Sorry, you need to enable JavaScript to visit this website.

സൗദിയിൽ നിക്ഷേപകർക്ക് ഏകജാലക സംവിധാനം ഉടൻ  പ്രാബല്യത്തിൽവരും -ഡോ.മാജിദ് അൽഖസബി

വാണിജ്യ, നിക്ഷേപ മന്ത്രിയും ആക്ടിംഗ് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രിയുമായ ഡോ.മാജിദ് അൽഖസബി മക്ക ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുന്നു.

മക്ക- നിക്ഷേപകർക്കുള്ള ഏകജാലക സംവിധാനം ദിവസങ്ങൾക്കുള്ളിൽ നിലവിൽ വരുമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രിയും ആക്ടിംഗ് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രിയുമായ ഡോ.മാജിദ് അൽഖസബി വെളിപ്പെടുത്തി. മക്ക ഇക്കണോമിക് ഫോറത്തിൽ പങ്കെടുത്താണ് നിക്ഷേപകരെ ലക്ഷ്യമിട്ട് ഏകജാലക സംവിധാനം ആരംഭിക്കുന്നതിനെ കുറിച്ച് മന്ത്രി വെളിപ്പെടുത്തിയത്. സൗദി സെന്റർ ഫോർ ഇക്കണോമിക് ആക്ടിവിറ്റീസ് എന്ന് പേരിട്ട ഏകജാലക സംവിധാനം വഴി നിക്ഷേപകർക്ക് ആവശ്യമായ എല്ലാവിധ നടപടിക്രമങ്ങളും പൂർത്തിയാക്കുന്നതിന് സാധിക്കും. വിവിധ നടപടിക്രമങ്ങൾക്ക് നിക്ഷേപകർക്ക് വ്യത്യസ്ത സർക്കാർ വകുപ്പുകളെ സമീപിക്കേണ്ട സാഹചര്യം ഇതിലൂടെ ഇല്ലാതാകും. 
ജിദ്ദയും റിയാദും അടക്കമുള്ള സൗദിയിലെ നഗരങ്ങൾ വലിയ വളർച്ച കൈവരിച്ചിട്ടുണ്ട്. നഗര വികസനം സുരക്ഷാ, സേവന കവറേജും പശ്ചാത്തല സൗകര്യങ്ങളും ആവശ്യപ്പെടുന്നു. ചെറുനഗരങ്ങളിലും സബ് ഗവർണറേറ്റുകളിലും മികച്ച നിക്ഷേപങ്ങൾ നടത്തുന്നത് വൻകിട നഗരങ്ങളിലേക്കുള്ള കുടിയേറ്റത്തിന് തടയിടും. പ്രദേശവാസികൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഓരോ പ്രവിശ്യയിലെയും പ്രദേശത്തെയും അനുകൂല ഘടകങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുമുള്ള ഓജസ്സുറ്റ മാതൃകയാണ് അൽഉലയിലെ പരീക്ഷണം. 
പഴയ നിയമങ്ങളുടെ പരിഷ്‌കരണം വലിയ വെല്ലുവിളിയാണ്. പുതിയ സാഹചര്യങ്ങളുമായി സമരസപ്പെട്ടു പോകുന്നതിന് രാജ്യത്തെ 500 ഓളം നിയമാവലികൾ പരിഷ്‌കരിക്കേണ്ടതുണ്ട്. സേവനങ്ങൾ നവീകരിക്കുന്നതിന് ലോകം അതിവേഗ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു വരികയാണ്. സമഗ്ര സാങ്കേതിക വിദ്യകൾ വഴി ഈ മാറ്റങ്ങളുമായി ഒത്തുപോകേണ്ടത് അനിവാര്യമാണ്. നിക്ഷേപകർ അടക്കമുള്ളവർ നേരിടുന്ന പ്രതിബന്ധങ്ങൾ ഇല്ലാതാക്കുന്നതിന് സർക്കാർ വകുപ്പുകൾ സംയോജനത്തോടെ പ്രവർത്തിക്കുകയാണ്. 
സൗദിയിൽ ഇപ്പോൾ പുതിയ കമ്പനികൾ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ 30 മിനിറ്റിനകം ഓൺലൈനായി പൂർത്തിയാക്കുന്നതിന് സാധിക്കും. വിനോദ, സാംസ്‌കാരിക മേഖലകളിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് വലിയ അവസരങ്ങളാണുള്ളത്. വികസന പ്രക്രിയക്ക് സഹായകമായ, രാജ്യത്തിന് ആവശ്യമായ മികച്ച വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയം പ്രവർത്തിച്ചു വരികയാണ്. ഓൺലൈൻ വ്യാപാരത്തിന് വാണിജ്യ, നിക്ഷേപ മന്ത്രാലയം വലിയ പ്രാധാന്യമാണ് കൽപിക്കുന്നത്.
പന്ത്രണ്ടു സർക്കാർ വകുപ്പുകളെയും മൂന്നു സ്വകാര്യ മേഖലാ പ്രതിനിധികളെയും ഉൾപ്പെടുത്തി ഓൺലൈൻ വ്യാപാര കൗൺസിൽ സ്ഥാപിച്ചിട്ടുണ്ട്. ലോജിസ്റ്റിക് സേവനങ്ങൾ, ഇ-പെയ്‌മെന്റ് പോംവഴികൾ, നിയമങ്ങൾ എന്നീ മേഖലകളിൽ 39 പദ്ധതികൾ നടപ്പാക്കുന്നതിന് കൗൺസിൽ ശ്രമിച്ചു വരികയാണ്. ബിനാമി ബിസിനസ് പ്രവണത രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന നിഴൽ സമ്പദ്‌വ്യവസ്ഥയാണ്. ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം ഈ രംഗത്തുള്ള പത്തു സർക്കാർ വകുപ്പുകളുടെ ശ്രമങ്ങൾ ഏകീകരിക്കുന്നതായും ഡോ.മാജിദ് അൽഖസബി പറഞ്ഞു. 

 

Tags

Latest News