Sorry, you need to enable JavaScript to visit this website.

വോട്ട് തേടി കലക്ടർ ആഴക്കടലിൽ

വോട്ട് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ നടത്തിയ പരിപാടിയിൽ കണ്ണൂർ ജില്ലാ കലക്ടർ മീർ മുഹമ്മദാലി കടലിൽ നീന്തുന്നു.


കണ്ണൂർ-  ജനപ്രിയ കലക്ടർ മീർ മുഹമ്മദലിക്ക് മറ്റൊരു സാഹസിക യജ്ഞമായിരുന്നു ഇലക്ഷൻ രജിസ്‌ട്രേഷൻ പ്രചാരണവും. ആഴക്കടലിൽ രണ്ട് കിലോമീറ്ററോളം നീന്തിയാണ് കണ്ണൂർ പയ്യാമ്പലത്ത് കലക്ടർ പ്രചാരണ പരിപാടിക്ക് നേതൃത്വം നൽകിയത്. സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജുക്കേഷൻ ആന്റ് ഇലക്ഷൻ പാർട്ടിസിപേഷൻ (സ്വീപ്) എന്ന പരിപാടി കലക്ടറുടെ സാന്നിധ്യം കൊണ്ട് വൻ വിജയമായി. 
കണ്ണൂർ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ ചാൾസ് നീന്തൽ പരിശീലന കേന്ദ്രത്തിലെ നീന്തൽ വിദഗ്ധർക്കൊപ്പമാണ് ജില്ലാ കലക്ടർ രണ്ട് കിലോമീറ്ററോളം ദൂരെനിന്ന് കരയിലേക്ക് നീന്തി വന്നത്. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കുന്നതിനായി കണ്ണൂർ വിമാനത്താവളത്തിലേക്ക് സൈക്കിൾ സവാരി ചെയ്ത കലക്ടർ ഇത്തവണ വോട്ട് തേടിപ്പോയത് ആഴക്കടലിലേക്കാണ്. പ്ലാസ്റ്റിക്കിനെതിരായ മീർ മുഹമ്മദലിയുടെ പ്രചാരണവും വൻ വിജയമായിരുന്നു. 
തെരഞ്ഞെടുപ്പ് വിഭാഗം പരിപാടിയിൽ കലക്ടറുടെ നീന്തൽ മാത്രമല്ല ഒഴിവു ദിന ജനക്കൂട്ടത്തെ ആകർഷിച്ചത്. ഗായിക സയനോരയുടെ നേതൃത്തിൽ സംഗീത വിരുന്നുമുണ്ടായിരുന്നു. 
വോട്ട് ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കലും ഇലക്ഷൻ സംശയങ്ങൾ തീർക്കലുമായിരുന്നു പരിപാടിയുടെ ലക്ഷ്യം. ബംഗളൂരുവിൽനിന്ന് വിനോദ യാത്രക്കെത്തിയ ഒരു കൂട്ടം യുവതീയുവാക്കൾ സയനോരയുടെ പാട്ടിനൊപ്പിച്ച് നൃത്തം ചെയ്തത് ഒഴിവുദിന സായാഹ്നത്തെ ആഘോഷമാക്കി.

Latest News