Wednesday , July   24, 2019
Wednesday , July   24, 2019

ആവേശത്തിരയിളക്കി സല്‍മാന്‍ ഖാന്‍; സൗദിയിലെ മാറ്റങ്ങള്‍ മഹത്തരം

ദമാം- പ്രവാസി സമൂഹത്തില്‍ ആവേശത്തിരയിളക്കി ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ ദമാമില്‍. ബാല്യവും കൗമാരവും സിനിമാ അനുഭവവും തമാശയിലൂടെ പൊതുസമൂഹവുമായി പങ്കുവെച്ച താരം സദസ്യരെ ഒന്നടങ്കം കയ്യിലെടുത്തു. ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ വൈരമല്ല, സൗഹാര്‍ദമാണ് വേണ്ടതെന്നും ബോളിവുഡ് സൂപ്പര്‍ താരം അഭിപ്രായപ്പെട്ടു. സൗദി അറേബ്യന്‍ കള്‍ച്ചറല്‍ ആര്‍ട്‌സ് അസോസിയേഷനും കിംഗ് അബ്ദുല്‍ അസീസ് സെന്റര്‍ ഫോര്‍ വേള്‍ഡ് കള്‍ച്ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവത്തില്‍ വിശിഷ്ടാതിഥിയായി സംബന്ധിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് ഏറെ ആരാധകരുള്ള സൗദിയിലെത്താന്‍ ഭാഗ്യം ലഭിച്ചതില്‍ ഏറെ സന്തുഷ്ടനാണ്. ദമാം എയര്‍പോര്‍ട്ടില്‍ ഇറങ്ങിയത് മുതല്‍ നൂറു കണക്കിന് ആളുകളുടെ സ്വീകരണവും ആവേശവും തന്നെ ഏറെ സന്തോഷിപ്പിക്കുന്നതായും താരം പറഞ്ഞു. ലക്ഷക്കണക്കിന് വിദേശികള്‍ക്ക് അന്നം നല്‍കുന്ന ഈ പുണ്യഭൂമിയിലെ സാമൂഹികമായ മാറ്റങ്ങള്‍ തന്നെ പോലുള്ളവര്‍ക്കുള്ള വാതായനങ്ങള്‍ തുറന്നിട്ടിരിക്കുകയാണ്. ഭാവിയില്‍ ഏറെ പ്രശസ്തരായ ആളുകള്‍ക്ക് ഇവിടെയെത്തി നിങ്ങളെ കാണുന്നതിനുള്ള അവസരങ്ങള്‍ ലഭിക്കുമെന്നത് മഹത്തരമാണ്. ഇത്രയുമധികം വിശാല മനസ്‌കരായ ഭരണാധികാരികള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായും സല്‍മാന്‍ ഖാന്‍ പറഞ്ഞു. തന്റെ യൗവന കാലത്ത് മാതാപിതാക്കള്‍ക്ക് ഏറെ പ്രയാസങ്ങള്‍ ഉണ്ടാക്കിയതായും തന്നെ കുറിച്ച് അവര്‍ക്ക് ഏറെ പ്രതീക്ഷ ഉണ്ടായിരുന്നതായും അദ്ദേഹം അനുസ്മരിച്ചു. സന്‍ജീര്‍, ഷോലെ തുടങ്ങി നിരവധി സിനിമകള്‍ക്ക് സ്‌ക്രിപ്റ്റ് എഴുതിയ തന്റെ പിതാവ് തന്നെ രക്ഷപ്പെടുത്തുന്നതിനു വേണ്ടി മാത്രം ഒരു രചന നിര്‍വഹിച്ചു. പക്ഷേ, ആ ശ്രമം വിജയിക്കാതെ പോയി. പിതാവ് എന്നോടിത് ചെയ്യേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നിയെന്നും തമാശ രൂപേണ സദസ്യരുടെ കയ്യടിക്കിടയില്‍ താരം പറഞ്ഞു. ചെറുപ്രായത്തില്‍ സിനിമാ മോഹമൊന്നും ഉണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും പത്തു ലക്ഷം രൂപയുണ്ടാക്കി അതില്‍ നിന്നുള്ള വരുമാനം കൊണ്ട് ജീവിക്കണമെന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ താന്‍ എല്ലാം നേടിയെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു. സിനിമയില്‍ അനുകരിക്കുന്നതിന് റോള്‍ മോഡലും ഹീറോയും പിതാവായിരുന്നു. എങ്കിലും തന്റെ ഹീറോ അമ്മയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. 1988 ല്‍
