Sorry, you need to enable JavaScript to visit this website.

ഓർമകളിലെ ഓലക്കൊട്ടക

ഒരു തലമുറയുടെ ഓർമകളിൽ ഗൃഹാതുരത്വമുണർത്തുന്ന പദമാണ് ഓലക്കൊട്ടക. നാട്ടിൻപുറത്തെ ഓലമേഞ്ഞ സിനിമാ തിയേറ്ററാണ് ഓലക്കൊട്ടക എന്നറിയപ്പെടുന്നത്. ഇടവേളയ്ക്ക് തൊട്ടു മുമ്പ് പുറത്ത് ബെല്ലടിക്കും. ടാക്കീസിലെ ജീവനക്കാർക്ക് ഉഷാറായിരിക്കാനുള്ള സൂചനയാണത്. അകത്ത് വാതിലുകൾക്ക് മുകളിൽ ചുവന്ന എക്‌സിറ്റ് എന്നെഴുതിയത് തെളിയും. ഒപ്പം ഹാളിലെ വെളിച്ചം തെളിയുകയും സംഗീതം അലയടിച്ച് തുടങ്ങുകയും ചെയ്യും. കടല, മിട്ടായി, മുറുക്ക് വിൽപ്പന കൊട്ടകയ്ക്കകത്ത് അപ്പോൾ തകൃതിയായിരിക്കും. 

കോൺക്രീറ്റ് കെട്ടിടങ്ങളിൽ അടിമുടി ആഡംബരപൂർണമായി അലങ്കരിച്ച ആധുനിക എ. സി സിനിമാ തിയേറ്റർ എന്ന യാഥാർഥ്യവുമായി പൊരുത്തപ്പെട്ടുപോയ പുത്തൻ തലമുറയ്ക്ക് ഓലക്കൊട്ടക എന്നത് അതി വിചിത്രമായ ഒന്നായി തോന്നാം. അവർക്ക് പേരിനെങ്കിലും കാണിച്ചു കൊടുക്കാൻ കഴിയാത്ത വിധം ഓലക്കൊട്ടകകൾ ഇന്ന് കല്യാണ മണ്ഡപങ്ങളോ മാളുകളോ വലിയ തിയേറ്റർ കോംപ്ലക്‌സുകളോ ഒക്കെയായി മാറി എന്നത് ഖേദകരമാണ്.
എന്നാൽ ഒരു കാലത്ത് അക്ഷരാർഥത്തിൽ നാട്ടുമ്പുറത്തിന്റെ നാഡീസ്പന്ദനമായിരുന്നു ഓലക്കൊട്ടക. അവിടെ വന്ന് ഒരു സിനിമയെങ്കിലും കാണാ ത്തവർ അന്ന് നാട്ടിലുണ്ടാവില്ല. ആഴ്ച തോറും മാറുന്ന സിനിമകൾ കാണുക എന്നത് അന്ന് നാട്ടുകാരുടെ സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗമായിരുന്നു. അങ്ങനെ നോക്കുമ്പോൾ സിനിമയെ ജനകീയവൽക്കരിക്കുന്നതിൽ നാട്ടുമ്പുറത്തെ ഈ ഓലക്കൊട്ടകയ്ക്കുള്ള പങ്ക് വളരെ വലുതാണ്.  
നഗരങ്ങളിലേയും പട്ടണങ്ങളിലേയും തിയേറ്ററുകളിൽ നിന്നും പിൻവാ ങ്ങിയ ശേഷമാണ് സിനിമകൾ പൊതുവെ ഓലക്കൊട്ടകയിൽ എത്തുക. സി ക്ലാസ് തിയേറ്റർ എന്നാണ് ഓലക്കൊട്ടകയെ സിനിമാക്കാർ വർഗീകരണം നട ത്തി കളിയാക്കി വിളിച്ചിരുന്നത്. അതേസമയം പല സിനിമകളും വലിയ കള ക്ഷൻ റെക്കോർഡുകൾ ഉണ്ടാക്കിയത് ഈ ഓലക്കൊട്ടകയിലൂടെയാണ്. പ്ര ത്യേകിച്ചും വടക്കൻപാട്ട് സിനിമകളും പുരാണ സിനിമകളും മറ്റും.
