Sorry, you need to enable JavaScript to visit this website.

സന്യാസിനീ നിൻ പുണ്യാശ്രമത്തിൽ...

ബാബ്‌രി മസ്ജിദ് തകർന്ന ഇരുളടഞ്ഞ നാളുകളിൽ മലയാളത്തിലെ തലയെടുപ്പുള്ള മാധ്യമ പ്രവർത്തകൻ കെ.എം റോയ് രാജ്യത്തിന്റെ ഭാവിയെ പരാമർശിച്ച് ഒരു ലേഖനമെഴുതി. മഹത്തായ പൈതൃകമുള്ള ഇന്ത്യയെന്ന വിസ്തൃത രാജ്യം ഈ പ്രതിസന്ധിയും അതിജീവിക്കും. വിശിഷ്ട സാംസ്‌കാരിക പൈതൃകമുള്ള ഇന്ത്യയിലെ മഹാ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾ അസഹിഷ്ണുതയുടെ വക്താക്കളല്ല. വൈവിധ്യത്തിന്റെ മണ്ണിൽ സങ്കുചിതത്വം പ്രചരിപ്പിക്കുന്നവർക്ക് സ്ഥാനമുണ്ടാവില്ല. പിന്നീട് നടന്ന പൊതു തെരഞ്ഞെടുപ്പിൽ റോയിയുടെ വിലയിരുത്തലിനെ ശരി വെക്കുകയും ചെയ്തു. 2014ന് ശേഷമാണ് രാജ്യം വീണ്ടും ഗുരുതരമായ സാഹചര്യത്തെ നേരിടുന്നത്. അഞ്ച് വർഷം മുമ്പ് അധികാരത്തിലേറിയ നരേന്ദ്ര മോഡിയുടെ പാർട്ടിയ്ക്കും മുപ്പത് ശതമാനം വോട്ടർമാരുടെ പിന്തുണയേ ലഭിച്ചിരുന്നുള്ളൂ. രണ്ടാം യു.പി.എ രാജ്യത്തിന് ഭാരമായതിന്റെ ഫലം കൂടിയാണിത്. ചെറിയ കക്ഷികൾ വരെ അഴിമതിയുടെ കാര്യത്തിൽ മത്സരിച്ച് സ്വർണത്തളികയിൽ പ്രധാനമന്ത്രി സ്ഥാനം മോഡിജിയ്ക്ക് സമർപ്പിക്കുകയായിരുന്നു. മുത്തശ്ശി ഇന്ദിരാ ഗാന്ധി കൊല്ലപ്പെടുമ്പോൾ രാഹുലും പ്രിയങ്കയും ചെറിയ കുട്ടികൾ. അത് കഴിഞ്ഞ് ഏഴ് വർഷം കൂടി പിന്നിട്ടപ്പോൾ അച്ഛനും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. 1991 മെയ് മാസത്തിലാണ് ആധുനിക ഇന്ത്യയ്ക്ക് അടിത്തറ പാകിയ രാജീവ് ഗാന്ധി തമിഴ്‌നാട്ടിലെ ശ്രീപെരുമ്പുത്തൂരിൽ വെച്ച് ചാവേർ ആക്രമണത്തിൽ ചിതറിത്തെറിച്ചത്. നെഹ്‌റു കുടുംബത്തിലെ പുതിയ തലമുറ കേരളത്തിലാണിപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തിലും മത്സരിക്കുന്നു. യു.