Sorry, you need to enable JavaScript to visit this website.

ജെറ്റ് എയർവേസ് പ്രതിസന്ധിയും പ്രവാസികളും 

ആർക്കു പ്രാന്തുവന്നാലും കോഴിക്കാണ് കിടക്കപ്പൊറുതിയില്ലാതാകുന്നത് എന്നു പറഞ്ഞതുപോലെ എന്ത് ആകാശ പ്രതിസന്ധി ഉണ്ടാകുമ്പോഴും അതിന്റെ ആഘാതം ഏറ്റവും കനത്ത രീതിയിൽ അനുഭവിക്കേണ്ടിവരുന്നത് ഗൾഫിലെ മലയാളി പ്രവാസികളാണ്. 
കടക്കെണിയിൽപ്പെട്ട് തത്കാലം പ്രവർത്തനം അവസാനിപ്പിച്ച ജെറ്റ് എയർവേസിന്റെ തീരുമാനം പ്രവാസി വിമാന യാത്രക്കാർക്ക് മറ്റൊരു ദുരിതം കൂടിയാണ് സമ്മാനിച്ചിരിക്കുന്നത്. നടത്തിക്കൊണ്ടു പോകാനാവാത്ത സ്ഥിതിയിൽ ജെറ്റ് എയർവേസ് പ്രവർത്തനം മതിയാക്കി കഴിഞ്ഞ മട്ടാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ തുടങ്ങിയതും അവസാനിപ്പിച്ചതുമായ വിമാന കമ്പനികൾ ഒരു ഡസനാണ്. സാമ്പത്തിക പ്രതിസന്ധിമൂലം ഇന്ത്യയിൽ പ്രവർത്തനം നിറുത്തുന്ന 12ാമത്തെ വിമാന കമ്പനിയാണ് ജെറ്റ് എയർവേസ്. വിജയ് മല്യയുടെ കിംഗ്ഫിഷറാണ് ഇതിലെ പ്രധാന താരം. മലയാളി കമ്പനിയായ എയർ പെഗാസസ്, എയർ കോസ്റ്റ, എയർ ഡെക്കാൻ, പാരമൗണ്ട് എയർവേസ്, എം.ഡി.എൽ.ആർ., സൂം എയർ, എയർ ഒഡീഷ, എയർ കാർണിവൽ, അർച്ചന എയർവേസ്, എയർ സഹാറ എന്നിവയാണ് പൂട്ടിപ്പോയ മറ്റു കമ്പനികൾ. വാടക കൊടുക്കാത്തതിനാൽ മിക്ക വിമാനങ്ങളും പാട്ടക്കമ്പനികൾ തിരിച്ചെടുക്കുകയായിരുന്നു. പണം കിട്ടാത്തതിനാൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഇന്ധന വിതരണം നിറുത്തിവച്ചതും ജെറ്റിന് തിരിച്ചടിയായി. സർവീസ് പുനരാരംഭിക്കണമെങ്കിൽ അടിയന്തരമായി ജെറ്റിന് 983 കോടി രൂപ വേണം. എന്നാൽ, പണം തരില്ലെന്ന് ബാങ്കുകൾ വ്യക്തമാക്കിയിട്ടുണ്ട്.
