Sorry, you need to enable JavaScript to visit this website.

സി.പി.എം അറിഞ്ഞുതന്നെ പെരിയ ഇരട്ടക്കൊല 

കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലപാതകത്തിലെ സി.പി.എം ബന്ധമാണ് കഴിഞ്ഞദിവസം ഹൈക്കോടതിയിൽ വെളിപ്പെട്ടത്. കോടതി നിർദ്ദേശമനുസരിച്ച് ക്രൈംബ്രാഞ്ച് പൊലീസ് സമർപ്പിച്ച സത്യവാങ്മൂലത്തിലൂടെ സത്യം പുറത്തുചാടി.  
പെരിയയിൽ കൃപേഷ്, ശരത്‌ലാൽ എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സി.പി.എം പ്രവർത്തകർ കൊലചെയ്തതിനെ സി.പി.എം തള്ളിപ്പറഞ്ഞിരുന്നു. ലോക്കൽ കമ്മറ്റിയംഗമായ പീതാംബരൻ വ്യക്തി വിരോധം തീർക്കാൻ അനുയായികളെ ഉപയോഗിച്ച് നടത്തിയ കൊലയെന്ന് വിശേഷിപ്പിച്ച്. പാർട്ടിയിലെ ഉന്നതരുടെ അറിവും പങ്കാളിത്തവും ഇരട്ടകൊലപാതകത്തിനു പിന്നിലുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നത്.
പാർട്ടിയിലെ ഒരു നേതാവിന്റെ നിർദ്ദേശാനുസരണം സി.പി.എം ജില്ലാകമ്മറ്റി അംഗവും ഏരിയാ സെക്രട്ടറിയുമായ മണികണ്ഠൻ തെളിവുകൾ നശിപ്പിച്ചും പ്രതികളെ ഒളിപ്പിച്ചും പാർട്ടിയുടെ പങ്കാളിത്തം തമസ്‌ക്കരിച്ചെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ക്രൈംബ്രാഞ്ച് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശമനുസരിച്ചാണ് പ്രതികൾ പൊലീസിൽ കീഴടങ്ങിയത്. ഒരു പ്രധാന  പ്രതി ഉൾപ്പെടെ രണ്ടുപേർ ഒളിവിലാണ്.  ഇതിലൊരാൾ ഗൾഫിൽ സുരക്ഷിതനായി കഴിയുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച് സത്യവാങ്മൂലത്തിൽ ഉറപ്പിച്ചു പറയുന്നു.  


രാഹുൽഗാന്ധി അടക്കമുള്ള ദേശീയ - രാഷ്ട്രീയ നേതാക്കൾ കൊല്ലപ്പെട്ട യുവാക്കളുടെ വീട്ടിലെത്തി നീതി ഉറപ്പാക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. പെരിയ സംഭവം രാഷ്ട്രീയ കൊലപാതകത്തിനെതിരായ ചർച്ച ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സജീവമാക്കുകയും ചെയ്തു. ഇതിനെ അഭിമുഖീകരിക്കാനാവാതെ കൊലപാതക രാഷ്ട്രീയം പാർട്ടിയുടെ നയമല്ലെന്നും അതിനെതിരെ പ്രവർത്തിക്കുന്നവരെ പാർട്ടി സംരക്ഷിക്കില്ലെന്നുമാണ് സി.പി.എം നിലപാടെടുത്തത്. 
എന്നാൽ സി.പി.എം ബന്ധം സംബന്ധിച്ച പൊലീസ് തെളിവുകളും കേസ് സി.ബി.ഐയ്ക്കു വിടണമെന്ന ആവശ്യം സംബന്ധിച്ച ഹൈക്കോടതി നിലപാടും ജനങ്ങളുടെ കോടതിയിൽ വേണ്ടത്ര ചർച്ചയാവില്ല. കേരളത്തിലെ വോട്ടെടുപ്പും മധ്യവേനൽ അവധിയും കഴിഞ്ഞ് മാത്രമേ ഹൈക്കോടതി പെരിയ കൊലപാതക കേസ് പരിഗണിക്കൂ.    