വെള്ളിയാഴ്ചകളിലാണ് ഓലക്കൊട്ടകയിലും പുതിയ സിനിമകൾ പ്രദർ ശനത്തിനെത്തുക. അത് ഒരു ഉത്സവം പോലുള്ള അനുഭവമായിരുന്നു ഗ്രാമീ ണർക്ക്. സിനിമകൾ മാറുന്ന അറിയിപ്പ് നാട്ടുമ്പുറത്തിന്റെ സ്വതസ്സിദ്ധമായ നി ശബ്ദതയിലേക്ക് ആഘോഷമായിട്ടാണ് കടന്നു വരിക. വാടക ജീപ്പിന്റെയോ അംബാസഡർ കാറിന്റെയോ മുകളിൽ വലിയ 'കാളൻ മൈക്ക്' (ഉച്ചഭാഷിണി) കെട്ടി അതിലൂടെ വരുന്ന കാതടപ്പിക്കുന്ന അനൗൺസ്‌മെന്റാണ് ആ ചടങ്ങിലെ പ്രധാന ഇനം. മിക്കപ്പോഴുമത് പ്രഭാതത്തിന്റെയും ഉച്ചയുടേയും ഇടയിലുള്ള സമയത്താണ് ഉണ്ടാവുക. ഇന്ന് വെള്ളിയാഴ്ചയാണല്ലൊ എന്ന് ഗ്രാമീണരിൽ പലരും ഓർക്കുന്നത് അപ്പൊഴായിരിക്കും.


മുഴങ്ങുന്ന ശബ്ദവും, വാക്കുകളെ ഇടതടവില്ലാതെ മാലപോലെ കോർ ത്ത് കേൾവിക്കാരെ വിസ്മയിപ്പിക്കും വിധം അവതരിപ്പിക്കാൻ ശേഷിയുമുള്ള ആളാണ് അന്ന് അറിയിപ്പുമായി നാട്ടിലെ മുക്കിലും മൂലയിലും വാഹനത്തിൽ സഞ്ചരിക്കുക. വാഹനത്തിന് റോഡുവഴി എത്തിപ്പെടാൻ കഴിയാത്ത സ്ഥലമു ണ്ടെങ്കിൽ അതിനടുത്ത് എവിടെയെങ്കിലും വാഹനം നിർത്തി, പുറത്തിറങ്ങി, കവല പ്രസംഗകന്റെ ഭാവാദികളോടെ അന്നത്തെ സിനിമയെ കുറിച്ച് അയാ ൾ വലിയ ഗീർവാണങ്ങൾ മൈക്കിലൂടെ കാച്ചിക്കളയും. അതെന്തായാലും അ യാളുടെ മാസ്മരിക ശബ്ദത്തിലുളള വാഗ്‌ധോരണിയിൽ ആകൃഷ്ടരായി ആ ളുകൾ ആവേശപൂർവം കുടുംബസമേതം കൊട്ടകയിലേക്ക് കൂട്ടമായി ഒഴുകിയെത്തി. അനൗൺസ്‌മെന്റ് നടത്തുന്നവരുടെ വാചകകസർത്തിന്റെ ഒരു ചെറി യ സാമ്പിളിതാ-
...പാറപ്രം സന്തോഷ് ടാക്കിസിന്റെ വെള്ളിത്തിരയിൽ ഇന്ന് മാറ്റിനിയോടു കൂടി പ്രദർശനം ആരംഭിക്കുന്നു, കൂട്ടുകുടംബം. മനസ് വിങ്ങാതെ, നെഞ്ചു പൊട്ടാതെ, കണ്ണുകൾ നിറയാതെ കാണാനാവത്ത ചിത്രം, കൂട്ടുകു ടുംബം. മലയാള സിനിമയിലെ മിന്നുന്ന താരങ്ങളായ സത്യനും പ്രേംനസീറും ഷീലയും ശാരദയും ഒന്നിച്ചഭിനയിച്ച അനശ്വര ചിത്രം, കൂട്ടുകുടുംബം. തോപ്പിൽഭാസിയുടെ തൂലികത്തുമ്പിൽ നിന്നും പിറന്നു വീണ കണ്ണീരിൽ ചാലിച്ച കദനകഥ, കൂട്ടുകുടുംബം. സംവിധാന മാന്ത്രികൻ കെ. എസ്.സേതുമാ ധവൻ അണിയിച്ചൊരുക്കിയ അത്ഭുത ചിത്രം, കൂട്ടുകുടുംബം. പ്രിയമുള്ള നാട്ടുകാരെ, നിങ്ങളേവരും കൂട്ടുകുടുംബം കാണാൻ കുടുംബസമേതം എത്തണ മെന്ന് വിനീതമായ അഭ്യർഥിക്കുന്നു.
