Sorry, you need to enable JavaScript to visit this website.

നായക പദവിയിലേക്ക്, ബാദുഷ

പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ ബാദുഷ 'വിശുദ്ധ പുസ്തകം' എന്ന കുടുംബ ചിത്രത്തിലൂടെ നായകനായി ജനഹൃദയങ്ങളിലേക്കെത്തുന്നു.
പ്രകൃതി സൗന്ദര്യത്തിന്റെ കേളികൊട്ടുയരുന്ന പത്തനംതിട്ട ജില്ലയിലെ കോന്നിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിച്ച വിശുദ്ധ പുസ്തകം ഉടൻ തന്നെ തിയേറ്ററുകളിൽ എത്തും. 
രാജേഷ് കളിയിക്കലിനോടൊപ്പം മുൻ ജിദ്ദാ പ്രവാസി പ്രണവം ഉണ്ണികൃഷ്ണൻ, കലഞ്ഞൂർ ശശികുമാർ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം സാബു ഉസ്മാൻ നിർവഹിക്കുന്നു.
വാനിയപുരം ഗ്രാമത്തിലെ മദ്രസാധ്യാപകനായ ഹനീഫയുടെ (മാമുക്കോയ) മകനാണ് ബാദുഷ അവതരിപ്പിക്കുന്ന നജീബ്. മൂന്ന് സഹോദരിമാരുടെ കുഞ്ഞാങ്ങളയാണ് നജീബ്. ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ റിപ്പയർ ചെയ്യുകയും പുതിയ കണ്ടുപിടിത്തങ്ങൾ നടത്തുകയും ചെയ്യുന്ന നജീബ് നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്നു. സുഹൃത്തുക്കളായിരുന്നു അവന്റെ കരുത്ത്.  
നജീബിന്റെ ബാപ്പയുടെ അടുത്ത സുഹൃത്താണ് കുറുപ്പ് (ജനാർദനൻ). കുറുപ്പിന്റെ മകൾ ലക്ഷ്മി (ആലിയ) നജീബിന്റെ കളിക്കൂട്ടുകാരിയായിരുന്നു. കുറുപ്പ് ഇഷ്ടദാനം കൊടുത്ത സ്ഥലത്താണ് ഹനീഫയും കുടുംബവും താമസിക്കുന്നത്. അതുകൊണ്ടു തന്നെ ഒരു പ്രത്യേക താൽപര്യം കുറുപ്പിന്റെ കുടുംബത്തോട് ഹനീഫക്ക് ഉണ്ടായിരുന്നു. ഈ അടുപ്പം നജീബും ലക്ഷ്മിയും തമ്മിലുള്ള സ്‌നേഹബന്ധം വളരാൻ ഇടയാക്കി.
വാനിയപുരം ക്ഷേത്രത്തിലെ ഉത്സവം ഗ്രാമത്തിലെ എല്ലാ മത വിഭാഗങ്ങളും ഒരുപോലെ ആഘോഷിക്കും. ഒരു ഉത്സവ കാലത്ത് സമ്പന്നനായ അമീർ എന്ന യുവാവ് വാണിയപുരം ഗ്രാമത്തിലെത്തി. നജീബുമായി അമീർ പരിചയപ്പെടുന്നു. അമീറിന്റെ മനസ്സിലെ നന്മ മനസ്സിലാക്കിയ നജീബ് അമീറുമായി അടുക്കുന്നു. നജീബിന്റെ കുടുംബത്തിലെ ബുദ്ധിമുട്ടും രോഗിയായ സഹോദരിയുടെ അവസ്ഥയും മനസ്സിലാക്കിയ അമീർ, നജീബിനെ സഹായിക്കാൻ തയാറാകുന്നു. അമീറിനോടൊപ്പം നജീബ് ഒരു യാത്ര പോകുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങൾ തീവ്രതയോടെ ചിത്രീകരിക്കുകയാണ് വിശുദ്ധ പുസ്തകം.
സിനിമാ രംഗത്ത് തന്റെ രണ്ടാം കാൽവെപ്പ്. തികച്ചും മലയാളക്കരയിലെ കലാ ഹൃദയങ്ങളിൽ ആഴത്തിലിറങ്ങുന്ന നായക കഥാപാത്രമായി തിളങ്ങാൻ കഴിയുമെന്ന് നല്ല പ്രതീക്ഷയുള്ളതായി ബാദുഷ പറഞ്ഞു. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകൻ അപ്പൂസായി അഭിനയിച്ചതിനു ശേഷം പഠന കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകുമ്പോഴും അവസരങ്ങൾ തേടി എത്തുകയുണ്ടായി. എന്നാൽ മനസ്സിൽ തട്ടുന്ന ഒരു നായക കഥാപാത്രമായി വിശുദ്ധ പുസ്തകം എന്ന സിനിമക്കു വേണ്ടി ഇലക്ട്രോണിക്‌സ് രംഗത്തെ ബുദ്ധിജീവിയായ നജീബ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നതായി ബാദുഷ പറഞ്ഞു.
മനോജ് കെ.ജയൻ രാജാ സുബ്രമണ്യം എന്ന വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗ്രാമീണ സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ലക്ഷ്മി എന്ന നായികാ കഥാപാത്രമായി ആലിയ എന്ന പുതുമുഖ നടിയും വേഷമിടുന്നു.  -എം
 

Latest News