വാർത്തകൾ തത്സമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക


കല്ല്യോട്ട് ശ്രീഭഗവതി ക്ഷേത്രത്തിലെ പരിപാടിയിൽ പങ്കെടുത്ത് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്ന കൃപേഷിനേയും ശരത്‌ലാലിനേയും റോഡിൽ തടഞ്ഞ് വെട്ടിവീഴ്ത്താൻ മൂന്നു മിനുട്ടുമാത്രമേ എടുത്തുള്ളുവെന്ന് ക്രൈംബ്രാഞ്ച് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തുന്നു.  കൃത്യംചെയ്ത് സ്ഥലംവിട്ട പ്രതികൾ കല്ല്യോട്ടിന് അടുത്ത് വെളുത്തോളി എന്ന സ്ഥലത്ത് സംഗമിക്കുന്നു. ഉദുമ ഏരിയാ സെക്രട്ടറി മണികണ്ഠൻ ബാലകൃഷ്ണൻ എന്ന ആൾക്കൊപ്പം പ്രതികൾക്കരികെ എത്തുന്നു.  
സത്യവാങ്മൂലം ഇങ്ങനെ തുടരുന്നു:      മണികണ്ഠൻ ആരെയോ ഫോണിൽ വിളിക്കുന്നു.  അയാളിൽനിന്ന് ഉപദേശം കിട്ടിയതനുസരിച്ച് പ്രതികളോട് ധരിച്ച വസ്ത്രങ്ങൾ ഊരാനും അവിടെ എത്തിച്ച വസ്ത്രങ്ങൾ ധരിക്കാനും നിർദ്ദേശിക്കുന്നു.  അഴിച്ചുമാറ്റിയ വസ്ത്രങ്ങൾ കത്തിക്കാനും ആയുധങ്ങൾ വല്ലതും കൈവശമുണ്ടെങ്കിൽ ഒളിപ്പിക്കാനും ആവശ്യപ്പെടുന്നു.  തുടർന്ന് മണികണ്ഠൻ പീതാംബരനടക്കം നാലു പ്രതികളെയും ഉദുമ സി.പി.എം പാർട്ടി ഓഫീസിലേക്ക് കൊണ്ടുപോകുന്നു. മറ്റു പ്രതികളെ സ്ഥലത്തെ പാർട്ടി അനുഭാവിയുടെ വീട്ടിൽ താമസിപ്പിക്കുന്നു.
പിറ്റേന്ന് വൈകുന്നേരംവരെ പീതാംബരൻ അടക്കമുള്ള കൊലയാളികൾ ഉദുമ ഏരിയാകമ്മറ്റി ഓഫീസിൽ.  അവർ വൈകുന്നേരം വീണ്ടും വെളുത്തോളിയിൽ എത്തുകയും മറ്റു പ്രതികളുമായി ഒത്തുചേരുകയും ചെയ്യുന്നു. പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശമനുസരിച്ച് പിറ്റേദിവസം പൊലീസിന് കീഴടങ്ങുന്നു. 
എട്ടാംപ്രതി സുബീഷും പതിനൊന്നാംപ്രതി പ്രദീപനും ഇപ്പോഴും ഒളിവിലാണ്.  സുബീഷ് വിദേശത്താണെന്ന് വിശ്വസനീയ വിവരമുണ്ടെന്ന് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിക്കുന്നു. 
കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമനടക്കം സി.പി.എമ്മിന്റെ മൂന്ന് മുതിർന്ന നേതാക്കൾ പൊലീസ് അന്വേഷണം തടസപ്പെടുത്തിയതായി ഹൈക്കോടതിയിൽ ആരോപിച്ചിരുന്നു.  രക്തക്കറ പുരണ്ട കാർ കണ്ടെത്തിയ പൊലീസ് അതിന്റെ ഉടമ സജി സി ജോർജിനെ കസ്റ്റഡിയിലെടുത്തിരുന്നു.  അവരെ സി.പി.എം ജില്ലാ നേതാക്കൾ പൊലീസ് കസ്റ്റഡിയിൽനിന്ന് മോചിപ്പിച്ചതായി വാർത്തകളുണ്ടായി.  എന്നാൽ അതിന്റെ രേഖകളോ തെളിവുകളോ കണ്ടെത്തിയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് സത്യവാങ്മൂലത്തിൽ പറയുന്നത്.  കേസന്വേഷണത്തിന്റെ മേൽനോട്ട ചുമതലയുണ്ടായിരുന്ന എറണാകുളം എസ്.പി മുഹമ്മദ് റഫീക്കിനെ മാറ്റിയത് അനാരോഗ്യ കാരണങ്ങളാലാണെന്നും കോടതിയെ അറിയിച്ചു.  150 സാക്ഷികളുടെ മൊഴി എടുത്തെങ്കിലും സംഭവത്തിന്റെ ദൃക്‌സാക്ഷികളായി ആരേയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നതാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു വെളിപ്പെടുത്തൽ.