വിമാന കമ്പനികൾക്ക് വൻതോതിൽ വായ്പ നൽകിയ ബാങ്കുകൾ വായ്പ തിരിച്ചുപിടിക്കാനാകാതെ വിഷമിക്കുകയാണ്. അതിനിടയിലും ജെറ്റ് എയർവേസിനുവേണ്ടി പണമിറക്കാൻ ഒരുകൂട്ടം പൊതുമേഖലാ ബാങ്കുകൾ തയ്യാറെടുത്തുവെങ്കിലും ഫലം ചെയ്തില്ല എന്ന് വേണം കരുതാൻ. ചില നിയമ നടപടികൾ ജെറ്റ് എയർവൈസ് അഭിമുഖീകരിക്കുമെന്നാണ് ഇത് സംബന്ധമായി വന്നു കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ വാർത്തകൾ. കഷ്ടകാലം സമീപഭാവിയിലെങ്ങും ഒഴിഞ്ഞേക്കില്ലെന്ന് വാസ്തവം. ജെറ്റിന്റെ നിയന്ത്രണം ഏറ്റെടുത്ത ബാങ്കിംഗ് കൺസോർഷ്യം ഓഹരി വിൽപനയ്ക്കായി താൽപര്യപത്രം ക്ഷണിച്ചിരുന്നു. ജെറ്റ് എയർവേസിൽ നിലവിൽ 24 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഇത്തിഹാദ് എയർവേസ്, ഇൻഡിഗോ, ടി.പി.ജി കാപ്പിറ്റൽ തുടങ്ങിയ കമ്പനികളാണ് താൽപര്യപത്രം സമർപ്പിച്ചിരിക്കുന്നത്. നരേഷ് ഗോയലും താൽപര്യപത്രം സമർപ്പിച്ചെങ്കിലും പിന്നീട് പിന്മാറി. യോഗ്യരായ കമ്പനികളെ ലഭിക്കാതെ, ഓഹരി വിൽപന പാളിയാൽ, വായ്പാ തിരിച്ചടവ് മനഃപൂർവം മുടക്കിയ കുറ്റം ആരോപിച്ച് ബാങ്കുകൾ ജെറ്റ് എയർവേസിനെതിരെ നാഷണൽ കമ്പനി ലോ െ്രെടബ്യൂണലിനെ സമീപിക്കും. കോടതി നടപടികളിലേക്ക് ബാങ്കുകൾ കടന്നാൽ, ജെറ്റ് എയർവേസ് പൂർണമായും അടച്ചുപൂട്ടുന്ന സ്ഥിതിയുണ്ടാകും. ജെറ്റ് എയർവേസിന്റെ ഓഹരിമൂല്യം തകർന്നടിയുകയാണ്. കഴിഞ്ഞ ദിവസം വരെ മാത്രം 34 ശതമാനം വരെ തകർന്നു. ജെറ്റ് എയർവേസ് നിലംപൊത്തിയത് ആഘോഷമാക്കുകയാണ് മറ്റ് വിമാന കമ്പനികൾ. അവധിക്കാലത്തെ പതിവ് തിരക്കുംകൂടി കണക്കിലെടുത്ത് ആഭ്യന്തര രാജ്യാന്തര ടിക്കറ്റ് നിരക്ക് വിമാനക്കമ്പനികൾ മൂന്നും നാലും ഇരട്ടിയാക്കി കൂട്ടിക്കഴിഞ്ഞു. 
ജെറ്റ് എയർവേസ് പ്രവർത്തനം നിറുത്തിയതോടെ 20,000ത്തോളം ജീവനക്കാരുടെ ഭാവിയാണ് തുലാസിലായത്. പൈലറ്റുമാർ ഉൾപ്പെടെയുള്ള മറ്റ് ജീവനക്കാരാണ് പെരുവഴിയിലായത്. ഇവർക്ക് മാസങ്ങളായി ശമ്പളം കിട്ടിയിട്ടുമില്ല. ബാങ്കിംഗ് കൺസോർഷ്യം അടിയന്തര സഹായമായി 1,500 കോടി രൂപ നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും റിസർവ് ബാങ്കിന്റെ പച്ചക്കൊടി കിട്ടാത്തതിനാൽ നീക്കം വിഫലമായതും ജെറ്റ് എയർവേസ് ചിറക് മടക്കാൻ കാരണമായി.