(ഈ അനൗൺസ്‌മെന്റ് നടത്തുന്നതിനിടയിൽ ചിത്രത്തിലെ ഗാനങ്ങൾ പുട്ടിന് പീരയിടുന്നതുപോലെ റെക്കോർഡ് പ്ലെയറിൽ നിന്നും പുറത്തേക്കൊ ഴുകുന്നുണ്ടാവും. കൂട്ടുകുടുംബം സിനിമയിലെ പരശുരാമൻ മഴുവെറിഞ്ഞ/ത ങ്കഭസ്‌കമ കുറിയിട്ട തമ്പുരാട്ടി/ഇന്ദ്രനീല യവനിക ഞൊറിഞ്ഞു എന്നീ ഗാന ങ്ങൾ ഇങ്ങനെ കേൾപ്പിച്ചു കൊണ്ട് അയാൾ നാട്ടുകാരുടെ മനസിൽ ആവേശ മുണർത്തും) 
അതിനിടയിലാണ് അയാളും വാഹനത്തിന്റെ ഡ്രൈവറും സിനിമാ നോ ട്ടീസുകൾ വിതരണം ചെയ്യുക. ചുകപ്പും പച്ചയും മഞ്ഞയും വെള്ളയും വർ ണങ്ങളിലുള്ള നോട്ടീസുകളിൽ സിനിമയെ കുറിച്ചുള്ള ലഘുവിവരണങ്ങൾ ഉണ്ടാകും. നടീനടൻമാരുടെ ചിത്രങ്ങളുണ്ടാകും. സംവിധായകൻ, നിർമാതാവ്, സിനിമയുടെ ബാനർ, കഥ-തിരക്കഥ-സംഭാഷണം രചിച്ചവർ, ഗാനരചയിതാ വ്, സംഗീത സംവിധായകൻ എന്നിവരുടെ പേരുകളുമുണ്ടാവും. അനൗൺസ് മെന്റ് വാഹനത്തിന് പിന്നാലെ പാഞ്ഞ് ആ നോട്ടീസുകൾ പെറുക്കുന്ന കുട്ടി കളുടെ കൂട്ടം വെള്ളിയാഴ്ചകളിൽ നാട്ടുമ്പുറത്തെ ഒരു പ്രധാന കാഴ്ചയായി രുന്നു.
തലേദിവസം തന്നെ പുതിയ സിനിമയുടെ പോസ്റ്ററുകൾ നാട്ടിലെ പ്ര ധാന ഇടങ്ങളിലൊക്കെ സ്ഥാനം പിടിച്ചിരിക്കും. ചൂടുവെള്ളത്തിൽ മൈദ ക ലക്കിയാണ് പോസ്റ്റർ ഒട്ടിക്കാനുള്ള പശ ഉണ്ടാക്കിയിരുന്നത്. വലിയ പോസ്റ്റ റുകൾ ഒട്ടിക്കുന്നതു കാണുക രസകരമാണ്. ഇടത്തരം പോസ്റ്റർ കഷണങ്ങൾ പ്രത്യേകരീതിയിൽ ചേർത്ത്‌വച്ച് അതിശയിപ്പിക്കുന്ന മട്ടിലാണ് വലിയ പോ സ്റ്ററുകളാക്കി മാറ്റുക. പോസ്റ്റർ ഒട്ടിക്കുന്നവന്റെ കലാപരമായ കഴിവിൽ അറി യാതെ നാം അസൂയപ്പെട്ടു പോകും. അതിനു മുകളിലായി അയാൾ തിയ്യറ്ററി ന്റെ പേരും കളി സമയവും അറിയിക്കുന്ന സ്ലിപ്പ് ഒട്ടിക്കും. 
