Sorry, you need to enable JavaScript to visit this website.

ഹിമസാന്ദ്രം, സൂഫി സംഗീതം

ജന്മപരമ്പരയുടെ ജനിതകങ്ങൾ മുറിച്ചു നീന്തുന്ന ജനസാഗരത്തിന്റെ പ്രജ്ഞയ്ക്ക് മേൽ ശൈത്യത്തിന്റെ ചിറക് കുടയുന്ന രാഗപരാഗം. തുഷാരകണം പോലെ സൂഫി സംഗീതം. ദുഷ്‌കരമായ ജീവിത സമസ്യയ്ക്ക് മേൽ പൂരണമന്ത്രവുമായി അലയുന്ന അവധൂതരിൽ അവാച്യമായി പെയ്ത് നനയുന്ന ആനന്ദലഹരി. ഉദാത്തമായ മനുഷ്യസ്‌നേഹത്തിന്റെ 'മിസ്റ്റിക് പ്രഭ' ചൊരിയാൻ പിറവി കൊണ്ടവരാണ് ലോകമെങ്ങുമുള്ള സൂഫികൾ. ആത്മദർശനത്തിന് സംഗീതം എവ്വിധം ചേരുവയാക്കാമെന്ന് സൂഫി കവികൾ തെളിയിച്ചു. നൂറ്റാണ്ടുകൾക്ക് മുമ്പ് ഭാരതത്തിലെത്തിയ സൂഫി വര്യൻ ഹസ്രത്ത് അമീർ ഖുസ്രോ സൂഫി ദർശനങ്ങളെ ഇന്ത്യൻ സംഗീതത്തിലേക്ക് സന്നിവേശിപ്പിച്ചു. ജലാലുദ്ദീൻ റൂമി, ഹാഫിസ്, ബുലെ ഷാ, ഖ്വാജാ ഗുലാം ഫരീദ് തുടങ്ങിയവരൊക്കെ സൂഫി സംഗീതത്തിന് അമൂല്യസംഭാവനകൾ നൽകി. സൂഫി സംഗീതത്തിന്റെ രൂപഭേദങ്ങളായി ഖവാലിയും ഗസലും രാജസദസ്സുകളിലെ അനിവാര്യതയായി മാറി. 
അഫ്ഗാനിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നും മൊറോക്കോയിൽ നിന്നും സൂഫി സംഗീതത്തിന്റെ കൈവഴികൾ ഇന്ത്യയിലേക്കൊഴുകി. അത് ആഗോള സംസ്‌കൃതിയുടെ ഒരു രാഗവിനിമയം കൂടിയായിരുന്നു. നമ്മുടെ അയൽദേശമായ പാക്കിസ്ഥാനിൽ നിന്നുള്ള ആബിദാ പർവീണും സനം മർവിയും നുസ്രത്ത് ഫത്തേഹ് അലിഖാനുമൊക്കെ സൂഫി-ഗസൽ-ഖവാലി പൈതൃകങ്ങളെ ഉൺമയോടെ ഇന്ത്യൻ മണ്ണിലേക്കും പറിച്ചു നട്ടു. എ. ആർ. റഹ്മാൻ ചിട്ടപ്പെടുത്തിയ ഖ്വാജാ മേരെ ഖ്വാജാ.. അതിർത്തികളേയും കടന്ന് ആലാപനമധുരം ചൊരിഞ്ഞു. സൂഫി സംഗീതത്തിൽ ഇതാ പുതിയൊരു മലയാളി താരം- അനിതാഷെയ്ഖ്. ഹിന്ദുസ്ഥാനി, ഗസൽ, ഫോക്, പോപ് സംഗീതപദ്ധതികളിലൊക്കെ വൈഭവം തെളിയിച്ച തിരുവനന്തപുരത്തുകാരി. മലയാളം, കന്നഡ, തെലുങ്ക്, ഒറിയ, പഞ്ചാബി, തമിഴ് ഭാഷകളിലൊക്കെ അനിത, ചലച്ചിത്രഗാനങ്ങളും ഒപ്പം നിരവധി വേദികളിൽ സൂഫി സംഗീതവും ആലപിക്കുന്നു. നൂറിലധികം സിനിമാഗാനങ്ങളും അനിതയുടെ ക്രെഡിറ്റിലുണ്ട്.