ആദ്യം അവസരം നല്‍കിയ നിര്‍മാതാവിനോട് തന്റെ കഥാപാത്രത്തെ കുറിച്ച് പരാതി പറഞ്ഞപ്പോള്‍ അന്നത്തെ പ്രധാന നടന്മാര്‍ക്ക് ഡേറ്റ് ഇല്ലാത്തതിനാലാണ് തന്നെ അഭിനയിപ്പിച്ചതെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. നിങ്ങളില്ലെങ്കിലും ഉദ്യമത്തില്‍നിന്ന് പിന്മാറില്ലെന്നും ഏത് വിഡ്ഢി സമീപിച്ചാലും അവസരം നല്‍കുമെന്നുമാണ് പ്രധാന നടന്മാരോട് താന്‍ മറുപടി നല്‍കിയതെന്ന് കൂടി നിര്‍മാതാവ് വെളിപ്പെടുത്തിയത് താരം പൊട്ടിച്ചിരിച്ചുകൊണ്ട് അനുസ്മരിച്ചു. 'ബീവി ഹോ തോ ഐ സി' എന്ന പേരിലുള്ള ആ സിനിമയില്‍ ഒരു രംഗം കൂട്ടിച്ചേര്‍ക്കാന്‍ പിതാവ് നിര്‍മാതാവിനോട് അപേക്ഷിച്ചെങ്കിലും അതും നിരസിക്കപ്പെട്ടു. എന്നാലും പിതാവ് അനുഗ്രഹിച്ചത് പോലെ താന്‍ സുരക്ഷിതമായ കരങ്ങളിലെത്തി. മേനെ പ്യാര്‍ കിയാ എന്ന സിനിമയിലൂടെയാണ് തന്റെ വിജയഗാഥ തുടങ്ങിയതെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു.
പുണ്യ ഭൂമിയായ സൗദി അറേബ്യ മനോഹരമാണ്. പ്രവാസികളായ നിങ്ങള്‍ നിങ്ങളുടെ അധ്വാനവും സ്‌നേഹവും ഇവിടെ നല്‍കി സമ്പാദിച്ചതിലൂടെ നിങ്ങളുടെ കുടുംബത്തെയും നാടിനെയും സമ്പുഷ്ടമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഒരുപക്ഷേ നിങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ജോലി ലഭിക്കാമെങ്കിലും നിങ്ങള്‍ ഈ രാജ്യം വിട്ടു പോകാത്തത് ഈ നാടിനോടുള്ള അടുപ്പം കൊണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിതാവിന്റെ പിന്തുണ കൊണ്ട് സിനിമയില്‍ എല്ലാ രംഗങ്ങളിലും തിളങ്ങാന്‍ സാധിച്ചു. നിര്‍മാണ രംഗത്തേക്ക് പ്രവേശിച്ചപ്പോള്‍ ആദ്യ സിനിമ തന്നെ വമ്പിച്ച വിജയം കൈവരിച്ചു. സല്‍മാന്‍ ഖാന്‍ ഫിലിംസ് പ്രൊഡക്ഷന്‍ എന്ന കമ്പനി ഇതുവരെ 30 സിനിമകള്‍ പുറത്തിറക്കി. ഇതിന് പുറമെ, 80 സിനിമകള്‍ താരം നിര്‍മിച്ചു.
ഹോബി എന്താണോ അത് പ്രൊഫഷനാക്കി മുന്നോട്ടു പോയാല്‍ അത് വിജയത്തിലെത്തുമെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു.
