Wednesday , July   24, 2019
Wednesday , July   24, 2019

കേരളം വിചിത്ര അനുഭവം

പ്രമുഖ ഇലക്ഷൻ വിദഗ്ധൻ പ്രണോയ് റോയ് തന്റെ അനുഭവം പങ്കുവെക്കുന്നു...

ചോ: സഖ്യങ്ങളുടെ സാധ്യത മനസ്സിലാക്കുന്നതിൽ കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ മുന്നിലല്ലേ?
ഉ: തീർച്ചയായും.. വളരെ മുന്നിലാണ് അവർ. കേരളത്തിൽ അഭിപ്രായ സർവെ നടത്തുകയെന്നത് മനോഹരമായ അനുഭവമാണ്. ചോദ്യങ്ങൾ ശരിയാണോയെന്നറിയാൻ അഭിപ്രായ വോെട്ടടുപ്പിന് മുമ്പ് ഞങ്ങൾ പൈലറ്റ് പ്രോജക്ട് നടത്താറുണ്ട്. കേരളീയർ നിങ്ങളുടെ ചോദ്യങ്ങൾ തെറ്റാണെന്ന് തുറന്നു പറയും. ശരിയായ ചോദ്യമെന്തെന്നതിനെക്കുറിച്ച് 20 മിനിറ്റിലേറെ അവർ ക്ലാസെടുക്കും. ഓരോ അഭിമുഖവും ഒന്നര മണിക്കൂറിലേറെ നീണ്ടുനിൽക്കും. കേരളീയർ സംസാരപ്രിയരാണ്. രാഷ്ട്രീയ അവബോധം വളരെ കൂടുതലാണ്. 

ചോ: പാർട്ടികൾ സൃഷ്ടിച്ചെടുക്കുന്ന അഭിപ്രായങ്ങളുണ്ട് -ബി.ജെ.പിയുടെ തീവ്രദേശീയത പോലെ. ഇത് ദേശീയാടിസ്ഥാനത്തിൽ ഗുണം ചെയ്യാറുണ്ടോ?
ഉ: അത് മിഥ്യയാണ്. ആന്ധ്രാപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്നോ ദേശീയതയെന്നോ ഭൂരിപക്ഷ വർഗീയതയെന്നോ ആരും പറയുന്നതു കേട്ടില്ല. എന്നാൽ ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ ഇതൊക്കെ അൽപം ചെലവാകും. പക്ഷെ ജേണലിസ്റ്റുകൾ ഇതൊക്കെ വലിയ കാര്യമായി കൊണ്ടുനടക്കുകയാണ്. വോട്ടർമാർ പ്രധാനമായും അവരുടെ ജീവിത സാഹചര്യം നോക്കിയാണ് വോട്ട് ചെയ്യുന്നത്. ഒരു പാലം പണിതിട്ടില്ലാത്തതിനാൽ സർക്കാരിനെതിരെ വോട്ട് ചെയ്യുമെന്ന് യു.പിയിലെ ഒരു ഗ്രാമത്തിലുള്ളവർ പറഞ്ഞു. മറ്റൊരാൾ പുൽവാമയെക്കുറിച്ച് പ്രതികരിച്ചു. എന്നാൽ ജീവിതപ്രശ്‌നം നോക്കിയാണ് വോട്ട് ചെയ്യുകയെന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു. 

ചോ: എക്കാലത്തും ഇലക്ഷൻ മോഡിലുള്ള സർക്കാരാണ് മോഡിയുടേത്. ഇത് ഗുണം ചെയ്യില്ലേ?
ഉ: ബൂത്ത് മാനേജ്‌മെന്റിലും വോട്ടർ മാനേജ്‌മെന്റിലും അഗ്രഗണ്യരാണ് ബി.ജെ.പി. ഇലക്ഷൻ ജയിക്കാനുള്ള ഏറ്റവും നല്ല വഴികളാണ് ഇവ. ഇടതു പാർട്ടികൾക്ക് ബൂത്ത് മാനേജ്‌മെന്റ് സാധിക്കുമെങ്കിലും ബി.ജെ.പിയെ പോലെ സോഷ്യൽ മീഡിയയിൽ മുൻതൂക്കമില്ല.

