Sorry, you need to enable JavaScript to visit this website.

രാഹുലിന്റെ മധുരനൊമ്പരക്കാറ്റ് 

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ രണ്ടാം മണ്ഡലമായതോടെ കേരളത്തിലെ വയനാട് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. വയനാട്ടിലെ റോഡ് ഷോയിൽ കുറേ അധികം ഹരിത പതാകകളുയർന്നത് അമിത് ഷാജിയ്ക്ക് അത്രയ്ക്കങ്ങ് പിടിച്ചിട്ടില്ല. ഈ വയനാട് പാക്കിസ്ഥാനിലാണോ എന്നായി ചോദ്യം. വീണ്ടും ഭരണം ലഭിച്ചാൽ തിരിച്ചയക്കേണ്ട വിഭാഗങ്ങളുടെ ലിസ്റ്റും പുറത്തു വന്നു. ന്യൂനപക്ഷ വിഭാഗങ്ങളിൽ ഇളവ് ലഭിച്ചത് ബുദ്ധ മതക്കാർക്ക് മാത്രം. ബാക്കിയെല്ലാ കുടിയേറ്റക്കാർക്കും വേഗം പോകാം. ഈ പറഞ്ഞ വയനാട്  മൂപ്പരുടെ സ്വന്തക്കാരായ ജൈന വിഭാഗക്കാർ ഏറ്റവും കൂടുതലുള്ള ജില്ലയാണെന്നൊന്നും ആരും പറഞ്ഞു കൊടുക്കാതിരുന്നത് കഷ്ടമായി. താമരശ്ശേരി ചുരത്തിന് മുകളിൽ കഴിഞ്ഞ ദിവസം കർഷകരുടെ ഒരു മാർച്ച് നടത്തുകയുണ്ടായി. ഇടതു പക്ഷമാണ് സ്‌പോൺസേഴ്‌സ്. മോഡിജി കോഴിക്കോട്ട് വന്നിറങ്ങിയ ദിവസം ഒരു നല്ല ട്രീറ്റായിക്കോട്ടെയെന്ന് കരുതി ചെയ്തതാണ്. കൽപറ്റയിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ വരുന്ന വഴി ആസിയാൻ കരാർ ഒപ്പിടേണ്ട വല്ല കാര്യവും കോൺഗ്രസ് അധ്യക്ഷനുണ്ടായിരുന്നുവോ? ഇതു കൊണ്ടല്ലേ ധാരാളം കൃഷിക്കാർക്ക് ജീവനൊടുക്കേണ്ടി വന്നത്. ഇതേ സമയം രാഹുൽ അതിർത്തിയ്ക്കപ്പുറം തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ സി.പി.എം ഉൾപ്പെടെയുള്ള സ്ഥാനാർഥികൾക്കായി വോട്ട് തേടുകയായിരുന്നു. മധുരയിലും കോയമ്പത്തൂരിലുമാണ് സി.പി.എം സ്ഥാനാർഥികൾ കോൺഗ്രസ്-ഡി.എം.കെ മുന്നണിയിൽ മത്സരിക്കുന്നത്. രാഹുലിന്റെ പ്രസംഗം ഇന്ത്യാ ടുഡേ ടി.വി സംപ്രേഷണം ചെയ്യുകയുണ്ടായി. എത്ര മനോഹരമായ തമിഴ് തർജമ? തർജമക്കാരന്റെ ബോഡി ലാംഗ്വേജ് ആരിലും മതിപ്പുളവാക്കും. കേരളത്തിൽ ബൃന്ദ കാരാട്ടിന്റേയും വെങ്കയ്യ നായിഡുവിന്റേയും പ്രസംഗങ്ങൾ മലയാളമാക്കിയ മഹാന്മാർ ഇതൊന്ന് കണ്ടിരുന്നുവെങ്കിലെന്ന് കൊതിച്ചു പോയി. ഭരണത്തിലേറിയാൽ കാർഷിക ജനതയ്ക്ക് ചെയ്തു കൊടുക്കുന്ന കാര്യങ്ങൾ രാഹുൽ പ്രതിപാദിച്ചു. വാഗ്ദാനം ചെയ്ത 72,000 രൂപ വീട്ടിലെ മഹിളയുടെ അക്കൗണ്ടിലായിരിക്കും വരിക. സ്ത്രീകൾക്ക് നിയമ നിർമാണ സഭകളിലും തൊഴിൽ രംഗത്തും 33 ശതമാനം സംവരണമേർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറം ജില്ലയിലെ തിരുനാവായക്കടുത്തുള്ള ഗ്രാമത്തിലെ പ്രധാന വരുമാന മാർഗമാണ് താമര കൃഷി. പ്രദേശത്തെ മുസ്‌ലിം കർഷകരാണ് ഇത് പ്രധാന ക്ഷേത്രങ്ങളിലും മറ്റുമെത്തിക്കുന്നത്. കേരളത്തിൽ മോഡിജി, അമിത് ഷാജി പോലുള്ള പ്രമാണിമാരെത്തിയാൽ സമർപ്പിക്കാനും ഇവരുടെ പുഷ്പ ശേഖരം ഉപയോഗപ്പെടുത്തും. കേരളത്തിലെ ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ദിനപത്രങ്ങളിൽ ഇതു സംബന്ധിച്ച ഫീച്ചറുകൾ വന്നിരുന്നു. വയനാട് പാക്കിസ്ഥാനിലുൾപ്പെടുത്തിയ പുതിയ സാഹചര്യത്തിൽ മാധ്യമ പ്രവർത്തകൻ കെ.എ ഷാജി തിരുനാവായയിലെ താമര ടെലഗ്രാഫ് പത്രത്തിൽ സ്റ്റോറിയാക്കിയത് ശ്രദ്ധേയമായി. അടുത്തിടെയായി സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുള്ള തലക്കെട്ടുകൾ ടെലിഗ്രാഫിന്റേതാണ്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഇതിന്റെ ട്രോളാണ് ബഹുരസം -താളുകൾ മറിച്ചു നോക്കുമ്പോൾ ഹിന്ദു, മുസ്‌ലിം, പാക്കിസ്ഥാൻ എന്നല്ലാതെ മറ്റൊന്നും കാണാനില്ല. 

