Sorry, you need to enable JavaScript to visit this website.

മോഡിയും അമിത് ഷായും ഗുജറാത്തി ഗുണ്ടകളെന്ന് ബിജെപി നേതാവ്; പാര്‍ട്ടി പുറത്താക്കി

ലഖ്‌നൗ- പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബിജെപി അധ്യക്ഷനേയും ഗുജറാത്തി ഗുണ്ടകളെന്നു വിശേഷിപ്പിച്ച യുപിയിലെ മുതിര്‍ന്ന ബിജെപി നേതാവിനെ പാര്‍ട്ടി പുറത്താക്കി. നിരവധി ട്വീറ്റുകളിലൂടെയാണ് മുന്‍ ബിജെപി വക്താവായ ഐപി സിങ് മോഡിക്കും അമിത് ഷായ്ക്കുമെതിരെ ആഞ്ഞടിച്ചത്. അഞ്ചു വര്‍ഷമായി ഗുജറാത്തി ഗുണ്ടകള്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും ബിജെപി തെരഞ്ഞെടുത്തത് പ്രധാന മന്ത്രിയെ ആണോ അതോ പ്രചാര മന്ത്രിയെ ആണോ എന്നും സിങ് ചോദിച്ചു. ബിജെപി നേതൃത്വത്തെ കണക്കറ്റു വിമര്‍ശിച്ച സിങ് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ പിന്തുണയ്ക്കുകയും ചെയ്തു. അസംഗഢിലെ അഖിലേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്താങ്ങിയ സിങ് അസംഗഢിലെ തന്റെ വീട് തെരഞ്ഞെടുപ്പു ഓഫീസായി അഖിലേഷ് വിട്ടു കൊടുക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

'മര്യാദക്കാരായ ക്ഷത്രിയ കുടുംബമാണ് എന്റേത്. രണ്ടു ഗുജറാത്തി ഗുണ്ടകള്‍ ഹിന്ദി ഹൃദയഭൂമി പിടിച്ചടക്കി കഴിഞ്ഞ അഞ്ചു വര്‍ഷമായി ഹിന്ദി പറയുന്ന ആളുകളെ വിഡ്ഢികളാക്കിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ നാം നിശബ്ദാരായിരുന്നു,' ഒരു ട്വീറ്റില്‍ ഐപി സിങ്  മോഡിയേയും ഷായേയും ഉന്നം വച്ച് ആഞ്ഞടിച്ചു. നാം തെരഞ്ഞെടുത്തത് പ്രധാന മന്ത്രിയെ ആണോ അതോ പ്രചാര മന്ത്രിയെയോ? രാജ്യത്തിന്റെ പ്രധാനമന്ത്രി ടി ഷര്‍ട്ടിന്റേയും ചായ കപ്പിന്റേയും വില്‍പ്പനക്കാരനെ പോലെ തോന്നക്കുന്നില്ലെ? സിങ് ചോദിച്ചു. ബിജെപി അതിന്റെ പ്രത്യയശാസ്ത്രത്തിലൂടെ ജനങ്ങളുടെ ഹൃദയത്തില്‍ ഇടം നേടിയ പാര്‍ട്ടിയാണ്. മിസ് കോളുകളിലൂടെയും ടി ഷര്‍ട്ടുകളിലൂടെയും അണികളെ സൃഷ്ടിക്കല്‍ അസാധ്യമാണെന്നും സിങ് പറഞ്ഞു. 

രൂക്ഷ വിമര്‍ശനം ഉന്നയിച്ച സിങിനെ ബിജെപി ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ക്ഷമിക്കണം മോഡിജി... കണ്ണുമൂടിക്കെട്ടി എനിക്ക് താങ്കളുടെ ചൗക്കിദാറായി ജോലി ചെയ്യാന്‍ കഴിഞ്ഞില്ല- എന്നായിരുന്നു പുറത്താക്കിയ നടപടിയോട് സിങിന്റെ പ്രതികരണം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഖ്‌നൗവില്‍ രാജ്‌നാഥ് സിങിനു പകരം തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം സിങ് അമിത് ഷായ്ക്ക് കത്തെഴുതിയിരുന്നതായും റിപോര്‍ട്ടുണ്ടായിരുന്നു.
 

Latest News