ജിദ്ദയിലെ ഒരു കൂട്ടം സംഘാടകർ - യൂസുഫ് കോട്ട, നജീബ് കോതമംഗലം, ഹസൻ യമാഹ, ധന്യാ പ്രശാന്ത്- ടോപ് ഇവന്റ്‌സ് ബാനറിലാണ് സൂഫി-ഖവാലി സംഗീതരാത്രിയ്ക്ക് അരങ്ങൊരുക്കിയത്. കലാഭവൻ മണിയുടെ ഓർമയുണർത്തുന്നതായിരുന്നു രെഞ്ജു ചാലക്കുടിയുടെ നാടൻ പാട്ടുകളുടെ ആലാപനവും രംഗാവിഷ്‌കാരവും. സാവരിഗയുടെ നൃത്തം ടോപ് ഇവന്റ്‌സ് ചടങ്ങിന്റെ മാറ്റ് കൂട്ടി. 


അനിതാ ഷെയ്ഖിന്റെ പിതാവ് ഇബ്രാഹിം ഷെയ്ഖ് അറിയപ്പെടുന്ന ഉർദു പണ്ഡിതനും സംഗീതാസ്വാദകനുമാണ്. ഉമ്മ സിരാജുന്നിസാബീഗം സംഗീതാധ്യാപിക. സ്‌കൂൾ-കോളേജ് തലങ്ങളിലൊക്കെ നിരവധി സമ്മാനങ്ങൾ അനിത കരസ്ഥമാക്കി.  തിരുവനന്തപുരം വിമൻസ് കോളേജിൽ നിന്ന് സംഗീതത്തിൽ ബിരുദം നേടിയ അനിതയിൽ, കുട്ടിക്കാലം തൊട്ടേ സൂഫി-ഗസൽ സംഗീതത്തോടുള്ള അഭിനിവേശം തളിരിട്ടത് സ്വാഭാവികം. ഹൈദരബാദിൽ ചെലവിട്ട ബാല്യം, ഉർദു മാതൃഭാഷയായത് എന്നിവ ഹിന്ദുസ്ഥാനി സംഗീത്തോടുള്ള പ്രതിപത്തിക്ക് പ്രചോദനം പകർന്നു. പ്രസിദ്ധ ചലച്ചിത്രകാരൻ ലെനിൻ രാജേന്ദ്രനുമായുള്ള സൗഹൃദം അനിതയെ സിനിമാ പിന്നണിഗാനരംഗത്തേക്ക് വഴി തുറക്കാൻ ഹേതുവായി. ക്രോസ് റോഡ് എന്ന സിനിമയിലെ മേലാകെ പൊന്നാൾ എന്ന ഗാനത്തോടെ അരങ്ങേറ്റം കുറിച്ച അനിത തുടർന്ന് വിദ്യാസാഗറിന്റെ സംവിധാനത്തിലുള്ള ചിത്രങ്ങളിലും പാടി. 
റഫീഖ് അഹമ്മദിന്റെ വരികളായിരുന്നു അനിതയുടെ ആലാപനത്തിന്റെ റെയ്ഞ്ച് വർധിപ്പിച്ചത്. അനിതയുടെ  ഓ മാമ മാമ ചന്ദമാമ, ചന്ദമാമാ..( റോക് ആന്റ് റോൾ) ഏറെ ശ്രദ്ധേയമായ ഗാനമായി. ട്വന്റി ട്വന്റി, സരിഗമപ, മിന്നാമിന്നിക്കൂട്ടം, മാച്ച്‌ബോക്‌സ് എന്നീ സിനിമകളിലെ പാട്ടുകളും ശ്രുതിസുഭഗമായി. മാച്ച്‌ബോക്‌സിലെ കേട്ടുമറന്നൊരു.. എന്ന ഗാനം ഏറെ പ്രസിദ്ധമായി. 