*** *** ***

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എന്ന സ്ഥാനത്തിന്റെ പ്രാധാന്യം ഏവരും മനസ്സിലാക്കിയത് ടി.എൻ ശേഷൻ ആ സ്ഥാനത്തെത്തിയപ്പോഴാണ്. രാജസ്ഥാൻ ഗവർണർ കല്യാൺ സിംഗ്, മോഡി വീണ്ടും ഭരണത്തിലേറേണ്ടതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞു. യോഗി ആദിത്യനാഥ് സൈന്യത്തെ മോഡി സേനയാക്കി.  അമിത് ഷായുടെ പ്രസംഗങ്ങൾ എല്ലാ അതിരുകളും ലംഘിക്കുന്നു. ഏറ്റവുമൊടുവിൽ കേന്ദ്ര മന്ത്രി മനേക ഗാന്ധി തനിക്ക് വോട്ട് നൽകിയില്ലെങ്കിൽ ജോലിയുണ്ടാവില്ലെന്നാണ് വിരട്ടിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാവർക്കും സാരോപദേശങ്ങൾ നൽകുന്നുണ്ട്. ഇങ്ങനെയൊക്കെ ചെയ്യാമോ, ഇനി ആവർത്തിക്കല്ലേ മക്കളേ... എന്ന സ്റ്റൈലിൽ. ഇത് നിരീക്ഷിച്ച് വിലയിരുത്തിയത് ഏഷ്യാനെറ്റിലെ കവർ സ്റ്റോറിയാണ്. എന്നാൽ കമ്മീഷൻ ഇടപെടുന്ന അപൂർവ സന്ദർഭങ്ങളുമുണ്ടായി. ഇനി കുറച്ചു കാലത്തേയ്ക്ക് 'നമോ ടി.വി' കാണേണ്ടെന്ന് പറഞ്ഞതും തെരഞ്ഞെടുപ്പ് കമ്മീഷനാണ്. 'നമോ ടി.വി' വോട്ടർമാരെ സ്വാധീനിക്കുമെന്ന് കമ്മീഷൻ നിരീക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗങ്ങളും തെരഞ്ഞെടുപ്പു റാലികളും സംപ്രേഷണം ചെയ്യാനായി ആരംഭിച്ചതാണ് 'നമോ ടി.വി'. പ്രമുഖ ഡി.ടി.എച്ച് ശൃംഖലകൾ വഴി കഴിഞ്ഞ 31 നാണ് നമോ ടി.വി സംപ്രേഷണം ആരംഭിച്ചത്. ട്വിറ്റർ അറിയിപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ചാനൽ സമർപ്പണം നിർവഹിച്ചത്. അനുമതിയില്ലാതെ ചാനൽ സംപ്രേഷണം തുടങ്ങിയത് പെരുമാറ്റച്ചട്ട ലംഘനമാണെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസും ആം ആദ്മി പാർട്ടിയും പരാതി നൽകിയിരുന്നു. അതിന് പുറമേ അതാ വരുന്നു അടുത്ത പ്രഹരം. 'പി.എം നരേന്ദ്ര മോഡി' എന്ന സിനിമ ഇപ്പോൾ പ്രദർശിപ്പിക്കേണ്ടതില്ലെന്നാണ് ഉത്തരവ്. ബോളിവുഡ് താരങ്ങളുടെ പിന്തുണ ഈ ചിത്രത്തിന് ലഭിച്ചില്ലെന്ന് മോഡിയെ അവതരിപ്പിച്ച വിവേക് ഒബ്‌റോയ്  കുറ്റപ്പെടുത്തി. ബോളിവുഡിൽ ഐക്യമില്ലെന്നാണ് തന്റെ അനുഭവത്തിൽ നിന്നും മനസിലാകുന്നത്. പത്മാവതിനെതിരെയും സഞ്ജയ് ലീല ബൻസാലിയ്‌ക്കെതിരെയും ആക്രമണം ഉണ്ടായപ്പോൾ ബോളിവുഡ് ഒറ്റക്കെട്ടായി അതിനെ പ്രതിരോധിച്ചു. മൈ നൈം ഈസ് ഖാൻ എന്ന സിനിമ പ്രതിസന്ധി നേരിട്ട വേളയിലും എല്ലാവരും സിനിമയ്ക്ക് വേണ്ടി സംസാരിച്ചു. 'ഒരു വാക്കുപോലും ആരും പറഞ്ഞില്ല. ഒരു ട്വീറ്റ് പോലും ചെയ്തില്ല. ഇത് ശരിയായ സമീപനമല്ല. ഇത് ഇരട്ടത്താപ്പാണ്' -ഒബ്‌റോയ് വ്യക്തമാക്കി. 