ഓലക്കൊട്ടകകളിൽ മോണിംഗ്‌ഷോ, നൂൺഷോ എന്നിവ സാധാരണ ഉ ണ്ടാകാറില്ല
(പക്ഷെ, ചില ഹിറ്റ്‌സിനിമകൾ പ്രത്യേക അറിയിപ്പോടെ ഞായറാഴ്ച മാത്രം മോണിംഗ്‌ഷോ ആയി കളിക്കാറുമുണ്ട്. അപൂർവമായി സംസ്ഥാന സർക്കാർ ടാക്‌സ്ഫ്രീ ആക്കിയ പടങ്ങൾ, കുട്ടികൾക്കുള്ള സിനിമകൾ എന്നി വ അടുത്തുള്ള സ്‌കൂളുകളിലെ വിദ്യാർഥികൾക്കായി ഈ സമയങ്ങളിൽ പ്ര ദർശിപ്പിക്കാറുണ്ട്.) 


മാറ്റിനിയോട് കൂടിയാണ് ഓലക്കൊട്ടകയിൽ ഒരു ദിവസത്തെ സിനിമാ പ്രദർശനം ആരംഭിക്കുക. 3.30 ആണ് സിനിമ തുടങ്ങാനുള്ള സമയം. എങ്കി ലും 2.45 ഓടെ തന്നെ, കൊട്ടകയുടെ മുകൾ ഭാഗത്ത് ഉയർത്തിക്കെട്ടിയ വലി യ ഉച്ചഭാഷിണിയിലൂടെ സിനിമാ പാട്ടുകൾ കേട്ടു തുടങ്ങും. നാടു മുഴുവൻ കേൾക്കാൻ പാകത്തിൽ ഉച്ചത്തിലായിരിക്കും അതിന്റെ ശബ്ദം ക്രമീകരിച്ചി രിക്കുക. ഈ ഗാനമേള എല്ലാ ദിവസവും സൗജന്യമായി നാട്ടുകാർക്ക് കേൾ ക്കാം. ആകാശവാണി കഴിഞ്ഞാൽ സിനിമാ പാട്ടുകൾക്ക് പ്രചുരപ്രാചാരം ഉ ണ്ടാക്കുന്നതിൽ നാട്ടുമ്പുറത്തെ ഓലക്കൊട്ടകകൾ പ്രധാന പങ്കുവഹിച്ചിട്ടുണ്ട് എന്നതും ഓർക്കേണ്ട കാര്യമാണ്(അതേസമയം തീയ്യറ്ററിനടുത്ത് വീടുള്ളവർ ചെവിയിൽ പഞ്ഞി തിരുകി ഇരിക്കേണ്ടി വരും എന്നുമാത്രം) 
ഉച്ചമയക്കത്തിൽ നിന്ന് ഗ്രാമം ഉണരുന്നത് ആ പാട്ടോട് കൂടിയായിരി ക്കും. മിക്കവാറും യേശുദാസിന്റെയോ പി.ലീലയുടെയോ ഭക്തി ഗാനത്തോ ടെയാവും തുടക്കം. പിന്നെ പല പല സിനിമകളിലെ ഇമ്പമാർന്ന ഗാനങ്ങൾ കേൾക്കാം. റെക്കോർഡ് പ്ലെയറിൽ നിന്നുള്ള ആ ഗാനങ്ങൾ ആരംഭിക്കുന്ന തോടെ തീയറ്ററിനടുത്തുള്ള ചെറിയ പെട്ടികടകൾ, ശീതളപാനിയ വിൽപ്പന ശാലകൾ, ചായക്കട, കടലവിൽപ്പനക്കാർ തുടങ്ങിയവരൊക്കെ സജീവമാകും. 