പ്രസിദ്ധ ഇന്ത്യൻ സംഗീതജ്ഞൻ കൈലാസ് ഖേർ, ഇന്ത്യൻ ഫോക്, സൂഫി സംഗീതപദ്ധതികളുടെ സ്വാധീനം ആഴത്തിൽ വേരോടിയ പ്രതിഭാശാലിയാണെന്നും അദ്ദേഹം ചിട്ടപ്പെടുത്തിയ ചില ഈണങ്ങൾ മീട്ടാനും സാധിച്ചത് തന്റെ സംഗീതജീവിതത്തിലെ വിസ്മയഭരിതമായ അനുഭവമാണെന്ന് അനിതാ ഷെയ്ഖ് പറയുന്നു. പ്രസിദ്ധ കവിയും സംഗീതജ്ഞനുമായിരുന്ന മിർസാ ഗാലിബിന്റെ പരമ്പരാഗതവും പ്രാചീനവുമായ സംഗീത പൈതൃകത്തിൽ നിന്ന് ആവേശമുൾക്കൊണ്ട്, ഗാലിബിന്റെ വരികൾക്ക് സ്വരം നൽകി ഉത്തരേന്ത്യ മുഴുവൻ സഞ്ചരിക്കുകയുണ്ടായി, അനിത. മിർസാ ഗാലിബിന്റെ സത്‌രംഗി എന്ന ആൽബത്തിലെ വരികൾ അനിത വീണ്ടും പാടി. ചോദ് കി ഛാന്ദ്.. അഥവാ ചന്ദ്രമുഖമുള്ള പ്രണയിനിയെ പ്രശംസിച്ചുള്ള ഗാലിബിന്റെ ചിരസ്ഥായിയായ ഈരടികൾ അനിതയുടെ ആലാപനത്തിലൂടെ നിരവധി സദസ്സുകളിൽ പുനരാവിഷ്‌കരിക്കപ്പെട്ടു. മീരാഭജനുകളും അനിതയെ ഏറെ ആകർഷിച്ചു.  
അജ്മീറിലെ ഖ്വാജാ മുഈനുദ്ദീൻ ചിഷ്ത്തിയുടെ ദർഗയിലിരുന്ന് അനിത പാടി. അവിടെ വെച്ച് പരിചയപ്പെട്ട അവധൂതപ്രായനായ ഉത്തരേന്ത്യക്കാരനുമായി പരിചയത്തിലായി. അദ്ദേഹത്തിൽ നിന്ന് സൂഫിസംഗീതത്തിന്റെ ക്ലിഷ്ടമായ സങ്കേതങ്ങളെക്കുറിച്ച്, കർശനമായ നിരീക്ഷണപാടവത്തോടെ നിരവധി നാളുകൾ ചെലവിട്ട് സംഗീതം പഠിച്ചു. അത് വല്ലാത്ത ഒരനുഭവമായിരുന്നുവെന്ന് അനിത പറയുന്നു. അല്ലാഹു എന്റെ മുമ്പിൽ കൊണ്ടു വന്ന് തന്നതായിരുന്നു തികച്ചും അജ്ഞാതനായ ആ മഹാഗായകനെ. 
മുശായിറകളും മെഹ്ഫിലുകളും അനിതാഷെയ്ഖിന്റെ പാട്ടുവഴിയിലെ നിലാവെട്ടമായി ഉദിച്ചു. എല്ലാ അർഥത്തിലും സംഗീതത്തിനു വേണ്ടി സ്വയം സമർപ്പിക്കപ്പെട്ട സർഗജീവിതമാണ് അനിതാ ഷെയ്ഖിന്റേതെന്ന് നിസ്സംശയം പറയാം. കേരള സർവകലാശാലയിൽ സൂഫി സംഗീതത്തിൽ ഗവേഷണപഠനം നടത്തുന്ന അനിതാഷെയ്ഖ്, അജ്മീറിലെ അജ്ഞാതനായ ഗുരു ഹൃദയതന്ത്രികളിലേക്ക് പകർന്ന രാഗവിപഞ്ചികയുമായി സദസ്സുകളിൽ നിന്ന് സദസ്സുകളിലേക്ക് സംഗീതയാനം തുടർന്നു കൊണ്ടേയിരിക്കുന്നു. ദൂരദർശനിൽ പ്രോഗ്രാമുകൾ അവതരിപ്പിക്കുന്ന കലാകാരൻ ആലപ്പുഴ സ്വദേശി ആശിഷാണ്, അനിതാ ഷെയ്ഖിന്റെ ജീവിതപങ്കാളി.

Latest News