തിയേറ്ററില്‍ പോയി സിനിമ കാണുന്നവരാണ് യഥാര്‍ഥ ഫാന്‍സ് എന്നും അവരാണ് അഭിനന്ദനം അര്‍ഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യാജ ഡി.വി.ഡിയിലൂടെയും മറ്റും സിനിമ കാണുന്നവര്‍ ഷാരൂഖ്ഖാന്റെ ഫാന്‍സ് ആയിരിക്കുമെന്ന് പൊട്ടിച്ചിരിച്ച് താരം പറഞ്ഞപ്പോള്‍ സദസ്സ് ഹര്‍ഷാരവം മുഴക്കി.  
സ്വദേശികളും വിദേശികളുമായ ചലച്ചിത്ര പ്രവര്‍ത്തകരും കലാ സാഹിത്യ രംഗത്തെ പ്രമുഖരും മാധ്യമ പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു. അവതാരകയായ റയ അബു റഷാദ് സദസ്സുമായി സംവദിക്കുന്നതിന് സഹായിച്ചു.
മുംബൈ കേന്ദ്രീകരിച്ച് 2007 ല്‍ ബീയിംഗ് ഹ്യൂമന്‍ എന്ന പേരില്‍ താന്‍ തുടങ്ങിയ ചാരിറ്റി ഫൗണ്ടേഷന്‍ ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് നിര്‍ധനരായ അനേകം പേര്‍ക്ക് സേവനം നല്‍കിവരുന്നുണ്ടെന്നും സല്‍മാന്‍ ഖാന്‍ വെളിപ്പെടുത്തി.  
ദഹ്‌റാന്‍ സാംസ്‌കാരിക കേന്ദ്രമായ ഇത്‌റയില്‍ സംഘടിപ്പിച്ച ചലച്ചിത്രോത്സവത്തിന്റെ നാലാം ദിവസമായ ഇന്നലെ വിശിഷ്ടാതിഥിയായി എത്തിയ സൂപ്പര്‍ താരത്തെ സ്വീകരിക്കാന്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതര ജി.സി.സി രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍ എത്തിയിരുന്നു. ഇത്‌റയിലെ തിയേറ്ററില്‍ ഒരുക്കിയ പരിപാടി ഓണ്‍ലൈന്‍ മുഖേന ബുക്ക് ചെയ്താണ് പ്രവേശനം നിയന്ത്രിച്ചത്. ഓണ്‍ലൈന്‍ മുഖേന എന്‍ട്രി തുടങ്ങി മിനിറ്റുകള്‍ക്കകം തന്നെ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നിരുന്നു. സ്വദേശികളായിരുന്നു ഏറെയും ടിക്കറ്റ് എടുത്തത്. പലരും അറിഞ്ഞു വന്നപ്പോഴേക്കും ടിക്കറ്റ് തീര്‍ന്നു പോയിരുന്നു. ഇന്ത്യന്‍ സിനിമയിലെ അതികായനെ കാണുവാന്‍ നൂറു കണക്കിന് ആളുകള്‍ ഇത്‌റയിലേക്ക് തള്ളിക്കയറിയപ്പോള്‍ സംഘാടകര്‍ ഏറെ പണിപ്പെട്ടാണ് തിരക്ക് നിയന്ത്രിച്ചത്. സല്‍മാന്‍ ഖാനുമായി സംവദിക്കാന്‍ കഴിയാതെ നൂറുകണക്കിന് ഇന്ത്യക്കാരടക്കം വിദേശികളും നിരാശയിലായിരുന്നു. ഇന്നലെ രാവിലെ ഒമ്പതു മണിക്ക് ദമാം വിമാനത്താവളത്തില്‍ പരിശീലനം സിദ്ധിച്ച സൗദി അറാംകോ സെക്യൂരിറ്റി വിഭാഗം വി.വി.ഐ.പി കവാടത്തിലൂടെ പുറത്തിറക്കിയ താരത്തെ ഒരു നോക്ക് കാണാന്‍ സ്വദേശികളും വിദേശികളുമടങ്ങുന്ന വന്‍ ജനാവലി കാത്തു നിന്നിരുന്നു. രാത്രി 10 മണിക്ക് തന്നെ സല്‍മാന്‍ ഖാന്‍ എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായിലേക്ക് മടങ്ങി.  

 

 

Latest News