പിയിലെ അമേത്തിയ്ക്ക് പുറമേയാണിത്. ഇന്ത്യയെ വീണ്ടെടുക്കാനുള്ള  തീവ്ര ശ്രമത്തിലാണ് പ്രിയങ്കയും രാഹുലും. ഇതിനിടയ്ക്ക് കൈരളി പീപ്പിളിൽ രാഹുൽ ഗാന്ധിയുടെ അമേത്തി മണ്ഡലത്തിന്റെ അവസ്ഥ വിവരിക്കുന്ന റിപ്പോർട്ട് സംപ്രേഷണം ചെയ്തിരുന്നു. ലേഖകനും ക്യാമറാ മാനും സ്ഥലം സന്ദർശിച്ച് തയാറാക്കിയത്. സൗകര്യങ്ങൾ തീരെ ഇല്ലാത്ത ഒരു കുഗ്രാമം പോലെയുണ്ട്. ജനങ്ങൾ ക്ലേശിച്ച് വഴി നടക്കുന്നു. അത്രയ്ക്ക് ഇടുങ്ങിയതാണ് വഴികൾ. വൈദ്യുതിയും ഗതാഗതവുമെല്ലാം കിട്ടാക്കനിയാണെന്ന് വേണം മനസിലാക്കാൻ. കായംകുളം കൊച്ചുണ്ണി സിനിമയിൽ നിവിൻ പോളി മൂരിവണ്ടിയിൽ കയറി ഡ്രൈവർക്ക് ഡെസ്റ്റിനേഷൻ പറഞ്ഞു കൊടുക്കുന്നത് പോലുള്ള സ്ഥിതി. അപ്പോഴതാ ഏഷ്യാനെറ്റിൽ മറ്റൊരു റിപ്പോർട്ട്. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രമുഖ ദേശീയ സ്ഥാപനങ്ങളുടെ വിഷ്വൽസ് സഹിതം. തരക്കേടില്ലാത്ത റെയിൽവേ സ്റ്റേഷൻ. റോഡുകളും കുഴപ്പമില്ല. കൈരളിക്കാരൻ മുംബൈ നഗരത്തെ കുറിച്ച് റിപ്പോർട്ട് ചെയ്യാൻ ചെന്നിട്ട് അന്ധേരിയിലെ ചേരി പ്രദേശത്ത് മാത്രം ക്യാമറ ഫോക്കസ് ചെയ്തതാവുമോ? ഇതേ പോലെ യു.പിയിലെ വരാണസി, ഗുജറാത്തിലെ വഡോദര മണ്ഡലങ്ങളെ കുറിച്ചും റിപ്പോർട്ടുകൾ വരുമായിരിക്കും. 
*** *** ***
സന്യാസിനീ നിൻ പുണ്യാശ്രമത്തിലൊക്കെ പ്രേംനസീറിന് സിനിമയിൽ പാടി നടക്കാം. ആധുനിക കാലത്തെ സന്യാസിനിമാർ വേറെ ലെവലാണ്. മധ്യപ്രദേശ് തലസ്ഥാനമായ ഭോപാലിലെ ബി.ജെ.പി സ്ഥാനാർഥി പ്രജ്ഞാ സിംഗ് താക്കൂറിനെ തന്നെ നോക്കൂ. 
മൂപ്പത്തി ഒന്ന് ശപിച്ചാൽ പിന്നെ ഏത് ഭീകര വിരുദ്ധ സ്‌ക്വാഡുകാരന്റേയും കാര്യം പോക്കാണ്. 2008 സെപ്റ്റംബറിലെ മുംബൈ ഭീകരാക്രമണത്തിനിടെ ഹേമന്ത് കർക്കറെ കൊല്ലപ്പെടാൻ കാരണം തന്റെ ശാപമാണെന്നും, നിങ്ങളുടെ അവസാനമാണെന്ന് കർക്കറെയോട് പറഞ്ഞ് രണ്ട് മാസം പിന്നിട്ടപ്പോൾ അദ്ദേഹം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടെന്നുമാണ് അവരുടെ അവകാശ വാദം. ഈ മാഡത്തിന്റെ സേവനം ഇന്ത്യ-പാക് അതിർത്തിയിൽ ഉപയോഗപ്പെടുത്തിയാൽ സകല ഫീകരന്മാരും പാന്റിൽ മുള്ളി ഓടും. 