മൂന്നു മണിയോടെ തീയറ്ററിന് പുറത്തെ ചുമരിന്റെ മുകളിൽ ഉറപ്പിച്ച വ ലിയ ഇലക്ട്രിക്ക് ബെൽ അത്യുച്ചത്തിൽ കുറേ നേരം മുഴങ്ങും. അതിന് മു മ്പേ തന്നെ ടിക്കറ്റ് കൗണ്ടറുകൾക്ക് മുന്നിൽ കാണികളുടെ ക്യൂ രൂപപ്പെട്ടിരി ക്കും. നല്ല സിനിമകളാണെങ്കിൽ ക്യൂവിന്റെ നീളം കൂടുകയും തീയറ്ററിലെ തി രക്ക് വർദ്ധിക്കുകയും ചെയ്യും. പുറത്തു നിന്നും പെട്ടെന്ന് കയറി വന്ന് ക്യൂവി ൽ ഇടിച്ചു കയറാൻ ചിലർ നോക്കും. ക്യൂവിൽ നിൽക്കാതെ ചുളുവിൽ ഇടു ങ്ങിയ കൗണ്ടറിൽ കൈയ്യിട്ട് ടിക്കറ്റ് എടുക്കാൻ ചില വിരുതർ ശ്രമിക്കും. അ ത് വാക്കു തർക്കങ്ങൾക്കും അടിപിടിക്കും വഴിവെക്കും.
ടിക്കറ്റ് എടുത്തു കഴിഞ്ഞാൽ അതിലെ നിരക്ക് എഴുതിയിരിക്കുന്ന വാ തിലിനടുത്തേക്ക് പോകണം. അവിടെ നിൽക്കുന്ന ജീവനക്കാരൻ അത് കീറി പകുതി നമുക്കു തന്നിട്ടേ അകത്തേക്ക് കടത്തി വിടൂ. ഏത് ചൂടുകാലത്തും ഓലക്കൊട്ടകയുടെ അകത്തെ അന്തരീക്ഷം സുഖശീതളമായിരിക്കും. ഫാനു കൾ അന്ന് വലിയ ആഡംബരമായിരുന്നു. കാണികൾക്കിരിക്കാൻ ബാൽക്കണിയോ ബോക്‌സോ കിംഗ്‌സർക്കിളോ ഒന്നും ഉണ്ടായിരുന്നില്ല. 
തിയേറ്ററിന്റെ ഏറ്റവും മുന്നിലായി തറ ടിക്കറ്റുകാർ ഇരിക്കും
(ഇവരുടേതാണ് ഏറ്റവും കുറഞ്ഞ ചാർജ്. അവർക്ക് ഇരിപ്പിടമില്ല. വെറും പൂഴിയിൽ വേണം ഇരിക്കാൻ. സ്‌ക്രീനിന് തൊട്ടു മുന്നിലായതിനാൽ തല വല്ലാതെ പിന്നോട്ട് ഉയർത്തിപ്പി ടിച്ചാലേ സിനിമ കാണാനൊക്കൂ. കുറേ നേരം അങ്ങനെ ഇരിക്കുമ്പോൾ കഴു ത്ത് കുഴയാൻ തുടങ്ങും).
