Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട് രാഘവനൊപ്പം, പ്രദീപ് കുമാറിന് വേണ്ടി പ്രാർത്ഥിക്കും

കോഴിക്കോട്- തീപാറുന്ന മത്സരം നടക്കുന്ന കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി എം.കെ രാഘവനെ പിന്തുണച്ചും എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രദീപ് കുമാറിനെ പുകഴത്തിയും സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായ്്.   രാഘവനും പ്രദീപ് കുമാറും തുടരണം എന്ന് ചൂണ്ടിക്കാട്ടി ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിലാണ് നാസർ ഫൈസി കാഴ്ച്ചപ്പാട് വ്യക്തമാക്കിയത്. എം.കെ രാഘവനെതിരായ പുതിയ വിവാദം ആസൂത്രിതമാണെന്നും ഫൈസി പറയുന്നു
ഫൈസിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

കഴിഞ്ഞ 10 വർഷമായി കോഴിക്കോട് സിറ്റിംഗ് എം.പി.യായ എം.കെ.രാഘവേട്ടനെ നാട്ടുകാർക്കറിയാം. നേരിട്ട് നിരവധി കാര്യങ്ങൾക്ക് ബന്ധപ്പെട്ടിട്ടുണ്ട്. ഏത് സമയത്തും ഫോൺ എടുക്കുകയും അല്ലെങ്കിൽ മിസ്സ്ഡ് കോൾ കണ്ട് തിരിച്ചുവിളിക്കുകയും ചെയ്യും. കോഴിക്കോട്ടും ഡൽഹിയിലും സാധ്യമാകുന്ന ഏത് കാര്യവും കൃത്യമായ് നിറവേറ്റുന്നു. നാളിതുവരേ പൊതുജീവിതത്തിൽ ഒരു കറയും കലരാത്ത ജനപ്രതിനിധി. സാമ്പത്തികമായ് പലതും വഴിവിട്ട് നേടാനുള്ള സാഹചര്യമുണ്ടായിട്ടും അങ്ങിനെയൊരു തെറ്റിദ്ധാരണ ഞങ്ങൾക്കാർക്കും ഉണ്ടായിട്ടില്ല.പുതിയ വിവാദം നിർമ്മിച്ചുണ്ടാക്കിയതാണെന്ന് വ്യക്തമാണ്.വീഡിയോയിലെ ദൃശ്യങ്ങൾ വ്യാജമാണെന്ന് എം.പി എവിടെയും പറഞ്ഞിട്ടില്ല.പണം ആവശ്യപ്പെട്ടതായ വോയ്‌സ് കൃത്രിമമാണെന്നാണ് പറഞ്ഞത്.പുതിയ റിപ്പോർട്ടിന്റെ പേരിൽ കേസെടുക്കാനുള്ള ഇടത് സർക്കാറിന്റെ നീക്കം രാഷ്ട്രീയമാണെന്ന് ആർക്കും മനസ്സിലാവും. കോഴിക്കോട് പാർലമെന്റ് സി.പി.എമ്മിന്റെ സീറ്റാണെന്ന വാദത്തിൽ അത് തിരിച്ചുപിടിക്കാനാണ് അവർ എത് മാർഗ്ഗവും സ്വീകരിക്കുന്നത് .രാഘവന്റെ ജനസ്വാധീനമാണ് അതിന് തടസ്സമെന്ന തിരിച്ചറിവാണ് അതിന് പ്രേരകം.


രാഷ്ട്രീയ പകപോക്കലിൽ കോഴിക്കോടിന്റെ ഒരു വികസന നായകനെ നമുക്ക് നഷ്ടപ്പെട്ട് കൂടാ. കേന്ദ്ര ഭരണം അനുകൂലമായപ്പോഴും പ്രതികൂലമായപ്പോഴും കോഴിക്കോടിന്റെ എം.പി.അത്ഭുതപരമായ വികസനമാണ് കോഴിക്കോട് നടത്തിയത്.
എന്നാൽ ഇടത് സ്ഥാനാർത്ഥി പ്രദീപ് കുമാർ തന്റെ അസംബ്ലി നിയോജക മണ്ഡലത്തിൽ വൻ വികസനം നടത്തിയിട്ടുണ്ട്. കേരള മന്ത്രിസഭയുടെ ഒരു പുനഃസംഘടന വന്നാൽ കോഴിക്കോടിന് ഒരു മന്ത്രി പ്രദീപ് കുമാറിൽ പ്രതീക്ഷയുമുണ്ട് .സംസ്ഥാനം ഭരിക്കുന്ന സർക്കാറിന്റെ പാർട്ടിയിലെ പ്രദീപ് കുമാർ എന്ന ങഘഅ യും കോഴിക്കോട് അസംബ്ലിക്ക് നഷ്ടപ്പെടരുത്. ഈ സാമ്പത്തിക പ്രതിസന്ധിയിൽ ഇനിയും കോടികൾ ചെലവഴിച്ച് കോഴിക്കോട് അസംബ്ലിയിൽ ഒരു തെരഞ്ഞെടുപ്പ് ഇടക്കാലത്ത് വേണ്ടാ.പ്രദീപ് കുമാറിന് പകരം അദ്ദേഹത്തെ പോലെ ഒരാൾ ലഭ്യമാകണമെന്നുമില്ല.അതിനാൽ ഇരുവരും അതേ സ്ഥാനത്ത് തുടരുകയാണ് കോഴിക്കോടിന് വേണ്ടത്. രാഘവൻ പാർലിമെന്റിലേക്ക് തെരഞ്ഞെടുക്കപ്പടട്ടെ,പ്രദീപ് കുമാർ നിയമസഭയിലും തുടരട്ടെ.
നരേന്ദ്ര മോഡിയെ താഴെ ഇറക്കാൻ പ്രദീപ് കുമാറിനല്ല, രാഘവനാണ് കൂടുതൽ സാധിക്കുക എന്നതും ഞാനടക്കമുള്ള കോഴിക്കോട് വോട്ടർമാർ തിരിച്ചറിയുന്നു. അതിനാൽ രാഷ്ട്രീയത്തിന് അതീതമായ് തന്നെ രാഘവന് വോട്ട് ചെയ്യാം നമുക്ക്.


 

Latest News