*** *** ***
സുരേഷ് ഗോപി വെറും ബി.ജെ.പിയുടെ എം.പി മാത്രമല്ല. മലയാള സിനിമയിലെ തലയെടുപ്പുള്ള കലാകാരനാണ്. കഴിഞ്ഞ ദിവസം മനോരമ ചാനലിൽ പാടാം നമുക്ക് പാടാം എന്ന റിയാലിറ്റി ഷോ ഉദ്ഘാടനം ചെയ്തത് അദ്ദേഹമാണ്. പി.ജിയ്ക്ക് പഠിക്കുന്ന കാലം മുതൽ താൻ സംഗീതത്തിന്റെ ഗംഗയായ കെ.എസ്. ചിത്രയെ ആരാധിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി. തൃശൂരിൽ മത്സരിക്കുന്ന താരത്തിന്റെ തൊണ്ടയിൽ മുള്ള് കുടുങ്ങിയതിനെ സമൂഹ മാധ്യമങ്ങളിൽ പലരും പരിഹസിക്കുന്നത് കണ്ടു. ഒരു മനുഷ്യൻ വിഷമിക്കുമ്പോൾ ആഹ്ലാദിക്കാനാവുന്നതെങ്ങിനെ? കണ്ണടച്ച് ഇരുട്ടാക്കുന്ന സുരേഷ് ഗോപിയെ പോലെയുള്ളവരെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് എഴുത്തുകാരി ലക്ഷ്മി രാജീവ് ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചു. വിഷു ദിനത്തിൽ കണ്ണ് തുറക്കാതെ പ്രഭാത കർമങ്ങൾ നടത്തിയെന്നും അമ്പലത്തിലെത്തി കണ്ണനെ കണ്ട ശേഷമാണ് കണ്ണ് തുറന്നതെന്നുമുള്ള സുരേഷ് ഗോപിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് ലക്ഷ്മി രംഗത്തെത്തിയത്. കണ്ണ് തുറക്കാതെ 'എല്ലാം ചെയ്ത്' വല്ലയിടത്തും വീണ് തല പൊട്ടിയെങ്കിൽ സർക്കാരിന് അതുമൊരു ബാധ്യത ആകുമായിരുന്നുവെന്നും കണ്ണടച്ച് ഇരുട്ടാക്കുന്ന ഇയാളെ ഒക്കെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നുമാണ് ലക്ഷ്മി രാജീവിന്റെ ആവശ്യം. 
സുരേഷ് ഗോപിയെ പിന്തുണച്ച് രംഗത്തെത്തിയ ബിജു മേനോനെതിരെ സൈബർ ആക്രമണങ്ങളുമുണ്ടായി. അപ്പോഴതാ എന്റെ ഷെയറും പോരട്ടെയെന്നും പറഞ്ഞ് പ്രിയാ വാര്യരുമെത്തി. ലുലു കൺവെൻഷൻ സെന്ററിൽ നടന്ന സുരേഷ് ഗോപിയോടൊപ്പം ഒരു സായാഹ്നം എന്ന പരിപാടിയിൽ പങ്കെടുത്താണ് പ്രിയാ വാര്യർ സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ചത്. സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് തേടിയതിന് പിന്നാലെ നടി പ്രിയാ വാര്യരുടെ ഫേസ്ബുക്ക് പേജിലും രൂക്ഷ വിമർശനമായിരുന്നു. 
*** *** ***
ഒരു നടിയെന്ന നിലയിൽ തന്റെ അവസരങ്ങൾ നിഷേധിച്ചാൽ താൻ സ്വയം അവസരങ്ങൾ സൃഷ്ടിക്കുമെന്ന് വ്യക്തമാക്കി നടി പാർവതി രംഗത്ത്. താര സംഘടനയായ എ.എം.എം.എയെ വിമർശിച്ചതിന്റെ പേരിൽ ഡബ്ല്യു.സി.സിയിലെ അംഗങ്ങൾക്കും പിന്തുണയ്ക്കുന്ന മറ്റുള്ള നടീനടന്മാർക്കും സിനിമ നഷ്ടപ്പെട്ടു എന്ന തുറന്നു പറച്ചിലിന്റെ പിന്നാലെ ആണ് പാർവതി ഇക്കാര്യത്തിൽ തന്റെ നിലപാട് പരസ്യമായി വ്യക്തമാക്കിയത്. 
മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത പ്രത്യേക അഭിമുഖത്തിലാണ് താരം നിലപാട് വെളിപ്പെടുത്തിയത്. അവസരങ്ങൾ നഷ്ടപ്പെടുത്താൻ നടന്ന സംഘടിത ശ്രമങ്ങളുടെ തകർച്ച കാണേണ്ടി വരുമെന്ന് നടി തുറന്നടിച്ചു. കൂടാതെ അഭിനയത്തിനൊപ്പം തന്നെ സിനിമാ സംവിധാന, നിർമാണ രംഗങ്ങളിലും ചുവടുറപ്പിക്കാനുള്ള നീക്കത്തിലാണ് താനെന്നും പാർവതി വ്യക്തമാക്കി. പാർവതി നായികയാകുന്ന ഉയരെ 26ന് തിയേറ്ററുകളിലെത്താനൊരുങ്ങുകയാണ്. ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ കഥയാണ് ഉയരെ പറയുന്നത്. ചിത്രത്തെക്കുറിച്ച് സംസാരിക്കവെയാണ് പാർവതി തന്റെ നിലപാട് വ്യക്തമാക്കിയത്. ഡബ്ല്യു.സി.സിയെ പിന്തുണച്ചതിന്റെ പേരിൽ അതിൽ അംഗങ്ങളല്ലാത്ത സ്ത്രീകൾക്കും പുരുഷന്മാർക്കും വരെ സിനിമ നഷ്ടപ്പെട്ടുവെന്നും സംഘടിതമായും സ്വാധീനം ചെലുത്തിയുമാണ് അത്തരം ശ്രമങ്ങൾ നടന്നതെന്നും നടി ചൂണ്ടിക്കാട്ടി. എന്നാൽ അതിന്റെ എല്ലാം തകർച്ച വരും വർഷങ്ങളിൽ കാണേണ്ടി വരുമെന്നും പാർവതി പറഞ്ഞു.
