Wednesday , July   24, 2019
Wednesday , July   24, 2019

എടുക്കാചരക്കായി നിതീഷ്

മഹാസഖ്യവും ബി.ജെ.പി-ജെ.ഡി.യു സഖ്യവും ഇഞ്ചോടിഞ്ച് പൊരുതുന്ന ബിഹാറിൽ ഒരു നേതാവിന് മാത്രം വിലയില്ല- മുഖ്യമന്ത്രി നിതിഷ് കുമാറിന്. 2005 ൽ ആദ്യമായി ബിഹാർ മുഖ്യമന്ത്രിയായതു മുതൽ ബിഹാർ രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവായിരുന്നു നിതിഷ്. ആദ്യം ബി.ജെ.പിയുമായും പിന്നീട് രാഷ്ട്രീയ ജനതാദളുമായും വീണ്ടും ബി.ജെ.പിയുമായും വിജയകരമായ സഖ്യമുണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചു. ബി.ജെ.പി സഖ്യത്തിലായിരിക്കെ തന്നെ മതേതര പ്രതിഛായ നിലനിർത്തി. നരേന്ദ്ര മോഡി ബിഹാറിൽ പ്രചാരണത്തിന് വരേണ്ടെന്ന് വാശി പിടിച്ചു. ഒടുവിൽ എല്ലാം മറന്ന് മോഡിയെ ആലിംഗനം ചെയ്തു. നിരവധി കരണം മറിച്ചിലുകൾക്കൊടുവിൽ വിശ്വാസ്യത നഷ്ടപ്പെട്ട നായകനായി നിൽക്കുകയാണ് നിതിഷ്. 
ഇത്തവണ ജൂനിയർ പാർട്ണറായിട്ടും ബി.ജെ.പിയോട് പൊരുതി തുല്യസീറ്റുകൾ നേടിയെടുക്കാൻ ജെ.ഡി.യുവിന് സാധിച്ചിരുന്നു. എന്നാൽ വോട്ടർമാർക്കിടയിൽ നിതിഷ് മൂല്യമില്ലാത്ത നേതാവായി മാറി. നിതിഷിന്റെ പ്രചാരണത്തിന് ആളില്ലാത്ത അവസ്ഥയാണ്. 
2017 ജൂലൈയിൽ എൻ.ഡി.എക്കെതിരായ വലിയ പ്രസ്ഥാനമായാണ് നിതിഷും ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിയും കൈകോർത്തത്. മഹാസഖ്യത്തിന്റെ ആദ്യ പരീക്ഷണമായിരുന്നു അത്. എന്നാൽ വൈകാതെ ആർ.ജെ.ഡിയെ വിട്ട് ബി.ജെ.പിയെ വരിച്ചതോടെ നിതിഷിന്റെ വിശ്വാസ്യത തകർന്നു. വീണ്ടും നിതിഷ് കീഴ്‌മേൽ മറിയില്ലെന്ന് എന്താണ് ഉറപ്പെന്ന് വോട്ടർമാർ ചോദിക്കുന്നു. ഇത്തവണ ബി.ജെ.പിയും ആർ.ജെ.ഡിയും തമ്മിലുള്ള പോരാട്ടമായാണ് ബിഹാറുകാർ പൊതുവെ പൊതുതെരഞ്ഞെടുപ്പിനെ കാണുന്നത്. ജെ.ഡി.യു ചിത്രത്തിലേയില്ല. 
നിതിഷിന്റെ ജനപ്രീതി കുറയാനുള്ള മറ്റൊരു കാരണം മദ്യനിരോധമാണ്. സ്ത്രീ വോട്ടർമാരെ കൈയിലെടുക്കാനുദ്ദേശിച്ചാണ് നിതിഷ് മദ്യം നിരോധിച്ചത്. എന്നാൽ വിപ്ലവാത്മകമെന്ന് കൊട്ടിഘോഷിക്കപ്പെട്ട നീക്കം വൻ പരാജയമായി. ഇന്ന് വ്യാജമദ്യം ഒഴുകുകയാണ് ബിഹാറിൽ. നേരത്തെ കിട്ടിയിരുന്നതിൽ നിന്ന് മൂന്നിരട്ടി വരെ തുക നൽകിയാണ് ആളുകൾ മദ്യം ശേഖരിക്കുന്നത്. വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയിലാണ് നിതിഷ്. 
