Sorry, you need to enable JavaScript to visit this website.

ആദ്യം വോട്ട്, പിന്നെ മതി ഉംറ- ഡോ.ഹുസൈൻ മടവൂർ

കോഴിക്കോട്- വോട്ടെടുപ്പ് നടക്കുന്നത് പരിഗണിക്കാതെ ഉംറ ചെയ്യാൻ യാത്ര ചെയ്യുന്നതിനെ വിമർശിച്ച് പ്രമുഖ പണ്ഡിതനും മുജാഹിദ് നേതാവുമായ ഡോ. ഹുസൈൻ മടവൂർ. മുസ്‌ലിംകൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾ നിലനിൽപ്പിനായി പൊരുതുന്ന ഈ വേളയിൽ വോട്ടെടുപ്പിൽ പങ്കെടുക്കാതെ ഉംറ നിർവഹിക്കാൻ പോകുന്നത് ശരിയായ പ്രവണതയല്ലെന്ന് ഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു. കുറിപ്പിന്റെ പൂർണരൂപം:

പണ്ട് കൂഫയിൽ നിന്നും ഒരു ഭക്തനായ മനുഷ്യൻ മദീനയിലെത്തി. കൊതുകിന്റെ രക്തം വസ്ത്രത്തിലായാൽ അത് നജ്‌സ് ആവുമോ എന്ന് പണ്ഡിതന്മാരോട് ചോദിച്ച് പഠിക്കാനാണദ്ദേഹം വന്നത്. ഇതറിഞ്ഞ ഒരു സാധാരണക്കാരൻ പറഞ്ഞത്രെ. കഷ്ടം! റസൂലിന്റെ പേരക്കുട്ടിയായ ഹുസൈൻ (റ) വിന്റെ രക്തം ചിന്തുകയും അദ്ദേഹത്തെ കൊലപ്പെടുത്തുകയും ചെയ്ത കൂഫയിലെ ആളുകളെക്കുറിച്ച് ഇയാൾക്കൊന്നും പഠിക്കാനില്ല. പറയാനുമില്ല. കൊതുകിന്റെ രക്തമാണീ സാധുവിന് വിഷയം. 
ഈ സംഭവം ഇപ്പോൾ ഓർമ്മ വന്നത് കരിപ്പൂർ എയർപോർട്ടിൽ വെച്ചാണ്. ഞാൻ ഖത്തറിലേക്ക് പോവുകയാണ്. സഹായത്തിന്നെത്തിയ പോർട്ടർ ചോദിച്ചു. മൗലവീ, വോട്ട് ചെയ്യാൻ തിരിച്ചെത്തുമല്ലോ? ഞാൻ പറഞ്ഞു. ശനിയാഴ്ച എത്തും, ഇൻശാ അല്ലാഹ്. അയാളുടെ മുഖത്ത് സന്തോഷം. എയർപോർട്ടിൽ നല്ല തിരക്കുണ്ട്. ഉംറ യാത്രക്കാരാണധികവും. അയാൾ പറഞ്ഞു. ഇതാണ് നമ്മുടെ ഖൗമിന്റെ ഹാൽ. ഇന്നത്തെ രണ്ട് സൗദി ഫ്‌ളൈറ്റിലും മുഴുവൻ ഉംറക്കാരാണ്. ഗൾഫ് വഴിയും ബോംബെ വഴിയുമുള്ള ഫ്‌ളൈറ്റിലും അധികവും ഉംറക്കാർ തന്നെ. നമ്മുടെ വോട്ടാണല്ലോ ഇവർ കളയുന്നത്. ഇവർക്ക് ബുദ്ധിയില്ലേ, ഒരാഴ്ചയും കൂടി കഴിഞ്ഞ് വോട്ട് ചെയ്ത ശേഷം പോയാൽ പോരെ ഉംറക്ക്. ഞാൻ പറഞ്ഞു. മതി. ആദ്യം വോട്ട്, പിന്നെ മതി ഉംറ. ഇപ്പോൾ അതാണ് ശരി. മുസ്‌ലിംകളും മറ്റു ന്യൂനപക്ഷങ്ങളും നിലനിൽപിന്നായി നടത്തുന്ന ഒരു ജീവൽ മരണ പോരാട്ടമാണീ തിരഞ്ഞെടുപ്പ്. ഒരാളും വോട്ട് ചെയ്യാതിരിക്കരുത്. നമുക്ക് പറയാനല്ലേ കഴിയൂ. നമുക്ക് കൊതുകിന്റെ ചോരയെക്കുറിച്ച് ചർച്ച നടത്താം.  പിന്നെയും ഉംറ ചെയ്യാം. മറ്റെല്ലാം മറക്കാം. കഷ്ടം, സങ്കടം.

Latest News