*** *** ***
ഉത്തര അയർലൻഡിൽ കലാപത്തിനിടെ അജ്ഞാതന്റെ വെടിയേറ്റ് മാധ്യമ പ്രവർത്തക മരിച്ചു. 29 കാരിയായ ലൈറ മക്കി ആണ് വെടിയേറ്റ് മരിച്ചത്.
വ്യാഴാഴ്ച രാത്രി ലണ്ടൻ ഡെറിയിലെ ക്രെഗ്ഗാൻ മേഖലയിൽ വെച്ച് മുഖം മറച്ചെത്തിയ ആക്രമി ലൈറക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ക്രെഗ്ഗാൻ പോലീസ് വ്യക്തമാക്കി. കൊല്ലപ്പെടുന്നതിന് മുമ്പ് വാഹനങ്ങൾ അക്രമികൾ കത്തിക്കുന്നതിന്റെയും പോലീസ് വാഹനങ്ങൾക്ക് നേരെ പെട്രോൾ ബോംബ് എറിയുന്നതിന്റെയും ദൃശ്യം ലൈറ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. 2016 ലെ ഫോബ്‌സ് മാഗസിന്റെ ലോകത്തെ മികച്ച മുപ്പത് മാധ്യമ പ്രവർത്തകരുടെ പട്ടികയിൽ ലൈറ ഇടം നേടിയിരുന്നു.
*** *** ***
പത്തനംതിട്ടയിലേത് പോലുള്ള തർജമക്കാരെ വെച്ച് മലയാളി സമൂഹത്തെ അപമാനിക്കാതിരിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രദ്ധിച്ചാൽ കൊള്ളാം. രാജ്യസഭാ ഉപാധ്യക്ഷനും ദീർഘകാലം പാർലമെന്റ് അംഗവുമായിരുന്ന ജനനായകനാണ് ട്രാൻസ്‌ലേറ്റ് ചെയ്ത് കുളമാക്കിയത്. ചൗക്കിദാറിന് വിശക്കുമ്പോൾ അംബാനിയാണ് ചോറ് കൊടുക്കുക, നമ്മൾ സി.പി.എമ്മിനെയും ബി.ജെ.പിയേയും എതിർക്കുമെന്നെല്ലാം തമാശ പറയുന്നുണ്ട്. അതിനിടയ്ക്കാണ് കോൺഗ്രസിന്റെ ജയ്ഹിന്ദ് ചാനൽ സിനിമയിലെ തമാശ രംഗങ്ങളുൾപ്പെടുത്തി കോമഡി ബ്ലാസ്റ്റ് എന്ന പരിപാടി ആരംഭിക്കുന്നത്. എന്തിനിങ്ങനെ കഷ്ടപ്പെടുന്നു? കുര്യൻ സാറിന്റെ പ്രകടനം ഇടക്കിടെ സംപ്രേഷണം ചെയ്താൽ പോരേ? അതിനിടയ്ക്ക് തിളങ്ങിയത് ജ്യോതി വിജയകുമാറും റാഷിദ് ഗസ്സാലിയും ഷാഫിയുമൊക്കെയാണ്. ജ്യോതിയുടെ തർജമയിലെ വാക്കുകൾ മലയാളത്തിൽ കൃത്യമായ അർഥമുള്ളതാണോ എന്ന് ഗവേഷിക്കേണ്ടതില്ല. ഗസ്സാലിയ്ക്ക് മത പ്രഭാഷണത്തിന്റെ സ്വാധീനമുണ്ടോയെന്നും ചികയേണ്ട നേരമല്ല. വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി.ജയരാജന് ജീവകാരുണ്യ പുരസ്‌കാരവും കേരളം സന്ദർശിക്കാനെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് തേങ്ങാക്കുലയും നൽകിയതുമൊക്കെ കണ്ടില്ലെന്ന് നടിക്കുന്നതെങ്ങനെ?   
 

Latest News