Sorry, you need to enable JavaScript to visit this website.

റോക്കറ്റാക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്; ഇസ്രായില്‍ ഗാസയില്‍ തിരിച്ചടി തുടങ്ങി

തെല്‍അവീവ്- ഫലസ്തീന്‍ പ്രദേശമായ ഗാസയില്‍നിന്ന് തൊടുത്തതെന്ന് കരുതുന്ന റോക്കറ്റ് പതിച്ച് മധ്യ ഇസ്രായിലില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. തെല്‍അവീവില്‍നിന്ന് 20 കി.മീ വടക്ക് ബ്രട്ടീഷ്-ജൂത കുടുംബം താമസിക്കുന്ന വീട്ടിലാണ് റോക്കറ്റ് പതിച്ചത്. 2014 ല്‍ ഇസ്രായില്‍-ഫലസ്തീന്‍ സംഘര്‍ഷം രൂക്ഷമായ ശേഷം ആദ്യമായാണ് ഇസ്രായിലില്‍ ഇത്രയും അകത്തേക്ക് ഒരു ഫലസ്തീന്‍ റോക്കറ്റ് എത്തുന്നത്. എന്നാല്‍ റോക്കറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ശക്തമായ പ്രത്യാക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയ ശേഷം അമേരിക്കയിലേക്ക് പോയ പ്രധാനമന്ത്രി ബെന്‍യാമിന്‍ നെതന്യാഹു ആക്രമണത്തിന് പ്രസിഡന്റ് ട്രംപിന്റെ അംഗീകാരം വാങ്ങി.
വടക്കന്‍ ഗാസയിലെ ഹമാസ് കേന്ദ്രങ്ങള്‍ക്കുനേരെ ഇസ്രായില്‍ പോര്‍വിമാനങ്ങള്‍ ആക്രമണം ആരംഭിച്ചതായി ഫലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗാസയില്‍ ആരംഭിച്ച ആക്രമണത്തെ പിന്തുണക്കുന്നതായി അറിയിച്ച ട്രംപ് ജൂലാന്‍ കുന്നുകള്‍ അംഗീകരിക്കുന്ന കരാറില്‍ ഒപ്പുവെക്കുമെന്നും പറഞ്ഞു.
ഗാസ നിയന്ത്രിക്കുന്ന ഹമാസാണ് റോക്കറ്റാക്രമണത്തിനു പിന്നിലെന്ന് ഇസ്രായില്‍ സൈന്യം ആരോപിച്ചു. എന്നാല്‍ തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ താല്‍പര്യമില്ലെന്ന് ഹമാസ് വൃത്തങ്ങള്‍ പ്രതികരിച്ചു.
ഒന്നരയാഴ്ച മുമ്പ് തെല്‍അവീവ് ലക്ഷ്യമിട്ട് രണ്ട് റോക്കറ്റാക്രമണങ്ങള്‍ നടന്നിരുന്നുവെങ്കിലും ആര്‍ക്കും പരിക്കേറ്റിരുന്നില്ല. തുടര്‍ന്ന് ഗാസയില്‍ വന്‍തോതിലുള്ള വ്യാമാക്രമണമാണ് ഇസ്രായില്‍ നടത്തിയത്. നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഈ റോക്കറ്റുകള്‍ അബദ്ധത്തില്‍ തൊടുത്തതാണെന്ന്് പിന്നീട് ഇസ്രായിലും ഹമാസും അറിയിച്ചിരുന്നു.
തെക്കന്‍ ഗാസയിലെ റഫയില്‍നിന്നാണ് തിങ്കളാഴ്ച റോക്കറ്റ് തൊടുത്തതെന്ന് ഇസ്രായില്‍ പ്രതിരോധ സേന അവകാശപ്പെട്ടു. വീടിനു തീപ്പിടിക്കുകയും കാര്യമായ കേടുപാട് സംഭവിക്കുകയുംചെയ്തു.

 

Latest News