Sorry, you need to enable JavaScript to visit this website.

അറബി മലയാളത്തിലും ചുവരെഴുത്ത് 

പാലക്കാട് വിളയൂർ കൂരാച്ചിപ്പടിയിൽ എം.ബി. രാജേഷിന് വോട്ട്  ചോദിച്ച് അറബി മലയാളത്തിലുള്ള ചുവരെഴുത്ത്


പാലക്കാട് - തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഭാഷ പ്രധാനമാണ്. തമിഴ്‌നാടിനോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ തമിഴും കാസർകോട് ജില്ലയിൽ കന്നടയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ചുവരെഴുത്തിലും മറ്റും ഉപയോഗിക്കുന്നത് സാധാരണമാണ്. ആളുകളുടെ ശ്രദ്ധയാകർഷിക്കാനും വ്യത്യസ്ത ഭാഷകളിലുള്ള ചുവരെഴുത്തിന് കഴിയും. 
പാലക്കാട് മണ്ഡലത്തിന്റെ പടിഞ്ഞാറേയറ്റമായ വിളയൂർ കൂരാച്ചിപ്പടിയിൽ എം.ബി. രാജേഷിന് വോട്ടു ചോദിച്ചുകൊണ്ട് നടത്തിയ ചുവരെഴുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ്. ഗൾഫിലെ ദീർഘകാല ജീവിതത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തിയ ആർട്ടിസ്റ്റ് കരുവാങ്കുഴി അഷ്‌റഫ് നാലു ഭാഷകളിലായി നടത്തിയ ചുവരെഴുത്ത് വഴിപോക്കരെ ഒരു നിമിഷമെങ്കിലും അവിടെ പിടിച്ചു നിർത്തും. മലയാളത്തിലും ഇംഗ്ലീഷിലും തമിഴിലും എഴുതിയതിനു പുറമെ അറബി മലയാളത്തിലും രാജേഷിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉള്ളതാണ് ചുവരെഴുത്ത്. ദുബായിൽ ജോലി ചെയ്യുമ്പോൾ 2010 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഫിഫ ലോകകപ്പിന്റെ ഡിസൈനറായി പങ്കെടുത്ത ആളാണ് ആർട്ടിസ്റ്റ് അഷ്‌റഫ്. 
പത്തൊമ്പത്, ഇരുപത് നൂറ്റാണ്ടുകളിൽ മലബാറിലെ മാപ്പിള സമൂഹം ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന അറബി മലയാളത്തിന് പ്രത്യേക ലിപിയൊന്നുമില്ല. മലയാള ഭാഷ അറബി അക്ഷരത്തിൽ എഴുതുന്നതെന്ന് ലഘുവായി പറയാം. അറബിക്കച്ചവടക്കാർ കേരളത്തിലെത്തിയപ്പോൾ നിവൃത്തിയില്ലാതെ മലയാളം പഠിച്ചതും അറബി അക്ഷരമാലയിൽ അത് എഴുതാൻ തുടങ്ങിയതും ആണ് അറബി മലയാളത്തിന്റെ തുടക്കമെന്ന് ഇതുമായി ബന്ധപ്പെട്ട് നടന്ന പഠനങ്ങളിൽ കാണുന്നു. പിൽക്കാലത്ത് മദ്രസകൾ വഴിയായിരുന്നു ഭാഷയുടെ പ്രചാരം. മലയാളം എഴുതാനും വായിക്കാനും പഠിക്കുന്നതിനു മുമ്പ് അറബി മലയാളം പഠിച്ച ഒരു തലമുറയും ഇവിടെ ഉണ്ടായിരുന്നു. കേരളത്തിലെ ആദ്യ സാക്ഷരതാ പ്രസ്ഥാനത്തിന്റെ ബ്രാന്റ് അംബാസഡറായ ചേലക്കോടൻ ആയിഷ താൻ മലയാളത്തിന് മുമ്പ് അഭ്യസിച്ചത് അറബി മലയാളം ആണെന്ന് പറഞ്ഞിട്ടുണ്ട്.
സംഗതി തെരഞ്ഞെടുപ്പ് ചുവരെഴുത്താണെങ്കിലും ഭാഷാ സംരക്ഷണ കുതുകികൾക്കിടയിൽ അറബി മലയാളം തനിമയോടെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച ചർച്ചകൾക്ക് തുടക്കമിടാൻ സംഭവത്തിന് കഴിഞ്ഞിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായ ശരീഫ് കക്കുഴി മാളിയേക്കൽ, അറബി മലയാളത്തിൽ ഗവേഷണം നടത്തുന്ന എൻ.കെ. ജമീൽ അഹമ്മദ് എന്നിവരടക്കം നിരവധി പ്രമുഖർ ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിൽ സജീവമാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള അറബി മലയാള ചുവരെഴുത്ത് സ്വാഭാവികമായും വിമർശനങ്ങളും ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. മലയാളം വായിക്കാനും എഴുതാനും അറിയാവുന്നവർ മാത്രമുള്ള നാട്ടിൽ ഒരു പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനാണ് ചുവരെഴുത്തിലൂടെ സി.പി.എം ശ്രമിക്കുന്നത് എന്നതാണ് പ്രധാന ആരോപണം.

 

 

Latest News