Sorry, you need to enable JavaScript to visit this website.

ലൂസിഫര്‍ സൗദി റിലീസ് നാളെ; ബാച്ചിലേഴ്‌സിന് പ്രത്യേക പ്രദര്‍ശനം

ജിദ്ദ-പ്രവാസ ലോകം പ്രതീക്ഷയോടെ കാത്തിരുന്ന മെഗാ ഹിറ്റ് ചിത്രം ലൂസിഫറിന്റെ സൗദി റിലീസ് നാളെ (ഏപ്രിൽ 18). കുടുംബങ്ങൾക്കും ബാച്ചിലേഴ്‌സിനും പ്രത്യേക പ്രദർശനങ്ങളുണ്ടാവുമെന്ന് വോക്‌സ് സിനിമാസ് അധികൃതർ വ്യക്തമാക്കി. ജിദ്ദ റെഡ് സീ മാളിലെ തിയേറ്ററിന് പുറമേ റിയാദിലെ മാളുകളിലും ചിത്രം പ്രദർശിപ്പിക്കും. ജിദ്ദയിൽ കുടുംബങ്ങൾക്ക് രാവിലെ 9.30നും ഉച്ച ഒരു മണിയ്ക്കുംരാത്രി 10.30നുമാണ് പ്രദർശനങ്ങൾ. നാളെ ബാച്ചിലേഴ്‌സിന് പ്രദർശനമില്ല. ശനിയാഴ്ച വൈകിട്ട് 7.05 ന് ആദ്യ ബാച്ചിലേഴ്‌സ് പ്രദർശനം. ചെങ്കടൽ തീരത്തെ നഗരത്തിൽ ഇതാദ്യമായാണ് ഒരു മലയാള ചിത്രം പ്രദർശനത്തിനെത്തുന്നത്. റിയാദിൽ അൽ ഖസർ മാളിലും ദ റൂഫിലുമാണ് പ്രദർശനം. ഖസർ മാളിൽ നാളെ രാവിലെ 8.40 ന് ബാച്ചിലേഴ്‌സിനായി പ്രദർശനമുണ്ട്. രാത്രി 11.00 മണിക്കാണ് ഫാമിലികൾക്കുള്ള പ്രദർശനം. ദ റൂഫിൽ നാളെ രാവിലെ 8.50, ഉച്ചക്ക് 12.15, അർധരാത്രി 12.10 എന്നീ സമയങ്ങളിലാണ് ഫാമിലി പ്രദർശനങ്ങൾ. ശനിയാഴ്ച 6.40നാണ് ബാച്ചിലേഴ്‌സിനുള്ള പ്രദർശനം. വോക്‌സ് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ടിക്കറ്റും പ്രദര്‍ശന സമയവും ഉറപ്പുവരുത്തേണ്ടതാണ്.

കേരളത്തിൽ പ്രദർശനം ആരംഭിച്ച മാർച്ച് 28 മുതൽ തന്നെ യു.എ.ഇയിലെ തിയേറ്ററുകളിൽ ഈ സിനിമ റിലീസ് ചെയ്തിരുന്നു. കേരളത്തിൽ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരേ സമയം റിലീസ് ചെയ്തും ചരിത്രം സൃഷ്ടിച്ചു. മോഹൻലാൽ, വിവേക് ഒബ്‌റോയ്, മഞ്ജു വാരിയർ, ടൊവിനോ തോമസ് എന്നിവരാണ് പ്രധാന താരങ്ങൾ. 175 മിനുറ്റ് ദൈർഘ്യമുള്ള മലയാള പടത്തിന് അറബിക്, ഇംഗ്ലീഷ് ഭാഷകളിലും സബ് ടൈറ്റിലുകളുണ്ടാവും. പ്രൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വെറും എട്ട് ദിവസം കൊണ്ടാണ് 100 കോടി ക്ലബിൽ ഇടം പിടിച്ചത്. ലോക ബോക്‌സ് ഓഫീസിലൂടെയാണ് ഈ നേട്ടം.
 

Latest News