചെറിയ ചെറിയ അധ്യായങ്ങൾ, വ്യത്യസ്ത കഥകളിലേക്കും അവ പ്രധാന ആശയത്തിലേക്കും ഉൾച്ചേർന്നിരിക്കുന്നു. ആ ശൈലി എഴുത്തുകാരന്റെ കൈയിൽ ഭദ്രമെന്നു തന്നെ വിലയിരുത്തണം. നോവലിന്റെ ആശയം ഉൾക്കൊള്ളുന്ന സങ്കീർണത ചിലയിടങ്ങളിൽ രചനയിലും വെളിപ്പെടുന്നുണ്ട് എന്ന് പറയാതെ വയ്യ. അത് പക്ഷേ ഒരു പരിധി വരെ ഒഴിവാക്കാനാവാത്തതുമാണ്.
ഒരു എഴുത്തുകാരന്റെ ആദ്യ രചനയിലുണ്ടായേക്കാവുന്ന ചപലതകൾ കുറഞ്ഞ രീതിയിൽ മാത്രമാണ് ഇവിടെ പ്രത്യക്ഷമെന്നതും മേയ മാക്‌സിമാ കുൾപ്പയെ വ്യതിരിക്തമാക്കുന്നു. ചിരന്തനമായ ആ ഏറ്റുപറച്ചിൽ ഒന്നല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ എല്ലാ ജീവിതങ്ങളുടെയും സമൂഹങ്ങളുടെയും സംസ്‌കാരങ്ങളുടെയും ഭാഗമാണുതാനും.
അതിന്റെ വിവരണ സ്വരൂപം ഒട്ടൊരു സങ്കീർണമാകാതെയും വയ്യ. അതേസമയം ശുദ്ധവും തെളിച്ചമുള്ളതുമായ ഭാഷ കൃതഹസ്തനായ ഒരു എഴുത്തുകാരനെയാണ് നമുക്ക് കാണിച്ചു തരുന്നത് എന്നുകൂടി ചേർക്കട്ടെ.

Latest News