*** *** ***

അതിക്രമിച്ച് യു.എസ് അതിർത്തി കടക്കുന്നതിനിടെ പിടിക്കപ്പെട്ട അമ്മയെ  സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത് കണ്ട് ഭയന്നു വിറച്ച് കരഞ്ഞ യനേലയെ അത്ര പെട്ടന്നൊന്നും ആരും മറക്കില്ല. ഹോണ്ടുറാസ് പൗരനായ ഡെനീസ് ഹെവിക് വരേലയുടെയും സാന്ദ്ര സാഞ്ചസിന്റേയും മകളാണ് യനേല. 
ജോൺ മൂർ പകർത്തിയ യനേലയുടെ ചിത്രം ലോക പ്രസ് ഫോട്ടോ പുരസ്‌കാരത്തിന് അർഹമായിരിക്കുകയാണിപ്പോൾ. ലോകത്താകമാനമുള്ള 4738 ഫോട്ടോഗ്രാഫർമാരുടെ 78,801 ചിത്രങ്ങളിൽ നിന്നാണ് പുരസ്‌കാരാർഹമായ ചിത്രം തെരഞ്ഞെടുത്തത്. കഴിഞ്ഞ വർഷം ജൂൺ 12 നാണ് യു.എസ്-മെക്‌സിക്കോ അതിർത്തിയിൽ നിന്ന് യനേലയെയും അമ്മയെയും സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടിയാണ് ഹോണ്ടുറാസിൽ നിന്ന് ഇവർ അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ചത്. 
അമ്മയെ യു.എസ് സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത് കണ്ട കുഞ്ഞു യനേല സുരക്ഷാ ഉദ്യോഗസ്ഥരുടെ മുഖത്ത് നോക്കി പേടിച്ച് കരയാൻ തുടങ്ങി. ഈ ചിത്രമാണ് മൂർ ക്യാമറയിൽ പകർത്തിയത്. യനേലയെ കൂടാതെ മൂന്നു മക്കൾ കൂടി ഡെനീസിനും സാന്ദ്രക്കുമുണ്ട്. പുലിറ്റ്‌സർ പുരസ്‌കാര ജേതാവായ മൂർ വർഷങ്ങളായി യു.എസ്-മെക്‌സിക്കൻ അതിർത്തിയിൽ കുടിയേറ്റക്കാരുടെ ചിത്രം പകർത്തി വരികയാണ്. ലോക വ്യാപകമായി ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു ഇത്.