മൂന്നു കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നായിരുന്നു നിതിഷിന്റെ വാഗ്ദാനം -ക്രൈം (കുറ്റകൃത്യം), കറപ്ഷൻ (അഴിമതി), കമ്യൂണലിസം (വർഗീയത). എന്നാൽ അഴിമതി സംസ്ഥാനത്ത് കൊടികുത്തി വാഴുകയാണ്. കോഴയില്ലാതെ ഒരു ഫയലും നീങ്ങില്ലെന്ന അവസ്ഥയാണ്. പ്രൈമറിതലം മുതൽ ഉന്നതതലത്തിൽ വരെ വിദ്യാഭ്യാസരംഗം തകർച്ചയിലാണ്. 
സംവരണമാണ് മറ്റൊരു തലവേദന. താഴ്ന്ന ജാതിക്കാർക്ക് ഭൂരിപക്ഷമുള്ള ബിഹാറിൽ കേന്ദ്ര സർക്കാരിന്റെ മുന്നോക്ക സംവരണം വലിയ ചർച്ചാ വിഷയമാണ്. പിന്നോക്കക്കാരുടെ സംവരണം ദുർബലമാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന പ്രചാരണമാണ് ജെ.ഡി.യു പ്രധാനമായും ഉന്നയിക്കുന്നത്. 
ആർ.ജെ.ഡിയിൽ ലയിക്കാൻ ജെ.ഡി.യു താൽപര്യം പ്രകടിപ്പിച്ചുവെന്ന ലാലു പ്രസാദ് യാദവിന്റെയും കുടുംബത്തിന്റെയും ആരോപണം ജെ.ഡി.യു-ബി.ജെ.പി ബന്ധത്തിൽ വിള്ളൽ സൃഷ്ടിച്ചിട്ടുണ്ട്. പലതവണ ജെ.ഡി.യു സെക്രട്ടറി പ്രശാന്ത് കിഷോറിനെ ഈ ആവശ്യമുന്നയിച്ച് നിതിഷ് അയച്ചുവെന്നാണ് ആരോപണം. ലാലുവിന്റെ പുത്രൻ തേജസ്വി യാദവിനെ ഉപമുഖ്യമന്ത്രിയാക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും കുടുംബം പറയുന്നു. തങ്ങൾ വഴങ്ങാതിരുന്നതോടെ നിതിഷ് കോൺഗ്രസിന്റെ സഹായം തേടിയെന്നാണ് ആരോപണം. ആരോപണം ജെ.ഡി.യു നിഷേധിക്കുന്നുണ്ടെങ്കിലും അത് വോട്ടർമാർക്കിടയിൽ ഓളം സൃഷ്ടിക്കുന്നുണ്ട്. 
ഇന്ന് നടക്കുന്ന രണ്ടാം ഘട്ടത്തിൽ അഞ്ച് മണ്ഡലങ്ങളിൽ ജെ.ഡി.യു സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട് -പൂർണിയ, കിഷൻഗഞ്ച്, ഭഗൽപൂർ, ബങ്ക, കതിഹാർ മണ്ഡലങ്ങളിൽ. 2014 ൽ ജെ.ഡി.യു രണ്ട് സീറ്റിൽ മാത്രമാണ് ജയിച്ചത് -അതിലൊന്ന് പൂർണിയയാണ്.
പൂർണിയയിൽ ഇത്തവണ മുൻ ബി.ജെ.പി നേതാവ് ഉദയ് സിംഗാണ് കോൺഗ്രസ് സ്ഥാനാർഥി. ആർ.ജെ.ഡി ജയിച്ച ബങ്കയിലും ഭഗൽപൂരിലും 2014 ൽ ബി.ജെ.പിയായിരുന്നു രണ്ടാം സ്ഥാനത്ത്. ബങ്കയിൽ 2014 ൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന പുതുൽ സിംഗ് ഇത്തവണ അവിടെ സ്വതന്ത്രനായി മത്സരിക്കുന്നു. ബി.ജെ.പി സാന്നിധ്യമില്ലാത്ത ഭഗൽപൂരിൽ ഒറ്റക്ക് പൊരുതേണ്ട അവസ്ഥയിലാണ് ജെ.ഡി.യു. 

Latest News