അവർക്ക് പിന്നിലായാണ് ബെഞ്ച് ടിക്കറ്റ്കാർ ഇരി ക്കുക. അവരുടെ ടിക്കറ്റ് നിരക്ക് അൽപം കൂടും. അതു കഴിഞ്ഞ് സാധാരണ കസേരകൾ ഇട്ടിരിക്കും. അതിനും പിന്നിലാണ് കുഷനിട്ട കസേരകൾ ഒരുക്കിയിരിക്കുക. ഇവിടെ ഇരിക്കുന്നവരുടേതാണ് അന്നത്തെ ഉയർന്ന ടിക്കറ്റ് നിര ക്ക്. ഫാനുകൾ അവർക്കായി മാത്രം സംവരണം ചെയ്യപ്പെട്ടതാണ്. നാട്ടിലെ നല്ല സാമ്പത്തിക ശേഷിയുള്ളവർ, ഉദ്യോഗസ്ഥർ, സ്ഥലം പൊലീസുകാർ തു ടങ്ങിയവരാണ് ഇവിടെ ഇരിക്കാൻ ഭാഗ്യമുള്ളവർ.
മിനുക്കിയ വലിയ തേക്കിൻ തൂണുകളാണ് അന്ന് തീയറ്ററിന്റെ മേൽക്കൂ ര താങ്ങി നിർത്തിയിരുന്നത്. കാണികൾ ഇരിക്കുന്നതിനിടയിലാണ് അവ നാ ട്ടിയിരിക്കുക. സിനിമയുടെ സുഗമമായ കാഴ്ചയെ ചിലപ്പൊഴെങ്കിലും അവ മ റയ്ക്കുകയും നമ്മേ വല്ലാതെ അസ്വസ്ഥരാക്കുകയും ചെയ്യും. തേക്കിന്റെ നേ ർത്ത തടികളും മുളയും കവുങ്ങിൻ വാരികളും കൊണ്ടാണ് മേൽക്കൂര കെട്ടിയുറപ്പിക്കുക. അതിന് മുകളിൽ ഓല മേയും. മാറ്റിനി കാണാൻ കയറുമ്പോൾ പലപ്പോഴും ഓലക്കീറുകൾക്കിടയിലൂടെ സൂര്യവെളിച്ചം അസ്ത്രം പോലെ കൊട്ടകയ്ക്കകത്തെ നേർത്ത ഇരുട്ടിലേക്ക് വീഴുന്നതും അതിനകത്ത് പൊടി പടലങ്ങൾ ചുറ്റിത്തിരിയുന്നതും കാണാം. മുന്നിലിരിക്കുന്ന ആളുടെ തല, നമ്മുടെ കാഴ്ചയെ തടസ്സപ്പെടുത്തും എന്നതാണ് അന്ന് ഓലക്കൊട്ടകയിൽ അ നുഭവിച്ച ഒരു പ്രധാന പ്രയാസം. അയാൾക്ക് അൽപം നീളക്കൂടുതൽ ഉണ്ടെ ങ്കിൽ പിന്നെ പറയുകയും വേണ്ട. അയാളെ ശ്രദ്ധിച്ച് ഇടത്തോട്ടോ വലത്തോ ട്ടോ തല വെട്ടിച്ചും നീട്ടിയും വേണം നമുക്ക് സിനിമ കാണാൻ. അത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ചിലപ്പോൾ നാം അങ്ങനെ ചെയ്യുമ്പോൾ പിന്നിലു ള്ള ആളുടെ കാഴ്ച മറയുകയും അയാൾ ചീത്ത വിളിക്കുകയും ചെയ്തു എന്നുവരാം. 
തിയേറ്ററിന്റെ ഏറ്റവും പിന്നിലെ ചുവരിൽ രണ്ടോ മൂന്നോ ഇടത്തരം ച തുര ഹോളുകളുണ്ടാകും. അതിലൂടെയാണ് പ്രൊജക്ടർ റൂമിൽ നിന്നും മു ന്നിലെ വലിയ വെളുത്ത സ്‌ക്രീനിലേക്ക് വെളിച്ചത്തിന്റെ അകമ്പടിയോടെ  സിനിമ ഊർന്നു വീഴുക. രസകരമായ കാര്യം പിന്നിലിരിക്കുന്ന കാണികളി ലാരെങ്കിലും അതിന് നേർക്ക് കൈ ഉയർത്തിയാൽ, കൈയ്യുടെ നിഴൽ അതേ പടി സ്‌ക്രീനിൽ വന്നുവീഴും എന്നതാണ്. അത്രയും ഉയരം കുറഞ്ഞതായിരുന്നു അന്നത്തെ പല ഓലക്കൊട്ടകയുടെ കെട്ടും മട്ടും.