ചോ: പ്രതിപക്ഷ സഖ്യങ്ങൾ എത്രമാത്രം ഫലപ്രദമാണ്?
ഉ: ഉത്തർപ്രദേശിൽ യാദവന്മാർ ദളിതുകൾക്ക് വോട്ട് ചെയ്യില്ലെന്നാണ് കരുതിയിരുന്നത്. എന്നാൽ യു.പിയിലെ സർവേകളിൽ തിരിച്ചാണ് ഞങ്ങൾ മനസ്സിലാക്കിയത്. യാദവന്മാരും ദളിതുകളും കൈകോർക്കുമ്പോൾ അത് വിജയിക്കാവുന്ന സഖ്യമായി കരുതി അഞ്ച് ശതമാനം വോട്ട് കൂടുതൽ അവർക്ക് ലഭിക്കും. മുസ്‌ലിംകൾ തന്ത്രപൂർവം വോട്ട് ചെയ്യുമെന്ന് പറയുന്നതും പൂർണമായി ശരിയല്ല. യു.പിയിൽ 80 ശതമാനം മുസ്‌ലിംകൾ ബി.എസ്.പി-എസ്.പി സഖ്യത്തിനും 20 ശതമാനം പേർ കോൺഗ്രസിനും വോട്ട് ചെയ്യുമെന്നാണ് കരുതേണ്ടത്. 
2014 ലെ അതേപോലെയാണ് വോട്ട് ശതമാനമെങ്കിൽ പോലും യു.പിയിൽ എസ്.പി-ബി.എസ്.പി സഖ്യം ബി.ജെ.പിയുടെ സീറ്റുകൾ പകുതിയായി കുറക്കും. എന്നാൽ ആറ് ശതമാനം മാത്രം വോട്ടുള്ള കോൺഗ്രസ് ഉത്തർപ്രദേശിൽ ശക്തമായി പൊരുതുന്നത് ബി.ജെ.പിക്ക് 14 സീറ്റെങ്കിലും അധികം നേടിക്കൊടുക്കും. കോൺഗ്രസിന് യു.പിയിൽ കണക്കു പിഴച്ചു. സഖ്യകക്ഷികളെ നേടിയെടുക്കുന്നതിലും അതുവഴി വോട്ട് ശതമാനം വർധിപ്പിക്കുന്നതിലും കൂടുതൽ തന്ത്രപൂർവമായ ഇടപെടലുണ്ടായത് ബി.ജെ.പിയിൽനിന്നാണ്. 

ചോ:  മഹാരാഷ്ട്രയിലും കർണാടകയിലും എന്താണ് സ്ഥിതി?
ഉ: മഹാരാഷ്ട്രയിൽ നേരിട്ടുള്ള ഏറ്റുമുട്ടലാണ്. കർണാടകയിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം ബി.ജെ.പിക്ക് വലിയ വെല്ലുവിളിയായിരിക്കും. എന്നാൽ സഖ്യം രൂപീകരിച്ച ശേഷം കോൺഗ്രസും ജെ.ഡി.എസും തമ്മിലുള്ള അസ്വാരസ്യം ജനപ്രീതി കുറച്ചിട്ടുണ്ട്. എങ്കിലും അവർ ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. 

ചോ: പ്രസംഗിക്കാനുള്ള ശേഷി വോട്ട് നേടിക്കൊടുക്കുമോ?
ഉ: നവീൻ പട്‌നായിക് നല്ല പ്രഭാഷകനല്ല. അദ്ദേഹം കാര്യങ്ങൾ ചെയ്യാൻ കഴിവുള്ളയാളായാണ് അറിയപ്പെടുന്നത്. ശിവരാജ് സിംഗ് ചൗഹാൻ, രമൺ സിംഗ്, ഷീലാ ദീക്ഷിത് എന്നിവരെല്ലാം അങ്ങനെ തന്നെ. പ്രഭാഷണം സഹായിക്കും. പക്ഷെ കാര്യങ്ങൾ നന്നായി ചെയ്തില്ലെങ്കിൽ വോട്ട് കിട്ടില്ല. 

Latest News