ജെറ്റ് എയർവൈസിന്റെ ഗൾഫിൽ നിന്നുള്ള സർവ്വീസ് പൂർണ്ണമായും നിലച്ചതോടെ ഗൾഫ് മേഖലയിൽ പണിയെടുക്കുന്ന മലയാളി പ്രവാസികളെ കൊള്ളയടിക്കുന്നതിൽ വിമാനകമ്പനികൾ ഇപ്പോൾ പരസ്പരം മത്സരിക്കുകയാണ്. പൊടുന്നനെ ഉണ്ടായ നിരക്കു വർദ്ധന ഏറ്റവുമധികം ബാധിക്കുന്നത് പതിവുപോലെ മലയാളി പ്രവാസികളെയാണ്. ഏതെങ്കിലുമൊരു ഗൾഫ് രാജ്യത്തു നിന്ന് നാട്ടിലെത്താൻ പഴയ നിരക്കിന്റെ മൂന്നോ നാലോ ഇരട്ടി മുടക്കേണ്ട സ്ഥിതിയാണിപ്പോൾ. മദ്ധ്യവേനൽ അവധി തുടങ്ങിയതോടെ ഇവിടെ നിന്ന് ഗൾഫ് നാടുകളിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുപോകാനൊരുങ്ങിയവർക്കും ഇപ്പോഴത്തെ നിരക്ക് വർദ്ധന ഇരുട്ടടിയായി. ഉത്സവ സീസണുകളിൽ പൊടുന്നനെ നിരക്കുകൾ ഉയരുന്നത് പതിവായിരുന്നു. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ വളരെ കുറവാണ്. യാത്രക്കാർ കൂടിയതോടെ ടിക്കറ്റ് നിരക്കുകളും ഉയർത്തി വിമാന കമ്പനികൾ ചൂഷണത്തിന്റെ പുതിയ ആകാശപാത തുറക്കുകയും ചെയ്തു. യാത്രക്കാരെ കൊള്ളയടിക്കുന്നതിൽ എല്ലാ വിമാന കമ്പനികളും ഒരുപോലെയാണ്. നിരക്ക് കൂട്ടുന്നതിൽ ചില്ലറ ഏറ്റക്കുറച്ചിലുണ്ടാകാം. എന്നാൽ സിമന്റ് കമ്പനികളെപ്പോലെ തന്നെ ഇക്കാര്യത്തിൽ വിമാന കമ്പനികൾ തീരുമാനമെടുക്കുന്നതും നടപ്പാക്കുന്നതും ഒന്നിച്ചാണ്. അവധിക്കാലത്തെ യാത്രക്കാരെ ലക്ഷ്യം വെച്ച് വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിരക്ക് ഞെട്ടലുളവാക്കും വിധത്തിലാണ് ഓരോ കമ്പനിയും വർദ്ധിപ്പിച്ചിരിക്കുന്നത്. പ്രധാനമായും ഗൾഫ് സെക്ടറുകളിലാണ് ഈ തീവെട്ടിക്കൊള്ള നടക്കുന്നതെന്നത് ശ്രദ്ധേയമാണ്. 
എപ്പോഴും ഇരകളാക്കപ്പെടുന്നതും ഗൾഫിൽ ഏറെ പ്രതികൂല സാഹചര്യങ്ങൾ നേരിടേണ്ടിവരുന്ന പ്രവാസികളാണെന്നത് ദുഃഖകരമായ വസ്തുതയാണ്. ആഡംബരപൂർവം എല്ലാ വർഷവും പ്രവാസി ഭാരതീയ ദിവസം കൊണ്ടാടുന്ന കേന്ദ്ര സർക്കാർ വിമാന കമ്പനികൾ ഗൾഫിലെ പ്രവാസികളോട് കാണിക്കുന്ന ഈ കൊള്ളരുതായ്മ അവസാനിപ്പിക്കാൻ നാളിതുവരെ ചെറുവിരൽ പോലും അനക്കിയിട്ടില്ല. പൊതുമേഖലാ സ്ഥാപനമായ എയർ ഇന്ത്യയെ പോലും ഇക്കാര്യത്തിൽ നിയന്ത്രിക്കാൻ സർക്കാരിനു കഴിയുന്നില്ല. മറ്റ് അന്തർദ്ദേശീയ ഫ്‌ളൈറ്റുകൾക്കു ബാധകമാകാത്ത നിരക്കു വർദ്ധന ഗൾഫ് സെക്ടറിൽ മാത്രം ബാധകമാക്കുന്നതിലെ പക്ഷപാതിത്വവും കാണാതിരുന്നുകൂടാ. ചോദിക്കാനും പറയാനും ആളില്ലാത്തതുതന്നെ ഇതിനു പ്രധാന കാരണം. സാധാരണക്കാരായ പ്രവാസികളുടെ ആവലാതികൾ ആർക്കു കേൾക്കണം. അവരുടെ സഹായത്തിന് സംസ്ഥാന സർക്കാരോ കേന്ദ്രമോ എത്താറുമില്ല. സംസ്ഥാനത്തിന്റെ നാനാതരത്തിലുമുള്ള വികസനത്തിന് പ്രവാസികളുടെ സംഭാവന മഹത്തരമാണെന്ന് പ്രശംസ ചൊരിയാറുണ്ട്. എന്നാൽ അവർ അനീതി നേരിടുന്ന ഘട്ടങ്ങളിലൊന്നും സഹായിക്കാൻ ആരുമില്ലതാനും. ഇപ്പോൾ തെരഞ്ഞെടുപ്പു ചൂടിലുള്ള നാട്ടിലെ മുഖ്യധാര രാഷ്ട്രീയ നേതാക്കൻമാർ ഇതൊന്നും അറിഞ്ഞമട്ടില്ല. എന്നും കറവുപശുക്കളാണല്ലോ പ്രവാസികൾ. 
 

Latest News