    പരസ്യങ്ങൾ സ്‌ക്രീനിൽ തെളിയാൻ തുടങ്ങുമ്പോൾ തീയറ്ററിനകത്തെ റ്റിയൂബ് ലൈറ്റുകളെല്ലാം അണയും. ഹാളിന് ഒത്ത നടുവിലായുള്ള ഒരു വലിയ ബൾബ് മാത്രമായിരിക്കും അണയാതെ ബാക്കിയുണ്ടാവുക. ഇടയ്ക്ക് പുകവലി പാടില്ല എന്ന് എഴുതി കാണിക്കും(പുകവലിക്കുന്നവർ കീശയിലിരിക്കുന്ന സിഗരറ്റ്-ബീഡി എന്നിവയെ കുറിച്ച് അന്നേരമാണ് ഓർക്കുക. ഉടനെ എടുത്ത് വലിക്കാൻ തുടങ്ങും. മഫ്ടിയിൽ എത്തിയ പൊലീസ് കയ്യോടെ അവരെ പൊക്കുന്നതും കാണാം)
പരസ്യങ്ങൾ അവസാനിക്കുന്നതോടെ ആ ബൾബ് പതുക്കെ വെളിച്ചം കുറഞ്ഞ് പിന്നെ ന്യൂസ് റീൽ ആരംഭിക്കുന്നതോടെ പൂർ ണമായും അണയും. അപ്പൊഴേക്കും പ്രധാന വാതിലുകളുടെ മുകളിലെ ചുവ ന്ന വെളിച്ചത്തിലുള്ള എക്‌സിറ്റ് എന്നെഴുതിയത് അപ്രത്യക്ഷമാകും. അതോ ടെ സിനിമ ആരംഭിക്കുകയായി. 
ഇടവേളയ്ക്ക് തൊട്ടു മുമ്പ് പുറത്ത് ബെല്ലടിക്കും. ടാക്കീസിലെ ജീവനക്കാർക്ക് ഉഷാറായിരിക്കാനുള്ള സൂചനയാണത്. അകത്ത് വാതിലുകൾക്ക് മുകളിൽ ചുവന്ന എക്‌സിറ്റ് എന്നെഴുതിയത് തെളിയും. ഒപ്പം ഹാളിലെ വെളിച്ചം തെളിയുകയും സംഗീതം അലയടിച്ച് തുടങ്ങുകയും ചെയ്യും. കടല, മുട്ടായി, മുറുക്ക് വിൽപ്പന കൊട്ടകയ്ക്കകത്ത് അപ്പോൾ തകൃതിയായിരിക്കും. അൽപം കഴിഞ്ഞാൽ വീണ്ടും വെളിച്ചം മങ്ങുകയും ഏതാനും പരസ്യങ്ങൾ കാണിക്കുകയും ചെയ്യും. പിന്നെ സിനിമ തുടരും. 
ആ സിനിമ കഴിഞ്ഞാൽ 6.30ന് ഫസ്റ്റ് ഷോ തുടങ്ങും. തുടർന്ന് 9.00ന് സെക്കന്റ് ഷോയും. ആ ഷോ കഴിഞ്ഞാൽ തീയറ്റർ ജോലിക്കാർ അവരവരുടെ വീടുകളിലേക്ക് യാത്രയാകും. അത് അവ രുടെ ഒരു ദിവസത്തിന്റെ അവസാനമാണ്. അതോടെ തിയേറ്റർ ഉറങ്ങാൻ തുടങ്ങും. ഒപ്പം നാടുറങ്ങുകയായി. അടുത്ത പ്രഭാതത്തിൽ വീണ്ടും ഉണരാനായി. 


    

Latest News