കേസിലെ തെളിവുകൾ നശിപ്പിക്കാൻ നേതൃത്വം നൽകുകയും പ്രതികളെ പാർട്ടിയാഫീസിലും മറ്റും ഒളിപ്പിക്കുകയും ചെയ്ത  മണികണ്ഠൻ പൊലീസ് രേഖയനുസരിച്ച് പ്രതിയാകേണ്ടതാണ്. ആ നേതാവിനെ ചോദ്യംചെയ്തിട്ടുപോലുമില്ല. ഒളിവിൽപോയ പ്രദീപനെന്ന കുട്ടൻ സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു.  പിന്നീട് അയാളെപ്പറ്റി ഒരു വിവരവും ശേഖരിക്കാനായിട്ടില്ലെന്നും:  
         കസ്റ്റഡിയിൽനിന്നു പ്രതിയെ മോചിപ്പിച്ചുകൊണ്ടുപോയ മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള മുതിർന്ന സി.പി.എം നേതാക്കളെയും പൊലീസ് ചോദ്യംചെയ്തിട്ടില്ല. ഏറ്റവും നിർണ്ണായകമായത് പ്രതികളെ സഹായിക്കുന്നതിനുമുമ്പ് മണികണ്ഠൻ വിളിച്ചെന്ന് സത്യവാങ്മൂലത്തിൽ സമ്മതിക്കുന്ന ആ 'ഒരാളെ' രണ്ടുമാസമായിട്ടും ചോദ്യംചെയ്യാൻ മുതിർന്നിട്ടില്ലെന്നതാണ്.  
അതിലേറെ ആശ്ചര്യകരമാണ് എട്ടാംപ്രതി സുബീഷിനെകുറിച്ച് ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന പത്രികയിലെ വെളിപ്പെടുത്തൽ. ക്രിമിനൽ ഗൂഢാലോചനയിലും കൊലപാതകത്തിലും സുബീഷ് പങ്കെടുത്തെന്നു പറയുന്നു. 'പുറത്തുനിന്നുള്ള' ഒരേയൊരാൾ സുബീഷ് ആണെന്നും.  ഇത്തരം ഓപ്പറേഷൻസ് നടത്താൻ വേണ്ടത്ര പരിശീലനം ഉള്ള ആളാണ് സുബീഷ്. സംഭവത്തിനുശേഷം ജിജിനൊപ്പം മറ്റ് പ്രതികളുടെ (ജിജിന്റെ ഒഴിച്ച്) വസ്ത്രങ്ങൾ കത്തിച്ചതും സുബീഷ് ആണ്. എന്നാൽ അയാളുടെ ആയുധം തിരിച്ചറിയാനോ കണ്ടെത്താനോ കഴിഞ്ഞിട്ടില്ല. ആൾ ഒളിവിലും.
ഈ വെളിപ്പെടുത്തലിലൂടെ പീതാംബരനും അനുയായികളും മാത്രം ചേർന്ന് നടത്തിയതാണ് കൊലയെന്ന സി.പി.എം - പൊലീസ് നിലപാടുകൾ പൊളിയുകയാണ്. പുറത്തുനിന്നു വന്നവരാണ് പീതാംബരനല്ല കൃത്യം ചെയ്തതെന്ന അയാളുടെ വീട്ടുകാരുടെ നിലപാടിൽ വസ്തുതയുണ്ടെന്ന് ഇത് തെളിയിക്കുന്നു. സുബീഷിനെ ഗൾഫിലേക്ക് രക്ഷപെടുത്തിയതും വാടകക്കൊലയാളി ബന്ധം മറച്ചുപിടിക്കാനാണെന്ന് വ്യക്തം. 