*** *** ***

മാതൃഭൂമി ന്യൂസ് കഴിഞ്ഞ ദിവസം മണിക്കൂറുകൾ നീണ്ട തെരഞ്ഞെടുപ്പ് പ്രവചനം സംപ്രേഷണം ചെയ്തു. ബി.ജെ.പിയ്ക്ക് തലസ്ഥാന സീറ്റ് നൽകിയെന്നതാണ് ഇതിന്റെ ഹൈലൈറ്റ്. തെരഞ്ഞെടുപ്പു ഫലം വന്ന പ്രതീതിയുണർത്തിയാണ് കോട്ടിട്ട പാനലിസ്റ്റുകൾ പാർട്ടി പ്രതിനിധികളെ ചോദ്യം ചെയ്തത്. ഇതിന്റെ ഫലം തൊട്ടടുത്ത ദിവസം പ്രകടമായി. ഏപ്രിൽ 11 രാവിലെ ഏഴു മുതൽ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോളുകൾ പ്രസിദ്ധീകരിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങൾ മുഖേനയോ, മറ്റേതെങ്കിലും വിധത്തിലോ ഉള്ള എക്‌സിറ്റ് പോളുകളാണ് വിലക്കിയത്. മെയ് 19 ന് വൈകിട്ട് 6.30 വരെയാണ് വിലക്ക് നിലവിലുണ്ടാകുക. 

*** *** ***

നിറപറയ്‌ക്കെതിരെ നടപടിയെടുത്തും തോമസ് ചാണ്ടിയെ വിറപ്പിച്ചുമെല്ലാം സോഷ്യൽ മീഡിയയിൽ താരമായി മാറിയ കലക്ടറാണ് ടി.വി അനുപമ ഐ.എ.എസ്. ഈ തെരഞ്ഞെടുപ്പ് കാലത്തും തൃശൂർ കലക്ടറായ അനുപമ വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്. തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥിയായ സുരേഷ് ഗോപി പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിന് നോട്ടീസ് അയച്ചതോടെ കലക്ടർക്കെതിരെ സൈബർ ആക്രമണം അഴിച്ചു വിട്ടിരിക്കുകയാണ് സംഘ്പരിവാറുകാർ. വഴി മാറി ആക്രമണം നടി അനുപമ പരമേശ്വരന് നേർക്കായിരിക്കുകയാണ്. അയ്യപ്പന്റെ പേരിൽ വോട്ട് പിടിച്ചതിനാണ് സുരേഷ് ഗോപിക്ക് ടി.വി അനുപമ നോട്ടീസ് അയച്ചത്. ഇതോടെ ബി.ജെ.പി അനുപമയ്ക്ക് എതിരെ തിരിഞ്ഞു. അനുപമയുടെ ഫേസ്ബുക്ക് പേജിൽ സംഘ്പരിവാറുകാർ തെറിവിളിയും അധിക്ഷേപ കമന്റുകളുമിടാൻ തുടങ്ങി. 
അതിനിടെ അനുപമ ക്രിസ്ത്യാനിയാണ് എന്ന് പറഞ്ഞ് കൊണ്ടുളള പ്രചാരണങ്ങളുമുണ്ടായി. അനുപമയെ പിന്തുണച്ചും നിരവധി പേർ പ്രതികരിക്കുന്നുണ്ട്. അതിനിടയിലാണ് മറ്റൊരു ട്വിസ്റ്റ്. ഹിറ്റ് ചിത്രമായ പ്രേമത്തിലെ മേരിയായി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടി അനുപമ പരമേശ്വരന്റെ ഫേസ്ബുക്ക് പേജിലുമുണ്ട് ശരണം വിളി. കലക്ടർ അനുപമയ്ക്ക് പകരമാണ് അതേ പേരുളള നടിക്ക് നേരെയുളള സൈബർ ആക്രമണം. തെറി വിളിക്കുന്നതിന് മുമ്പ് ടാർഗറ്റ് തിരിച്ചറിയുകയെങ്കിലും വേണ്ടേ? 
 

Latest News