Sorry, you need to enable JavaScript to visit this website.

ഫോണുകള്‍ കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കാറുണ്ടോ? ഇതൊന്ന് വായിക്കണം


എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് അഞ്ചു വയസ്സുകാര്‍ ചോദിച്ചത് മക്‌ഡൊണാള്‍ഡ്


മിഷിഗണ്‍- എമര്‍ജന്‍സി നമ്പറായ 911 ല്‍ വിളിച്ച അഞ്ചു വയസ്സുകാരന്‍ ആവശ്യപ്പെട്ടത് മക്‌ഡൊണാള്‍ഡ്. അമേരിക്കയിലെ മിഷിഗണില്‍ വ്യോമിങ് എമര്‍ജന്‍സി കേന്ദ്രത്തിലേക്ക് വിളിച്ചാണ് കുട്ടി ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്.
ഡിആക്ടിവേറ്റ് ചെയ്ത ഫോണിലാണ് ഇസിയാ ഹാള്‍ എന്ന കുട്ടി 911 നമ്പര്‍ അമര്‍ത്തിയത്. ഡിആക്ടിവേറ്റ് ചെയ്താല്‍ ഫോണില്‍നിന്ന് എമര്‍ജന്‍സി നമ്പറിലേക്ക് മാത്രമേ ഡയല്‍ ചെയ്യാന്‍ സാധിക്കൂ.
എമര്‍ജന്‍സി നമ്പറില്‍ സാറ കുബേര്‍സ്‌കി ഫോണ്‍ എടുത്തപ്പോള്‍ കുട്ടി പറഞ്ഞത് ഇത്രമാത്രം. എനിക്ക് മക്‌ഡൊണാള്‍ഡ് കൊണ്ടുവരാമോ?
തനിക്ക് കഴിയില്ലെന്ന് കുട്ടിയെ അറിയിച്ച സാറ കുബേര്‍സ്‌കി വിവരം വ്യോമിങ് പോലീസ് ഓഫീസര്‍ ഡാന്‍ പാറ്റേഴ്‌സന് കൈമാറുകയായിരുന്നു. എമര്‍ജന്‍സിയില്‍ വിളിച്ച് അഞ്ച് വയസ്സുകാരന്‍ മക്‌ഡൊണാള്‍ഡ് ഓര്‍ഡര്‍ ചെയ്തുവെന്ന് കേട്ടപ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ലെന്ന് ഡാന്‍ പാറ്റേഴ്‌സണ്‍ ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു.
ഭക്ഷണം വാങ്ങി ഇസിയാ ഹാളിന്റെ വീട്ടിലെത്തിയ പാറ്റേഴ്‌സണ്‍ വാതിലില്‍ മുട്ടിയെങ്കിലും ആരും തുറന്നില്ല. സമീപത്തെ ജനാലയിലെത്തിയപ്പോള്‍ മുത്തശ്ശിക്ക് ദേഷ്യം പിടിച്ചിരിക്കയാണെന്നും ഉടന്‍ പോകണമെന്നുമാണ് കുട്ടി ആദ്യം തന്നോടു പറഞ്ഞതെന്ന് പാറ്റേഴ്‌സണ്‍ പറഞ്ഞു.
ഹാളിന്റെ മുത്തശ്ശി വന്ന് തുറക്കുന്നതുവരെ പാറ്റേഴ്ണ്‍ പ്രധാന വാതില്‍ക്കല്‍ കാത്തുനിന്നു. മുത്തശ്ശി വാതില്‍ തുറന്നപ്പോള്‍ ഭക്ഷണം നല്‍കിയശേഷം എപ്പോഴാണ്, ഏത് ആവശ്യങ്ങള്‍ക്കാണ് 911 ല്‍ വിളിക്കേണ്ടതെന്ന് അവരെ ബോധ്യപ്പെടുത്തിയെന്ന് പാറ്റേഴ്‌സണ്‍ പറഞ്ഞു.
ഡിആക്ടിവേറ്റ് ചെയ്ത ഫോണില്‍നിന്ന് ഹാള്‍ എങ്ങനെ വിളിച്ചുവെന്ന കാര്യമാണ് മുത്തശ്ശിയെ അത്ഭുതപ്പെടുത്തിയത്.
കുട്ടികള്‍ക്ക് ഫോണുകള്‍ കളിക്കാന്‍ കൊടുക്കുന്ന ധാരാളം രക്ഷിതാക്കളുണ്ടെന്നും സിം ഡിആക്ടിവേറ്റ് ചെയ്ത ഫോണുകളില്‍നിന്നും 911 ല്‍ വിളിക്കാന്‍ സാധിക്കുമെന്ന കാര്യം പലര്‍ക്കും അറിയില്ലെന്നും എമര്‍ജന്‍സി കേന്ദ്രത്തിലെ  സാറ കുബേര്‍സ്‌കി പറഞ്ഞു.
പഴയ ഫോണുകളാണെങ്കിലും ഫോണ്‍ സെറ്റിങ്‌സ് പരിശോധിച്ച് 911 ഫീച്ചര്‍ ഓഫ് ചെയ്തതായി ഉറപ്പുവരുത്തണമെന്ന് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ ഉപദേശിക്കുന്നു.
താന്‍ ഓര്‍ഡര്‍ ചെയ്തതു പ്രകാരം ഫുഡ് വീട്ടില്‍ കിട്ടിയ സന്തോഷത്തില്‍ തുള്ളിച്ചാടുകയായിരുന്നു അഞ്ചുവയസ്സുകാരന്‍ ഹാള്‍. എമര്‍ജന്‍സി കാളുകള്‍ എന്താണെന്നും മക്‌ഡൊണാള്‍ഡിനുവേണ്ടി വിളിക്കാന്‍ പാടില്ലെന്നും അവന്‍ പഠിച്ചതായി മുത്തശ്ശി പറഞ്ഞു.

 

Latest News