കൊലപാതക രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ സി.പി.എം പ്രതികൾ ഏതുമാളത്തിൽ ഒളിച്ചാലും പൊലീസ് പിടികൂടുമെന്നും നിർദാക്ഷണ്യം കൈകാര്യം ചെയ്യുമെന്നും സംഭവം നടന്ന ഉടനെ അവകാശപ്പെട്ടിരുന്നു.  കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കാൻ തയാറാകാത്ത സി.പി.എം നേതാക്കൾ പ്രതികളുടെ വീട് സന്ദർശിച്ച് സഹായം വാഗ്ദാനം ചെയ്തിരുന്നു. തെരഞ്ഞെടുപ്പുഘട്ടത്തിൽ നടത്തിയ രാഷ്ട്രീയ കൊലപാതകം സി.പി.എം സംസ്ഥാന നേതൃത്വത്തെ രാഷ്ട്രീയതലത്തിൽ ഒറ്റപ്പെടുത്തിയിരുന്നു. 
എന്നാൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുള്ള അന്വേഷണം പ്രതികളെ സഹായിക്കാനാണെന്ന ആരോപണം ബലപ്പെടുത്തുന്നതാണ് ഹൈക്കോടതിയിൽ ഇപ്പോൾ ക്രൈംബ്രാഞ്ച് സമർപ്പിച്ച സത്യവാങ്മൂലം.
'ഒരു പ്രദേശത്തെ പ്രഖ്യാപിത രാജാക്കന്മാർ' നീതി നടപ്പാക്കുന്നതിനെതിരെ ഹൈക്കോടതി അതിശക്തമായി നിലപാടെടുത്തിരുന്നു. ഇപ്പോൾ സംസ്ഥാനത്തെ പൊലീസും ഗവണ്മെന്റും ചേർന്ന് രാഷ്ട്രീയ കൊലപാതകികളെ പച്ചയായി സംരക്ഷിക്കുന്നു എന്നാണ് പെരിയ കൊലക്കേസ് വെളിപ്പെടുത്തുന്നത്. രാഷ്ട്രീയ എതിരാളികളെ വകവരുത്താൻ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന കൊലപാതകം ജുഡീഷ്യറിയെ മാത്രമല്ല സമൂഹ മനസാക്ഷിയെതന്നെ ഞെട്ടിക്കുന്നു എന്ന് ടി.പി ചന്ദ്രശേഖരൻ വധക്കേസ് വിധിയിൽ കോഴിക്കോട് സെഷൻസ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.  280ലേറെ സാക്ഷികളുണ്ടായിരുന്ന ടി.പി വധക്കേസിൽ 60ഓളം സാക്ഷികളെ കൂറുമാറ്റിക്കാൻ സി.പി.എമ്മിന്റെ സംഘടിത നീക്കത്തിനായി. ഉന്നത നേതാക്കൾ ഉൾപ്പെട്ട ഗൂഢാലോചന നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുന്നത് തടയാനും അതുകൊണ്ടു കഴിഞ്ഞു. 
ഇപ്പോൾ പെരിയയിൽ രാഷ്ട്രീയ എതിരാളികളായ രണ്ടു യുവാക്കളെ ആസൂത്രിതമായി കൊലപ്പെടുത്തിയിട്ടും തെളിവുകൾ നശിപ്പിച്ച് നിയമത്തിന്റെ വഴി തടയുന്നതിന് പൊലീസും സർക്കാറുംതന്നെ കൂട്ടുനിൽക്കുന്നു. കണ്ണൂർ മാതൃകയിൽ വാടകക്കൊലയാളികൾ ആസൂത്രിതമായി നടപ്പാക്കിയ ആ ഇരട്ടക്കൊലപാതകത്തെ വ്യക്തിപരമായ വിരോധമാക്കിതീർക്കാൻ പൊലീസിനെ ആയുധമാക്കുന്നു. വേനലവധിക്കുശേഷം ഹൈക്കോടതി നീതിതേടിയെത്തിയ രക്ഷിതാക്കൾക്ക് ആശ്വാസം നൽകുമോ അതോ നീതിക്കുവേണ്ടിയുള്ള പോരാട്ടം എത്രകാലം തുടരേണ്ടിവരും എന്നിടത്താണ് പെരിയ ഇരട്ടക്കൊലപാതകകേസ് ഇപ്പോൾ   എത്തിനിൽക്കുന്നത്. 

Latest News