Sorry, you need to enable JavaScript to visit this website.

വരവർണങ്ങളിൽ ഹൃഷികേശ്

നിറങ്ങളുടെ കൊളാഷിനിടെ പരീക്ഷണങ്ങളുടെ ചായം ചാലിച്ച് ക്ലിഷ്ടത ചമയ്ക്കുന്ന അത്യാധുനിക കലാകാരന്മാർക്കിടയിൽ ഇതാ ഒരു കൗമാരക്കാരന്റെ വേറിട്ട വരക്കൂട്ട്. പറയാനുള്ളത് നേരെ ചൊവ്വെ പറയുന്നുണ്ടെങ്കിലും കലയുടെ ഒരു മാന്ത്രികസിദ്ധി തന്റെ പാലറ്റിൽ നിന്ന് പുറത്തെടുത്താണ്, ഹൃഷികേശ് എന്ന ഈ പത്താം ക്ലാസുകാരൻ ചിത്രരചനയുടെ സവിശേഷ ലോകത്തേക്ക് പാദമൂന്നിയിട്ടുള്ളത്. ജന്മസിദ്ധമായി ലഭിച്ചൊരു കല- അതിൽപരം പരിശീലനമോ രക്ഷിതാക്കളുടെ നിർബന്ധമോ, സങ്കേതങ്ങളുടെ നിബന്ധനകളോ ഒന്നുമില്ലാതെ, തികച്ചും നിർമമതയോടെ, നിസ്സംഗതയോടെ ഹൃഷികേശ് വരയ്ക്കുന്നു.

സ്വയം മനസ്സിൽ ഉരുത്തിരിയുന്ന ഭാവനകളെയാണ് ഈ കൊച്ചു കലാകാരൻ ആവിഷ്‌കരിക്കുന്നത്. അതു കൊണ്ട് തന്നെ ശീർഷകങ്ങളിലൊന്നും വാശിയില്ല. തന്റെ മനസ്സിൽ ഉരുത്തിരിയുന്ന ആശയങ്ങളുടെ സ്വതന്ത്രമായ വർണപ്പൊലിമയാർന്ന പരാവർത്തനം. അത് കണ്ടറിഞ്ഞ് സൗദി കലാകാരന്മാരുടെ മൂന്ന് പ്രസിദ്ധ എക്‌സിബിഷനുകളിലേക്ക് ഹൃഷികേശിന് ക്ഷണം ലഭിക്കുകയും ചിത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള അപൂർവാവസരം ലഭിക്കുകുയും ചെയ്തു. സൗദിയിലെ അറിയപ്പെടുന്ന ചിത്രകാരന്മാരും ചിത്രകാരികളും പങ്കെടുത്ത ദമാമിലേയും അൽകോബാറിലേയും എക്‌സിബിഷനുകളിൽ ഹൃഷികേശിന്റെ ടൈറ്റിലുകൾ ഏറെ ശ്രദ്ധ പിടിച്ചെടുത്തു. ഇതൊ രുപക്ഷേ ഒരു ഇന്ത്യൻ വിദ്യാർഥിയെ സംബന്ധിച്ച് അസുലഭമായി ലഭിച്ച ആദരവും അംഗീകാരവുമായിരിക്കണം. നൂറുകണക്കിനാളുകൾ പ്രദർശനങ്ങളിൽ ദിവസേന പങ്കെടുത്തു. സൗദി ആർട്ടിസ്റ്റുകളുടെ കൂട്ടായ്മയാണ് ചിത്രപ്രദർശനത്തിന് ഗ്യാലറിയൊരുക്കിയത്. 


ദമാം ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിലാണ് ഹൃഷികേശ് (15) പഠിക്കുന്നത്. ആറാം വയസ്സ് മുതലേ വരയിൽ കമ്പമുള്ള ഹൃഷികേശ് പെയിന്റിംഗ് ആരംഭിച്ചത് ഏതാണ്ട് ഒരു വർഷം മുമ്പ് മാത്രമാണ്. അമൂർത്തമായ ചിത്രങ്ങളിലൂടെ തന്റെ കൗമാര കുതൂഹലങ്ങൾക്ക് ദൃശ്യാനുഭവം പകരുന്ന ഹൃഷികേശ്, കൊളാഷ് സങ്കേതത്തോട് പ്രിയം കാണിക്കുന്നുണ്ട്. പിതാവ് പാലക്കാട് പട്ടാമ്പി സ്വദേശി ബിജോയ് ദേവദാസും മാതാവ് രഹാനയും പറയുന്നത്, മകന്റെ ചിത്രരചനയിൽ പൂർണമായും സ്വാതന്ത്ര്യത്തോടെ വരയ്ക്കാ നും പ്രദർശിപ്പിക്കാനുമുള്ള അവസരം അവന് വിട്ടുകൊടുത്തിരിക്കുകയാണെന്നാണ്. അതുകൊണ്ട് തന്നെ അക്കാദമിക തലത്തിലുള്ള പരിശീലനം ഇത് വരെ ഹൃഷികേശിന് ലഭിച്ചിട്ടില്ല. 


മറ്റുള്ളവരുടെ ചിത്രങ്ങൾ പകർത്തുകയോ അനുകരിക്കുകയോ ചെയ്യുന്നതിനു പകരം സ്വന്തം ആശയത്തിനനുസരിച്ച് ബ്രഷ് കൊണ്ട് കവിത രചിക്കുകയാണ് ഈ കൊച്ചു മിടുക്കൻ. യു-ട്യൂബിൽ നിന്ന് ബോബ്രോസിന്റെ ട്യൂട്ടോറിയൽ വീഡിയോ മാതൃകയാക്കി നിറങ്ങളുടെ സംഗീതം രചിക്കുന്ന ഹൃഷികേശിന് വായനയിലും മോഡലിംഗിലും ശിൽപ നിർമാണത്തിലും അതീവ താൽപര്യമുണ്ട്. ഹൃഷികേശിന്റെ അനിയൻ ഹിരണും അനിയത്തി ഹീരയും ദമാമിലുണ്ട്.                                                   -എം

Latest News